ജോസിനെ ഇറക്കിവിട്ടതിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ ജോസഫിന്‍റെ സൈബര്‍ പോരാളികളുടെ ‘താക്കീത്’ ? പണ്ട് വിമാനത്തില്‍ നടത്തിയ കോപ്രായങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പോരാളികളുടെ മറുപടി ! കോണ്‍ഗ്രസ് – ജോസഫ് സൈബര്‍ പോരിങ്ങനെ…

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, October 17, 2020

ഇടുക്കി: ജോസ് കെ മാണിയെ മുന്നണിക്ക് പുറത്തിറക്കിവിട്ടത് തെറ്റായ തീരുമാനമായിരുന്നെന്ന് പറഞ്ഞ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനെതിരെ സൈബര്‍ ആക്രമണവുമായി കേരളാ കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തിന്‍റെ സൈബര്‍ പോരാളികള്‍.

കേരളത്തില്‍ കിംങ്ങ് മേക്കറായിരുന്ന സ്വന്തം പിതാവിനെ ഇടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒന്നുമല്ലാതാക്കി…, കോണ്‍ഗ്രസിന്‍റെ സമുന്നതരായിരുന്ന മുപ്പതോളം നേതാക്കളെ ബലിയാടാക്കിയവന്‍… എന്നു തുടങ്ങി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം. ആദര്‍ശം ഇനി ഒരിക്കല്‍ക്കൂടി വിളമ്പിയാല്‍ കാണിച്ചുതരാം… എന്ന ഭീഷണിയുമുണ്ട്.

യുഡിഎഫില്‍ പറയാനുള്ളത് യുഡിഎഫ് വേദികളില്‍ മാത്രം പറയുകയെന്ന താക്കീതും ജോസഫിന്‍റെ സൈബര്‍ വിരുതന്മാര്‍ മുരളീധരന് നല്‍കുന്നു. പിജെ ജോസഫിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ഉള്‍പ്പെടെയുള്ളവരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്തായാലും ജോസഫിന്‍റെ പോസ്റ്റിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് സൈബര്‍ പോരാളികളും രംഗത്തുണ്ട്. കേരളത്തിലെ തലമുതിര്‍ന്ന നേതാവാണ് മുരളീധരന്‍… നിന്‍റെ ഒക്കെ ചരിത്രം കോണ്‍ഗ്രസുകാരെക്കൊണ്ട് വിളമ്പിക്കരുത്… വിമാനത്തില്‍ നടത്തിയ കോപ്രായം ഒക്കെ ഇനിയും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്… എന്നാണ് കോണ്‍ഗ്രസ് പോരാളികളുടെ താക്കീത്. എന്തായാലും വിമാനം എടുത്തിട്ടതോടെ ജോസഫിന്‍റെ അനുയായികള്‍ കളം വലിഞ്ഞു.

മന്ത്രിയായിരിക്കെ വിമാനത്തില്‍വച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ കൈക്രിയ കാണിക്കാന്‍ ശ്രമിച്ചെന്ന വിവാദവും സ്ത്രീയുടെ പോലീസ് പരാതിയും പുറത്തുവന്നതിനേ തുടര്‍ന്നാണ് പിജെ ജോസഫ് വിഭാഗം ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയത് !

 

×