കൊവിഡ് ബാധിച്ചവരില്‍ രോഗപ്രതിരോധ ശേഷി അഞ്ച് മാസം നിലനില്‍ക്കുമെന്ന് പഠനം

ഹെല്‍ത്ത് ഡസ്ക്
Friday, October 16, 2020

വാഷിംഗ്ടണ്‍ :കൊവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവരില്‍ ആന്റിബോഡി അഞ്ച് മാസം വരെ നിലനില്‍ക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. കൊറോണവൈറസ് ബാധിച്ച 6,000 ആളുകളില്‍ നിന്ന് ശേഖരിച്ച ആന്റിബോഡി സാമ്പിളുകള്‍ പഠനവിധേയമാക്കിയശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

അരിസോണ സര് വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഇന്ത്യന്‍ വംശജനുമായ ദീപ്തി ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. സാര്‍സ് കോവ് 2 അണുബാധയ്ക്ക് ശേഷം അഞ്ച് മുതല്‍ ഏഴ് മാസം വരെ ഉയര്‍ന്ന ഗുണമേന്മയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി ഗവേഷണത്തില്‍ വ്യക്തമായന്നെ് അദ്ദേഹം പറഞ്ഞു. ഇമ്മ്യൂണല്‍ എന്ന ജേണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് 19 രോഗം മാറിയ ശേഷം വീണ്ടും രോഗബാധിതനാകുന്ന സംഭവങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎസില്‍ രോഗമുക്തി നേടിയ യുവാവിന് 48 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.

വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ഹ്രസ്വകാല പ്ലാസ്മ സെല്ലുകള്‍ രൂപപ്പെടും. അണുബാധയുണ്ടായി 14 ദിവസത്തിനുള്ളില്‍ നടത്തുന്ന രക്ത പരിശോധനയില്‍ ഇത് കണ്ടെത്താം.

പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തില്‍ ദീര്‍ഘകാല പ്ലാസ്മാ കോശങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പ്രദാനം ചെയ്യുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതായി പഠനത്തില്‍ പറയുന്നു.

×