റിയാദ് : കാസര്‍ഗോഡ് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55) അല്‍ ഖര്‍ജിലും, മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങൽ അബ്ദുൽ അസീസ് (43) ദമാമിലും , കൊല്ലം കണ്ണനല്ലൂർ ഷാനവാസ് മൊയ്തീൻ കുഞ്ഞ് എന്ന സനോവർ (50), കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ (67) എന്നിവര്‍ റിയാദിലും കോവിഡ് ബാധിച്ച് മരണപെട്ടു. ഇതോടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നാല് മലയാളികളാണ് കൊറോണ വൈറസ് ബാധിച്ച് നിര്യാതരായി. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരണപെട്ട മലയാളികളുടെ എണ്ണം 92 ആയി.
അബ്ബാസ് അബ്ദുള്ള / ഷാനവാസ് മൊയ്തീൻ കുഞ്ഞ് / അബ്ദുൽ അസീസ്/ ഇഖ്ബാൽ റാവുത്തർ നിരപ്പേൽ
അബ്ബാസ് അബ്ദുള്ള അല്‍ഖര്‍ജിലെ റെസ്റ്റോറന്റിലെ ജീവനക്കാരന്‍ ആയിരുന്നു. അബ്ദുള്ള ഹാജി, ആയിഷ ദമ്പതികളുടെ മകനാണ്. ദൈനാബി ആണ് ഭാര്യ. ശബീബ, ഷഹല, ഷാബു മക്കളാണ്. അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.
റിയാദില്‍ മരിച്ച ഷാനവാസ് മൊയ്തീൻ കുഞ്ഞ് എന്ന സനോവർ കോവിഡ് ബാധിച്ച് പത്ത് ദിവസമായി റിയാദിലെ അൽഹമ്മാദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഭാര്യ: സാജിദ. മക്കൾ: ഫാത്തിമ, സഫ്‌ന
ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ സഹോദരൻ ഹബീബ് ഷാനവാസ്, ബന്ധുക്കളും നാട്ടുകാരുമായ നവാസ് ഖാൻ, നാസറുദ്ദീൻ എന്നിവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, റാഫി കൂട്ടായി, അലക്‌സ് കൊട്ടാരക്കര (ഒ.ഐ.സി.സി) എന്നിവർ രംഗത്തുണ്ട്.
ദമാമിലെ ഖത്തീഫിൽ മരിച്ച അബ്ദുൽ അസീസ് കോവിഡ് ബാധിച്ചു കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരാഴ്ച മുൻപേ ഖതീഫ് അൽ സഹ്‌റ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു.
പിതാവ്: അലവി. മാതാവ്: ബീയിക്കുട്ടി . ഭാര്യ: സുഹ്‌റ. മക്കൾ: മുർഷിദ , മുഫീദ , മുഹമ്മദ് റയാൻ. ഖതീഫ് കെ.എം.സി.സി ചെയര്മാൻ മുഹമ്മദലിയുടെ സഹോദരനാണ്. ഖതീഫ് അൽ സഹ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ എം സി സി നേതാക്കളായ സി പി ശരീഫ്, ഹംസ ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
റിയാദില്‍ ഇന്ന് രാവിലെ മരിച്ച കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി കിംങ്ങ് ഫഹദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അദ്ദേഹം സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐ.എസ്. ഒ സ്പെഷ്യലിസ്റ്റായിരുന്നു.
ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കൾ ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്) മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങല്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഭാരവാഹികള്‍ രംഗത്തുണ്ട്