രാജ്യത്ത് കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ; ഏഴു കോടി ഡോസ് തയ്യാറാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഹെല്‍ത്ത് ഡസ്ക്
Saturday, October 17, 2020

ഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന്  സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് പറഞ്ഞു.

രണ്ടെണ്ണം മൂന്നാം ഘട്ട ഹ്യൂമന്‍ ട്രയലിലും ഒരെണ്ണം രണ്ടാംഘട്ട ട്രയലിലുമാണ്. നിരവധി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലോകത്താകെ 40 കമ്പനികളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാര്‍ച്ചിനു മുമ്പ് ഏഴു കോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതിയെന്നും സുരേഷ് ജാദവ് പറഞ്ഞു.

ലോകത്ത് 2021 രണ്ടാം പാദത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്റെ അന്തിമ പരീക്ഷണ ഫലങ്ങള്‍ ലഭ്യമാകും. 2021 രണ്ടാംപാദത്തില്‍ കോവിഡിനെതിരായ രണ്ടാം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നുമാണ് ഡോ. സൗമ്യ വെളിപ്പെടുത്തിയത്.

×