തുടര്‍ച്ചയായ രണ്ടാം ദിവസവും 94,000ന് മുകളില്‍ കോവിഡ് രോഗമുക്തര്‍; രോഗമുക്തി നിരക്ക് 80 ശതമാനത്തിലേക്ക്, രോഗം ഭേദമായവരില്‍ 60 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 20, 2020

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും 94,000ന് മുകളില്‍ കോവിഡ് രോഗമുക്തര്‍. ഇന്ന് 94,612 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ, മൊത്തം രോഗമുക്തരുടെ എണ്ണം 43ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 79.68 ശതമാനമായി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതര്‍ 54 ലക്ഷം കടന്നു.

രോഗമുക്തരില്‍ 60 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗമുക്തര്‍. മഹാരാഷ്ട്രയില്‍ പുതുതായി 23000 പേരാണ് രോഗമുക്തി നേടിയത്. കര്‍ണാടകയിലും ആന്ധ്രയിലും ഇത് 10000ന് മുകളില്‍ വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകളില്‍ അധികവും ഈ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയാണ്. ഇത് 50 ശതമാനത്തിന് മുകളില്‍ വരുമെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

×