Advertisment

സി ദിവാകരനും മുല്ലക്കരയ്ക്കും ഇക്കുറി സീറ്റില്ല ! പീരുമേട്ടില്‍ ബിജിമോളും പുറത്ത്. മന്ത്രിമാരായ സുനില്‍കുമാറിനും ചന്ദ്രശേഖരനും വീണ്ടും സീറ്റ് നല്‍കുന്നതിലും അവ്യക്തത. രണ്ടും മൂന്നും തവണ എംഎല്‍എമാരായവര്‍ മത്സരിക്കേണ്ടെന്ന് സിപിഐ തീരുമാനിച്ചാല്‍ ഇക്കുറി പുറത്താകുക 12 നേതാക്കള്‍. ജോസ് കെ മാണി വന്നതോടെ കൈവിട്ടുപോകാനിടയുള്ള കാഞ്ഞിരപ്പള്ളിയിലും ഇരിക്കൂറിലും മത്സരിക്കാനിരുന്ന നേതാക്കളും നിരാശര്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു തവണ കാലാവധി പൂര്‍ത്തിയാക്കിയവരെ മാറ്റി നിര്‍ത്താന്‍ സിപിഐയില്‍ ധാരണയെന്ന് സൂചന.

ഇതോടെ സി ദിവാകരനും മുല്ലക്കര രത്‌നാകരനും ഇഎസ് ബിജിമോളുമടക്കം ആറു പേര്‍ക്ക് ഇക്കുറി സീറ്റുണ്ടാകില്ല. കൂടാതെ രണ്ടുതവണ എംഎല്‍എമാരായ ആറു പേരുടെ കാര്യത്തിലും ചില പുനര്‍ചിന്തകളുണ്ടാകും.

രണ്ടു തവണ എംഎല്‍എമാരായവരെ മത്സരരംഗത്തുനിന്നും മാറ്റി നിര്‍ത്തുന്ന പതിവ് സിപിഐക്ക് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ തവണ വൈക്കം എംഎല്‍എയായിരുന്ന കെ അജിത്ത് ഒഴികെയുള്ള ആറു പേരെ മൂന്നാം തവണയും മത്സരിക്കാന്‍ പാര്‍ട്ടി നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു.

മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം),പി തിലോത്തമന്‍ (ചേര്‍ത്തല), ഇഎസ് ബിജിമോള്‍ (പീരുമേട്), കെ. രാജു (പുനലൂര്‍), സി ദിവാകരന്‍ (നെടുമങ്ങാട്), വിഎസ് സുനില്‍കുമാര്‍ (തൃശൂര്‍) എന്നിവര്‍ക്കാണ് ഇളവ് ലഭിച്ചത്.

പക്ഷേ മത്സരിച്ച് വിജയിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനെയും മുല്ലക്കരയെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇതില്‍ ഇരുവരും പ്രകോപിതരായിരുന്നു. പക്ഷേ ഇക്കുറി ഇരുവര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ള ധാരണ.

publive-image

പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്കും ഇക്കുറി സീറ്റുണ്ടാകില്ല. പി രാജുവിനും വിഎസ് സുനില്‍കുമാറിനും ഇളവു കിട്ടാന്‍ ഇടയുണ്ട്. തിലോത്തമന്റെ കാര്യത്തില്‍ ഇളവുണ്ടാകുമോയെന്ന കാര്യത്തിലും സംശയമുണ്ട്.

രണ്ടു തവണ പൂര്‍ത്തിയാക്കിയ മന്ത്രി ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്ട്), വി ശശി (ചിറയിന്‍കീഴ്), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഗീതാ ഗോപി (നാട്ടിക), ജിഎസ് ജയലാല്‍ (ചാത്തന്നൂര്‍), ഇകെ വിജയന്‍ (നാദാപുരം) എന്നിവരും വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തില്‍ നിര്‍വാഹക സമിതിയാകും തീരുമാനമെടുക്കുക.

വൈക്കത്ത് സികെ ആശ, ഒല്ലൂരില്‍ കെ രാജന്‍, കൊടുങ്ങല്ലൂരില്‍ വിആര്‍ സുനില്‍കുമാര്‍, മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാം, കൈപ്പമംഗലത്ത് ടൈറ്റസ് മാസ്റ്റര്‍ എന്നിവര്‍ ഒരിക്കല്‍കൂടി മത്സരിക്കും. പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍, കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രനും വീണ്ടും സീറ്റുറപ്പിച്ചിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം വരുന്നതോടെ സീറ്റ് നഷ്ടപ്പെടാനിടയുള്ള കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍, മണ്ണാര്‍ക്കാട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളാകാനിരുന്നവര്‍ നിരാശയിലാണ്.

cpm seats
Advertisment