എനിക്ക് ശ്വസിക്കാൻ സാധിക്കുന്നില്ല…ഞാൻ കേണപേക്ഷിച്ചിട്ടും എനിക്ക് കഴിഞ്ഞ മൂന്ന് മണിക്കൂറായി ഓക്‌സിജൻ നൽകുന്നില്ല…; എന്റെ ഹൃദയം നിന്ന് പോകുന്നതുപോലെ തോന്നുന്നു…ബൈ ഡാഡി,എല്ലാവരോടും ബൈ; ഹൈദരാബാദിലെ സർക്കാർ ആശുപത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടി കൊവിഡ് ബാധിതന്റെ അവസാന സന്ദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 29, 2020

ഹൈദരാബാദ്‌ : ഹൈദരാബാദിലെ സർക്കാർ ആശുപത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടി കൊവിഡ് ബാധിതന്റെ അവസാന സന്ദേശം. കഴിഞ്ഞ മൂന്ന് മണിക്കൂറായി തനിക്ക് ഓക്‌സിജൻ നൽകുന്നില്ലെന്നും താൻ മരിക്കുകയാണെന്നും പറഞ്ഞുകൊണ്ട് 34 കാരൻ സ്വന്തം അച്ഛനയച്ച വീഡിയോ സന്ദേശമാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ തുറന്നുകാട്ടി പുറത്തുവന്നിരിക്കുന്നത്.

വീഡിയോയിൽ പറയുന്നതിങ്ങനെ :’

എനിക്ക് ശ്വസിക്കാൻ സാധിക്കുന്നില്ല…ഞാൻ കേണപേക്ഷിച്ചിട്ടും എനിക്ക് കഴിഞ്ഞ മൂന്ന് മണിക്കൂറായി ഓക്‌സിജൻ നൽകുന്നില്ല…എന്റെ ഹൃദയം നിന്ന് പോകുന്നതുപോലെ തോന്നുന്നു….ബൈ ഡാഡി. എല്ലാവരോടും ബൈ.’

ആശുപത്രിയിൽ രോഗികൾ അനുഭവിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടി നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ സന്ദേശമയച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷം തന്നെ യുവാവ് മരണത്തിന് കീഴടങ്ങി. മകന്റെ അന്ത്യ കർമങ്ങൾക്ക് ശേഷമാണ് മകനയച്ച വാട്ട്‌സ് ആപ്പ് സന്ദേശം കാണുന്നതെന്ന് അച്ഛൻ എൻഡിടിവിയോട് പ്രതികരിച്ചു. തന്റെ മകന് സംഭവിച്ചത് മറ്റൊരാൾക്കും സംഭവിക്കരുതെന്നും എന്തിനാണ് മകന് ഓക്‌സിജൻ നിഷേധിച്ചതെന്നും അച്ഛൻ ചോദിക്കുന്നു. ഓരോ തവണ ആ വീഡിയോ കാണുമ്പോഴും തന്റെ ഹൃദയം നുറുങ്ങുകയാണെന്നും പിതാവ് പറഞ്ഞു.

വളരെ വൈകിയാണ് യുവാവിന് കൊവിഡ് ബാധയുണ്ടെന്ന കാര്യം ആശുപത്രി അധികൃതർ കുടുംബത്തോട് പറയുന്നത്. കുടുംബാംഗങ്ങളെല്ലാം യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരാണെന്നും ഇവരുടെയൊന്നും സാമ്പിൾ പരിശോധിക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ലെന്നും മരിച്ച യുവാവിന്റെ പതാവ് പറഞ്ഞു.

×