പൊലീസ് ആക്ട് ഭേദഗതി; ക്രിയാത്മകമായ എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, November 23, 2020

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊലീസ് ആക്ട് ഭേദഗതിയില്‍ ക്രിയാത്മകമായ എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചത്.

പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്. പൊലീസ് നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനോ എതിരാകില്ലെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രതിപക്ഷ കക്ഷികള്‍ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞിരുന്നു.

×