നാട് തളരുമ്പോള്‍ എന്‍ഐഎ ഉറങ്ങുന്നു, സിബിഐ കണ്ണടയ്ക്കുന്നു, ഭരണക്കാര്‍ വിലസുന്നു: / ദാസനും വിജയനും…

ദാസനും വിജയനും
Wednesday, September 2, 2020

2016 മെയ് മാസത്തിൽ അധികാരത്തിൽ കയറിയ ശേഷം ആദ്യമായി ഒരു വിശേഷാൽ പൂജ നടന്നു. അതും നമ്മുടെ തലസ്ഥാനത്ത് .
ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം സംബന്ധിച്ചിരുന്ന പൂജയിൽ ശത്രുസംഹാരത്തിനായി ഒരു മൂർത്തിയെയും ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനും ആയി വേറൊരു പൂജയും പ്രതിസന്ധികളെ അതിജീവിച്ചതിന് ഗണപതി ഹോമവും നടന്നു.

വിശേഷാൽ പൂജയിൽ പങ്കെടുത്ത വിഐപി മക്കൾക്ക് മുഖ്യനിൽ നിന്നും ഒരു ഉപദേശവും കിട്ടി. ” ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട് വയ്യാവേലികൾ ഉണ്ടാക്കി അങ്കിൾ അങ്കിൾ എന്ന് വിളിച്ചു ഇങ്ങോട്ട് വന്നേക്കരുത്”.

കാര്യങ്ങൾ പന്തിയല്ല എന്ന് മനസിലാക്കിയ വിഐപി പുത്രന്മാർ മെല്ലെ
താവളം ബെംഗളുരുവിലേക്കും ചെന്നൈയിലേക്കും പറിച്ചുനട്ടു.

കാരണം ദുബായിൽ നിന്നും അന്വേഷിച്ചെത്തിയ അറബിയും അതുപോലെ ചവറയിലെ എംഎൽഎയുടെ മകന്റെ പ്രശ്നങ്ങളും ദുബായിലെ പാർട്ണർ നബീലിന്റെ ജയിൽ വാസവും ഒക്കെ കൂടിയായപ്പോൾ സാമ്പത്തിക മാന്ദ്യവും പിന്നെ തൊട്ടതിലൊക്കെ ഉണ്ടാക്കിക്കൂട്ടിയ പേര് മോശവും എല്ലാം കൂടി സമയം മോശമാണെന്ന് കാടാമ്പുഴയിൽ നിന്നും ജോത്സ്യനും പറഞ്ഞു .

കൂട്ടുകാരന്റെ ഭാര്യയെ അടിച്ചുമാറ്റിയ കൂട്ടുകാരനിൽ നിന്നും കാമുകിയെ അടിച്ചുമാറ്റിയ സെക്രട്ടറി പുത്രൻ, കഴിഞ്ഞ ഭരണം പെണ്ണുകേസിൽ കുളിപ്പിച്ച, മക്കളുടെ സ്‌കൂളിലെ കൂട്ടുകാരന്റെ അമ്മയായ കാമുകിയുടെ ഭർത്താവിൽ നിന്നും നിരക്കെ പരക്കെ തല്ലുവാങ്ങിയ സിനിമാക്കാരൻ, മന്ത്രിയുടെ ഇരകളിൽ ഒരാളായ സ്വര്ണക്കടത്തുകാരി ഇവരെല്ലാം കൂടി ഭരണം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.

ലിവിങ് ടുഗെദറിൽ താമസിക്കുമ്പോൾ ഒരു അത്യവശ്യ കാര്യത്തിനായി വിഎപി പുത്രൻ അവരെ കാണുവാൻ റിസോർട്ടിൽ എത്തുന്നു. റിസോർട്ടിലെ പാർട്ടിയിൽ സ്വമ്മിങ്പൂളിലെ കുളികളായിരുന്നു അവരുടെയൊക്കെ വിനോദം.

അതിൽ കാക്കിക്കുപ്പായമിട്ടവരും സിനിമകളിൽ തല കാണിച്ചവരും സിനിമയും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുനടന്നിരുന്നവരും ശിവശങ്കരന്മാരും ഒക്കെ ഉണ്ടായിരുന്നു.

ഇവരിലൊക്കെ ഇറ്റിച്ചുകയറ്റം എന്ന ഒരു പ്രത്യേക സ്വഭാവം ഉണ്ടായിരുന്നു . അതിന്റെ ഒന്നാമനായിരുന്നു ചാനൽമേധാവി. പരിചയപ്പെടുന്ന പെണ്ണിന്റെ മൊബൈൽ വാട്സാപ്പ് നമ്പറുകൾ തരപ്പെടുത്തി അവരുടെ വീക്നെസ്സുകളും കുറ്റങ്ങളും കണ്ടെത്തി അവരവരുടെ ഭാര്യമാരെയും കാമുകിമാരെയും അറിയിക്കുക, ഇങ്ങനെ പിൻവാതിൽ നിയമനങ്ങൾ പോലെ പിൻവാതിൽ കയറികൂടലുകൾ.

അറബിയുടെ കേരളത്തിലേക്കുള്ള വരവും ദുബായിലെ പ്രശ്നങ്ങളും ഒക്കെയായപ്പോൾ ഇവരൊക്കെ മെല്ലെ ബംഗളൂരുവിലേക്ക് കുടിയേറി .

ഇപ്പോഴും എല്ലാവരും ഭയപ്പെടുന്ന ഒറിജിനൽ മാഡം ദുബായിൽ മൂന്ന് കമ്പനികൾ ആരംഭിച്ചിരുന്നു. സിനിമാക്കാരുടെ വാലാട്ടിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് പേപ്പർ കമ്പനികളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കി കൊടുത്തത്.

വിഐപി മാഡം ഏകദേശം പന്ത്രണ്ടോളം തവണ ഡിപ്ലോമാറ്റിക് പാസ്പോർട്ടില്ലാതെ ഡിപ്ലോമാറ്റിക്ക് വഴിയിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിപ്പോന്നിട്ടുണ്ട്.

വളരെയേറെ ഭക്തിയുണ്ടായിരുന്ന അവരുടെ മുഖ്യ സന്ദർശനം കാടാമ്പുഴ അമ്പലത്തിലായിരുന്നു. ആവശ്യമുള്ള ആളുകളെ സ്ഥലം മാറ്റം കൊടുത്തുകൊണ്ട് തന്റെ കാൽക്കീഴിൽ കൊണ്ടുവരുന്ന ഒരു അഹങ്കാരം എന്നും കാണിച്ചിരുന്നു. ചാനൽമേധാവിയുമായി മാനസികമായ അടുപ്പമായിരുന്നു കൊച്ചമ്മക്ക് ഉണ്ടായിരുന്നത്.

അങ്ങനെയാണ് സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട, സ്വാധീന ശക്തിയുള്ള സിനിമക്കാരെയും, സിനിമക്ക് ശബ്ദം കൊടുക്കുന്നവരെയും, ന്യു ജെൻ സംവിധായകരെയും അവരുടെ കുടുംബക്കാരെയും പേരുള്ള നടിമാരെയും ഉന്നത മാധ്യമ മുതലാളിമാരുടെ മക്കളെയും, അവതാരകരെയും ഒക്കെ വിവിധ പൂജകൾ, പാർട്ടികൾ, ഡിന്നർ സെറ്റപ്പുകൾ, റിസോർട്ട് കൂടിച്ചേരലുകൾ അങ്ങനെയങ്ങനെ തന്നിലേക്ക് അടുപ്പിച്ചിരുന്നു.

മുഖ്യന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളകളില്‍ പയറ്റിയ ഈ അടവുനയം വളരെഏറെ ഗുണം ചെയ്തു എന്ന് മനസിലാക്കിയ വിഐപി മാഡം അതേ വഴികൾ തന്നെയാണ് തന്റെ കച്ചവടങ്ങൾ കൊഴുപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്.

ഭരണം കിട്ടിയതിനു ശേഷം കേരളത്തിലെ ഒട്ടുമിക്ക സിനിമക്കാർക്കും കുടുംബങ്ങൾക്കും മുതലാളി കുടുംബങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസ് ഉള്ളവർക്കും ശല്യമാകുന്ന മാധ്യമക്കാർക്കും പ്രത്യേക വിരുന്നുകൾ നൽകിയിരുന്നു.

ലീഡർ കെ കരുണാകരന്റെ ഒരു രീതി കോപ്പിയടിച്ചതാണെങ്കിലും ഏറെക്കുറെ വിജയം കണ്ട ഒരു മാർഗമായിരുന്നു അത്. പിന്നീട് വിഐപി മാഡവും മെല്ലെ ബെംഗളുരുവിലേക്ക് പറിച്ചു നട്ടുവെങ്കിലും അതിന്നിടയിൽ തലസ്ഥാനത്തെ ബന്ധങ്ങളിൽ പരസ്പരം കുടിപ്പകകൾ ആരംഭിച്ചു.

സ്വപ്നയെ സിനിമാക്കാർ തമ്മിൽ തട്ടിയെടുപ്പ് നടന്നപ്പോൾ കുടിപ്പക ഇരട്ടിച്ചു . അതിന്നിടയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബീഹാറി പെണ്ണും കുട്ടിയും വിഷയം വന്നപ്പോൾ സ്വപ്നയും സ്വർണ്ണവും ഒക്കെ ഉപേക്ഷിച്ചുകൊണ്ട് ഒരു കൂട്ടർ ബംഗളുരുവിൽ തന്നെ ഉറച്ചു.

കന്റോൺമെന്റ് ഹൗ‌സിൽ ബിഹാരി പെണ്ണിന്റെ വിഷയം വന്നപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ മുഖ്യന്‍ പറഞ്ഞു. ”എല്ലാവര്ക്കും മക്കളുണ്ട് ,
നമ്മളായിട്ട് വിഷയം കേരളത്തിൽ ചർച്ച ചെയ്യുവാനായി ഇട്ടുകൊടുക്കേണ്ട ”എന്ന്. പക്ഷെ കുശാഗ്ര ബുദ്ധിമാനായ പ്രതിപക്ഷ മുഖ്യന്‍ പറഞ്ഞത് ”ആ പയ്യന്മാരുടെ പിന്നാലെ നമ്മൾ കൂടേണ്ട.

അവരെ ശ്രദ്ധിക്കാതെ വിട്ടാൽ അവർ തന്നെ ഈ ഭരണം വീഴ്ത്താനുള്ള വിഷയങ്ങൾ കൊണ്ടുതരും”. പ്രതിപക്ഷ മുഖ്യന്‍റെ വാക്കുകൾ അച്ചിട്ടപോലെ തന്നെ ഫലിച്ചു. അവർ തമ്മിലുള്ള കുടിപ്പകയാണ് ഇന്നിപ്പോൾ കേരളം ആഘോഷിക്കുന്ന സ്വർണ്ണക്കടത്ത്.

അന്നത്തെ കണ്ണൂർ ലോബിയിലെ പ്രമുഖനായ നേതാവിനെ
ഇല്ലാതാക്കുവാൻ സ്വന്തം നേതാക്കന്മാർ ശ്രമിച്ചപ്പോൾ അദ്ദേഹം ഇറക്കിയതാണ് ബീഹാർ വിഷയം എന്നാണ് മാധ്യമങ്ങൾ എഴുതിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ശേഷം സ്വപ്നയും സരിത്തും സന്ദീപിനെ കണ്ടുമുട്ടുകയും അവരുടെ കൂട്ടുകെട്ടിൽ റമീസ് കേരളത്തിലെ സ്വർണക്കടത്തു നിയന്ത്രിക്കുകയും ചെയ്തപ്പോൾ നബീലും വിഐപി പുത്രനുമൊക്കെ ചേർന്നുകൊണ്ട് നേപ്പാൾ ചെന്നൈ ബെംഗളൂരു സ്വർണ്ണ കടത്ത് തുടങ്ങുകയായിരുന്നു.

പക്ഷെ സ്വപ്നക്ക് തലസ്ഥാനത്ത് ഏറെ പിടിപാടുണ്ടാക്കി കൊടുത്ത വിഐപി പുത്രൻ പിന്നീട് അറിയുന്നത് സ്വപ്ന ഡിപ്ലോമാറ്റിക് വഴികളിലൂടെ വളരെ ലാഘവമായി സ്വർണ്ണം കൊണ്ടുവരുന്നു എന്നുള്ളതാണ്.

കോൺസുലേറ്റ് സേവനങ്ങൾ ചെയ്യുന്നതിനായി ഒരു സ്ഥാപനം രജിസ്റ്റർ ചെയ്തുകൊണ്ട് അനൂപ് മുഹമ്മദും വിഐപി പുത്രനും വേറെ പല പദ്ധതികളും പ്ലാൻ ചെയ്തിരുന്നു എങ്കിലും വളരെ സാമ്പത്തിക ബാധ്യതകൾ രണ്ടുകൂട്ടരേയും അലട്ടി.

കേരളത്തിലെ ഒരു ഉന്നതന്റെ മകളുടെ കല്യാണത്തിന് അഞ്ചുകോടി
കമ്മീഷൻ കൊടുക്കേണ്ടിയിരുന്നവർ വാക്ക് പാലിക്കാതെ വന്നപ്പോൾ ഇവരുടെ പ്ലാനുകൾ പൊളിയുകയായിരുന്നു.

അനൂപുമായി ചേർന്ന് കോൺസുലേറ്റ് മുഖേന മയക്കുമരുന്നാണ് പ്ലാൻ ചെയ്തിരുന്നത് എങ്കിലും ബെംഗളൂർക്ക് പറിച്ചുനട്ടതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.

ബീഹാറി പെണ്ണിന്റെ വിഷയം കോംപ്രമൈസിന് കൈകാര്യം ചെയ്തതിൽ ഒരു കോൺഗ്രസ്സ് നേതാവിന്റെ പേരും കേൾക്കുന്നുണ്ടെകിലും എത്രത്തോളം വാസ്തവം ഉണ്ടെന്നു അറിയില്ല.

മുംബയിൽ ഉന്നത പദവിയിൽ ഉണ്ടായിരുന്ന അദ്ദേഹമാണ് അക്കാര്യം മുഖ്യന്‍റെ ആവശ്യപ്രകാരം കോമ്പ്രമൈസ് ചെയ്തുകൊടുത്തത് എന്ന് മുംബയിലെ ചില കോൺഗ്രസുകാർ കുറ്റപ്പെടുത്തുന്നുണ്ട്.

ഇന്നിപ്പോൾ ഇത്രയും വിഷയങ്ങൾ കിട്ടിയിട്ടും ചില കോൺഗ്രസുകാർ തമ്മിൽ തമ്മിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് കാണുമ്പോള്‍ എന്തൊക്കെയോ ചില അന്തർധാരകൾ കാണാതെ പോകരുത്.

കോൺഗ്രസ്സിന്റെ ചരിത്രത്തിൽ പ്രതിപക്ഷത്തിനെതിരെ ഇത്രയും നല്ല ഒരായുധം കിട്ടിയിട്ട് ചില സമുന്നത നേതാക്കളെ ഗെസ്റ്റുകളാക്കുമ്പോൾ അവർ ഗെസ്റ്റുകളായി പോയതും കട്ടിലിൽ ഇരുന്നതൊക്കെ മറന്നുവെന്ന് തോന്നിപോകുന്നു .

കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്ത സീരിയൽ നടിയായ മാഡവും അനൂപ് മുഹമ്മദും ഒക്കെ ഇപ്പോഴും
പരൽ മീനുകൾ മാത്രമാണ്.

നമ്മൾ നേരത്തെ എഴുതിയതുപോലെ മുന്തിരിത്തോപ്പിലെ റിസോർട്ടും കോഫീ ഷോപ്പുകളും ബിയർ പബുകളും ഒക്കെ ഇപ്പോഴും കൈകാര്യം ചെയ്യുന്ന ഒരു വൻ മലയാളി ലോബി ഇപ്പോഴുമുണ്ട്.

കുറെ കാര്യങ്ങൾ പൊതുജനം അറിയുവാൻ കാരണമായത് ഒരു ചെറുപ്പക്കാരന്റെ ആർജ്ജവമാണ്. നിസ്സാര കാര്യങ്ങളുടെ പേരിൽ വീട്ടിൽ നിന്നും തല്ലി ഇറക്കിവിടപ്പെട്ട ആ മനസ്സിന്റെ വേദനകൾ അവൻ പ്രതികരമാക്കി മാറ്റിയപ്പോൾ ഇവിടെ പല ലേഖകർക്കും പത്രക്കാർക്കും എന്തിനധികം കസ്റ്റംസിനും എൻഐഎക്കും വരെ അത്യാവശ്യം കാര്യങ്ങൾ ഈസിയായി മനസിലാക്കുവാൻ സാധിച്ചു.

സമൂഹത്തിലെ ഒന്നാംകിട സിനിമക്കാരുടെയും മാജിക്കുകാരുടെയും ബിഷപ്പുമാരുടെയും ന്യായാധിപരുടെയും സ്വാമിമാരുടെയും ഉപദേശികളുടെയും സിഎ ക്കാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും മുഖം മൂടികൾ ഇപ്പോൾ തന്നെ എൻഐഎ അഴിച്ചുകൊണ്ടിരിക്കുന്നു. വാർത്തകൾ ഒന്നും ആരും അറിയുന്നില്ല എന്നേയുള്ളൂ.

കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ പൂന്തുറയിൽ ഉരുണ്ടുകൂടിയ കലാപവും കായംകുളത്ത് ഉരുണ്ടുകൂടിയ കൊലകളും തീപിടുത്തങ്ങളും ഇപ്പോൾ വെഞ്ഞാറമ്മൂട്ടിൽ നടത്തിയ നാടകങ്ങളുമൊക്കെ കൂടി എൻഐഎ അന്വേഷിച്ചാൽ ആളുകളെ വരിവരിയായി പിടിക്കുവാൻ എളുപ്പമായിരിക്കും.

ഇത്രയും വിദ്യാസമ്പന്നർ ഉണ്ടെന്നു കരുതുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത് എന്ന് പറയുമ്പോൾ മേലാൽ ആരും യുപിയെയും ബീഹാറിനെയും കുറ്റപ്പെടുത്തിപ്പോകരുത്. ഇത് നമ്മൾ ഒന്നും കാണുന്ന കളികൾ അല്ല. നമ്മൾ കേൾക്കാത്ത കളികൾ ആണ്.

അതിന്റെ പിന്നിലും മുന്നിലും ഇടയിലുമൊക്കെ നിസ്സാരക്കാരല്ല ഉൾപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ വ്യാപം അഴിമതിയെക്കാൾ ബൃഹത്തായ ഒരു പദ്ധതിയാണ് ഈ കളികളിൽ നാം കാണേണ്ടത്.

പ്രതികരണശേഷിയുണ്ടായിരുന്ന രാഷ്ട്രീയക്കാരെയും, സിനിമക്കാരെയും, മാധ്യമപ്രവർത്തകരെയും, സാഹിത്യകാരന്മാരെയും, കാരികളെയും
സിനിമക്ക് ശബ്ദം കൊടുക്കുന്നവരെയും നായകന്മാരെയും സംവിധായകന്മാരെയും പത്രങ്ങളെയും ചാനലുകളെയും അതിന്റെ മുതലാളിമാരെയും സ്വന്തം പാർട്ടിക്കാരെയും ജില്ലാ കമ്മറ്റികളെയും സംസ്ഥാനകമ്മറ്റികളെയും പോളിറ്റ് ബ്യുറോകളെയും ഒക്കെ വിലക്ക് വാങ്ങി
ആരെക്കൊണ്ടും ഒന്നും മിണ്ടിക്കാതെ, മിണ്ടുന്നവരെ ജയിലിൽ അടച്ചും, അവരെ പാർട്ടി ഗുണ്ടകളെ കൊണ്ട് ആക്രമിച്ചും, അവർക്കെതിരെ അശ്‌ളീല പദപ്രയോഗങ്ങൾ ഉപയോഗിച്ചും പോകുമ്പോൾ ഒരു കാര്യം വ്യക്തമാണ്.

ഒരാൾക്ക് നന്നായി കേരളം ഭരിക്കുവാൻ ഇത്രയും വലിയ റിസ്കുകൾ എടുക്കേണ്ട ആവശ്യകത ഇല്ല. മടിയിൽ കനമില്ലാത്തവന് ആരെയും പേടിക്കേണ്ട. ആരെയും സ്വാധീനിക്കേണ്ട കാര്യവുമില്ല.

അപ്പോൾ പിന്നെ എന്തൊക്കെയോ അതിനുമപ്പുറവും ആസൂത്രണങ്ങൾ ചെയ്‌തത് കൊണ്ടാണ് ഇങ്ങനെയൊക്കെ വിറളി പൂണ്ട് സംസാരിക്കുന്നത്.

എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാവര്ക്കും എല്ലാം അറിയാം . ഇതൊരു കള്ളനും പോലീസും കളിയാണ്. ഇവിടെ മണ്ടന്മാരാകുന്നത് വോട്ടുചെയ്തു വിജയിപ്പിച്ചവർ മാത്രമാണ്, അതുപോലെ രാവുംപകലും അച്ഛനും അമ്മയ്ക്കും സോഷ്യൽ മീഡിയയിൽ തെറിവിളി കേൾക്കേണ്ടിവരുന്ന പോരാളികൾക്കും.

ചാനലിൽ വന്നിരുന്നു ബബ്ബബ പറയുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുകൾ കിട്ടുമെന്ന് കരുതി ആശ്വസിക്കാം. പക്ഷെ കായംകുളത്തും വെഞ്ഞാറംമൂട്ടിലും മരിച്ചുപോയവർക്ക് എന്തോന്ന് കിട്ടി. ഏറ്റവും കൂടുതൽ ആളുകൾ ടെലിവിഷൻ കാണുന്ന ഓണം നാളിൽ കേരളത്തിലെ സ്വർണ്ണക്കടത്ത് വാർത്തകളും ലൈഫ്‌മിഷൻ തട്ടിപ്പും ജനങ്ങൾ കേൾക്കാതെ
ഒപ്പിക്കുവാൻ വെഞ്ഞാറമൂട് സംഭവിച്ചു.

ആറുമാസം പ്രായമായ കുട്ടിയും അതുപോലെയുള്ള കുടുംബക്കാരും കണ്ണുനീർ കുടിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പായസം കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്ന ഒരു ചെകുത്താന്റെ നാടായി കേരളം മാറി.

ഇവിടെ ഖുർആനുകൾ സ്വർണ്ണം കടത്തുവാൻ ഉപയോഗിക്കുന്ന മാന്യന്മാർ, ഇവിടെ വിഷയങ്ങളെ മറയ്ക്കുവാൻ മനുഷ്യ രക്തം കുടിക്കുന്ന ചതിയന്മാർ, ഇവിടെ ഒരു രോഗത്തെ വിറ്റ് കാശാക്കുന്നവർ, ഇവിടെ ഭരണസ്വാധീനത്തിൽ നാടിനെ തകർക്കുന്ന മയക്കുമരുന്ന് കച്ചവടം നടത്തുന്നവർ, ഇവിടെ സ്വന്തം നാടിന്റെ സാമ്പത്തിക അടിത്തറയെ തകർക്കുവാൻ ഡിപ്ലോമാറ്റിക്ക് വഴികളെ ദുരുപയോഗം ചെയ്യുന്നവർ, ഇവിടെ അഴിമതികളെ മറയ്ക്കുവാൻ ഫയലുകൾക്ക് തീയിടുന്നവർ, ഇവിടെ ജോലികിട്ടാതെ ആത്മഹത്യ ചെയ്യുന്ന വിദ്യാ സമ്പന്നർ, ഇവിടെ ഇനിയെന്തൊക്കെ നടക്കുന്നുണ്ടാവുമോ ?

എന്തായാലും ഡിന്നർ പാർട്ടികളിലും വിരുന്നുകളിലും വിശേഷാൽ പൂജകളിലും പ്രത്യക രാത്രികാല പാർട്ടികളിലൂം പങ്കെടുത്ത ഒട്ടനവധി മാധ്യമ സിനിമ രാഷ്ട്രീയ ഉദ്യോഗസ്ഥ കച്ചവട സാമൂഹിക സാഹിത്യ രംഗത്തെ പല മാന്യ മുഖങ്ങൾക്കും ഇക്കാര്യങ്ങൾ ഏറെക്കുറെ അറിയാം.

എന്നാലും ഉണ്ടചോറിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായി അവരും നാടിനെ ഒറ്റുകൊടുക്കുന്നതിന് കൂട്ടുനിൽക്കുന്നു.

വിടരുത് – ഒരുത്തനെയും – ഇതൊരു അവസാന കളിയാവട്ടെ !!!

എൻഐഎക്ക് എല്ലാം മനസ്സിലാകുന്നു എന്ന വിശ്വാസത്തിൽ സിഐഡി ദാസനും നിങ്ങളിലെ വിശ്വാസത്തിൽ ഞങ്ങൾ ആശ്വസിക്കുന്നു എന്ന് സിഐഡി വിജയനും

×