Advertisment

ജലീലിന്‍റെ 'വിശുദ്ധ' സ്വര്‍ണപ്പെട്ടികളില്‍ തട്ടിത്തകര്‍ന്നത് തുടര്‍ഭരണം ഉറപ്പിക്കാനിരുന്ന സ്വപ്ന 'പദ്ധതികള്‍ ' ! മലപ്പുറത്തെ ലീഗിന്‍റെ കോട്ടപൊളിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നത് പത്തോളം കോടീശ്വരന്മാരെ ! മടിയില്‍ കനമില്ലെന്നു പറഞ്ഞിട്ട് തലയില്‍ മുണ്ടിട്ട് മന്ത്രിയുടെ ഒളിച്ചുകളി ! വിശുദ്ധ ഖുര്‍ ആനെ കള്ളത്തരത്തിന് മറയാക്കിയവര്‍ക്ക് കിട്ടുന്നത് എട്ടിന്‍റെ പണിയോ ? / ദാസനും വിജയനും...

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

''കടലിലെ വെള്ളത്തിലേ തിരമാലകൾ ഉണ്ടാകാറുള്ളൂ , ബക്കറ്റിലെ വെള്ളത്തിൽ തിരമാലകൾ ഉണ്ടാകാറില്ല ''എന്ന മഹദ് വചനം വിഎസ് അച്യുതാനന്ദന് എതിരായി പിണറായിവിജയന്റെ കേരളയാത്രക്ക് ജലീൽ കെടി എഴുതിക്കൊടുത്തപ്പോൾ അത് ഇരുനേതാക്കള്‍ തമ്മിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വളരെ ബുദ്ധിപരമായ സൂത്രങ്ങളാണ് ഇരുവരും കൂടി പ്ലാൻ ചെയ്തിരുന്നത്.

അതിന്നായി ആദ്യം ചെയ്തത് വേണ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും കൂട്ടുകാർക്കും ഉന്നത സ്ഥാനങ്ങളിൽ ജോലി നൽകി. പിന്നീട് അവരെ രാഷ്ട്രീയമായി ഉപയോഗിച്ചു. അവരിൽ ചിലരെയൊക്കെ ബാലികേറാമലകളായ ചില മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥിയാക്കുവാൻ പ്ലാനുകൾ ഉണ്ടാക്കി.

കളം പിടിക്കാന്‍ കോടീശ്വരന്മാര്‍ !

മലപ്പുറത്തെ ലീഗിന്റെ ചില കോട്ടകൾ പൊളിക്കുവാൻ പത്തോളം കോടീശ്വരന്മാരെയാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ അൻവറും , കൊടുവള്ളിയിലെ കാരാട്ട് റസാഖും താനൂരിലെ അബ്ദുൾറഹ്‌മാനും വിജയിച്ചപ്പോൾ ഇത്തവണ അതുപോലെ കൂടുതൽ ആളുകളെ കണ്ടെത്തി വിജയിപ്പിക്കുവാൻ കരുക്കൾ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഏത് ചെകുത്താനെ കൂട്ടുപിടിച്ചാണെങ്കിലും തുടർഭരണം ആയിരുന്നു പിണറായിയുടെ ലക്‌ഷ്യം. അതിന് ആനത്തലവട്ടം ആനന്ദനോ എംഎ ബേബിയോ ഒന്നും വിചാരിച്ചാൽ ജയിപ്പിക്കുവാൻ ആകില്ല എന്ന് പിണറായിക്ക് നല്ല ബോധ്യം ഉണ്ട്.

ദുരൂഹ സൗഹൃദങ്ങളും യാത്രകളും 

തവനൂർ എന്ന യുഡിഎഫ് ഉറച്ച കോട്ടയിൽ വീണ്ടും വീണ്ടും ജലീൽ ജയിച്ചുകയറിയത് സ്വന്തം മണ്ഡലത്തിലെ കോടീശ്വരനായ ഒരു ലീഗ് മുതലാളിയുടെ ഒത്താശയോടെയാണ്.

ആ മനുഷ്യന്റെ കച്ചവടങ്ങളിൽ വരെ ഇന്നിപ്പോൾ ഇവർക്കൊക്കെ പങ്കാളിത്തം ഉണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

ദുബായിലും സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബെർഗിലും ഇവരുടെ ഒരുമിച്ചുള്ള യാത്രകളും വിരുന്നുകളും ഒക്കെ ദുരുഹതകൾ നിറഞ്ഞതാണ്. ഇതൊക്കെ തവന്നൂരിലെയും കുറ്റിപ്പുറത്തെയും ജനങ്ങൾക്ക് അറിയാവുന്ന വസ്തുതകള്‍ തന്നെ !

ജനവിധിക്ക് പണം മതിയോ ?

ഒരു തിരഞ്ഞെടുപ്പ് ജയിക്കുവാൻ പണം മാത്രം മതിയെന്ന് മനസ്സിലാക്കിയ ആളാണ് ജലീൽ കെടി എന്നാണ് എതിരാളികള്‍ പറയുന്നത്. പണം പണമായി മാത്രം എറിഞ്ഞാൽ ആരെയും ജയിപ്പിക്കാം എന്നത് മനസിലാക്കിയപ്പോൾ തിരൂരും ആ പരീക്ഷണം ചെയ്‌തെങ്കിലും ലില്ലീസ് അവിടെ തോറ്റു.

കഴിഞ്ഞ തവണ പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിലേക്ക് പിവി അൻവറിനെ സ്ഥാനാർത്ഥിയാക്കിയപ്പോഴും ജയിക്കുമെന്ന് വളരെ ആത്മ വിശ്വാസത്തോടെ പറഞ്ഞതൊക്കെ പണത്തിന്റെ അഹങ്കാരത്തിൽ മാത്രമാണ്.

ഒന്നും ശരിയാക്കിയില്ല !

പലർക്കും പലതും ശരിയാക്കികൊടുക്കാം എന്ന പേരിൽ പണം വാങ്ങിയിട്ട് വിളിക്കുമ്പോൾ ഫോൺ എടുക്കാതെയും, നമസ്കരിക്കുക ആയിരുന്നു, പള്ളിയിൽ നിന്നും ഇറങ്ങിയതേയുള്ളൂ , പള്ളിയിലേക്ക് കയറുന്നതേയുള്ളൂ എന്നൊക്കെ കല്ലുവെച്ച നുണകൾ പറയുകയും സ്വകാര്യമായി ഭീഷണി സ്വരങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കൊടുങ്ങല്ലൂരിലെ ഒരു പ്രശസ്ത ഡോക്ടർ പറയുമ്പോൾ അക്കാര്യം ടിയാന് നിഷേധിക്കാനാകില്ല.

കൊച്ചിയിൽ ആശുപത്രിക്കായി നിലം നികത്തിയ ഭൂമിക്ക് അനുവാദം കിട്ടുവാൻ രണ്ടുകോടിയാണ് ഡോക്ടര്‍ എറിഞ്ഞത്.

ഇതൊന്നും നമ്മൾ മുമ്പ് പറഞ്ഞാൽ ആരും വിശ്വസിക്കില്ലായിരുന്നു . പക്ഷെ ഇപ്പോൾ, ഈ ചോദ്യം ചെയ്യൽ സമയത്ത് കാണിച്ച തട്ടിപ്പിൽ ജലീൽ എന്ന വ്യക്തി ഒരു ഇരട്ട മുഖമാണെന്ന്‌ സമൂഹത്തിനും പത്രക്കാർക്കും ഏകദേശം ബോധ്യപ്പെട്ടു.

പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും എന്നത് വളരെ സത്യമാണ് എന്നത് ഇന്നിപ്പോൾ കൂടെ നടക്കുന്നവർക്കും ഓഫീസിലുള്ളവർക്കും ഡ്രൈവർമാർക്കും വരെ ബോധ്യമായി

അതിനേക്കാൾ എത്രയോ ചങ്കൂറ്റവും സത്യസന്ധനുമാണ് നമ്മുടെ ബിനോയ് കോടിയേരി.

ദുബായിലെ ചങ്ങാതിമാര്‍ ! 

ഈ ജലീലിനെ കുറ്റിപ്പുറത്ത് തിരഞ്ഞെടുപ്പിൽ പണമിറക്കി സഹായിച്ചത് മൂന്ന് ചെറുപ്പക്കാരാണ്. അതിൽ ഒരാളാണ് ഏറ്റവും അധികം പണം ചിലവാക്കിയത്. ഇന്നിപ്പോൾ ഈ നേതാവ് കോട്ടും സ്യൂട്ടും ഇട്ട് ദുബായിൽ വരുമ്പോൾ ആ പഴയ ചങ്ങാതിമാരെ മൈൻഡ് ചെയ്യാറില്ല എന്നവർ പറഞ്ഞപ്പോൾ ഉള്ളിൽ സന്തോഷം തോന്നി.

കഴിഞ്ഞ നാല് വർഷക്കാലത്തെ ദുബായ് യാത്രകളിൽ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരുടെ കാര്യങ്ങളിൽ ദുരൂഹതകൾ ഉണ്ടായിരുന്നു എന്ന് പഴയ ആത്മസുഹൃക്കൾ വെളിപ്പെടുത്തുന്നു. അവരെ എന്‍ഐഎയും തിരയുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന്റെ ബംഗ്ലാദേശ് കച്ചവട ബന്ധങ്ങളും ആഫ്രിക്കൻ കച്ചവട ബന്ധങ്ങളും അന്വേഷിക്കണമെന്ന് എഴുതിയ പത്രത്തിന്‍റെ ഓഫീസിലേയ്ക്ക് വിളിച്ച് മണിക്കൂറില്‍ നൂറ്റമ്പത് തെറി ഫോണുകളായിരുന്നു പാഞ്ഞത്.

നേരിട്ട് വിളികൾ മാത്രമല്ല വാട്സാപ്പ് കളികളും മന്ത്രിക്ക് ഇച്ചിരി കൂടുതലായിരുന്നു . ''ജലീലിനെ പോലെ അൽപ്പനായ ഒരു മന്ത്രിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല'' എന്ന് ഏഷ്യാനെറ്റിന്റെ വിനുവിന്റെ കയ്യിൽ നിന്നും കിട്ടിയതിനു ശേഷവും സ്വപ്നയുമായി വാട്സാപ്പ് ബന്ധം ഉണ്ടായിരുന്നു എന്ന് വേണം കരുതുവാൻ.

ഫേസ്‌ബുക്ക് പോസ്റ്റുകളൊക്കെ മനസിലാക്കുവാൻ സുകുമാർ അഴീക്കോട് പോലത്തെ ആളുകൾക്കെ സാധ്യമായിരുന്നുള്ളൂ . അത്രയും കടുകട്ടി യാക്കിയാണ് എഴുതിപിടിപ്പിക്കുക. അതിന് ലൈക്കടിക്കുവാൻ കുറെ വഷളന്മാരും.

മടിയില്‍ കനം ഇല്ലെങ്കിലെന്തിനാ ഈ ഒളിച്ചുകളി ?

മടിയിൽ കനമില്ലാത്തവന് ആരെയും പേടിക്കണ്ട എന്ന വാചകം മുഖ്യമന്ത്രിയാണോ ജലീലാണോ ആദ്യം പറഞ്ഞത് എന്നോർക്കുന്നില്ല.

എന്നാലും അത് നന്നായി ! പിന്നെ നരേന്ദ്ര മോഡി തൂക്കി കൊല്ലാൻ വിധിച്ചാൽ നേരിടും എന്ന് വീമ്പിളക്കിയ മഹാനുഭാവുലു ഓഫിസിൽ നുണ പറഞ്ഞുകൊണ്ട് അരൂരിലെ ''ഷിയാ മുസ്ലിം'' ഹജ്ജ് മെമ്പറുടെ വീട്ടിന്റെ തട്ടിൻ പുറത്ത് വന്നു ഒളിച്ചിരുന്ന് അദ്ദേഹത്തിന്റെ കാറ് കടം വാങ്ങി ചോദ്യം ചെയ്യലിന് എത്തിയപ്പോൾ അവിടെ എല്ലാം തീർന്നു !!! മടിയില്‍ കനം ഉണ്ടോ ഇല്ലയോ ?

ചിരിയിലും നുണയോ ? 

അതിന്റെയർത്ഥം എല്ലാ വിഷയങ്ങളിലും മന്ത്രിയുടെ വാക്കുകൾ നുണകൾ മാത്രമാണ്. ആ ചിരിയിൽ വരെ നുണയുണ്ടെന്ന് 2006 തിരഞ്ഞെടുപ്പിൽ ജലീലിനെ ജയിപ്പിക്കുവാൻ മുൻനിരയിൽ നിന്ന വ്യക്തി പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല ആരും.

ഞാൻ വിളിച്ചാൽ മമ്മുട്ടി എടപ്പാളിൽ വരും എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ വെല്ലുവിളിച്ച മന്ത്രി മമ്മുട്ടിയെ കൊണ്ടുവന്നു. പക്ഷേ മമ്മൂട്ടി ചുമ്മാ അങ്ങു വരില്ല. സിനിമാ നടനാണ്. കാള്‍ ഷീറ്റ് അനുസരിച്ചേ എന്തും ചെയ്യൂ. അത് പോട്ടെ !

അണിയറയിലെ പാര്‍ട്ടി പിറവിക്കു മുമ്പേ പൊളിഞ്ഞപ്പോള്‍ !

ഈ വരുന്ന തിരഞ്ഞെടുപ്പിൽ മലബാറിലെ ഒരു മത നേതാവ് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. 2020 റമദാൻ മാസത്തിൽ പ്രഖ്യാപിക്കുവാനിരുന്ന പാർട്ടിയുടെ ചെയർമാൻ മതനേതാവും പാർട്ടി സെക്രട്ടറി ജലീലുമായിരുന്നു.

പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ പാർട്ടിയുടെ ചിഹ്നവും പേരും എല്ലാം തയാറാക്കി വെച്ചിരിക്കുകയായിരുന്നു. ജലീൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സ്വയം അവരോധിത തങ്ങൾ ആകുവാനായിരുന്നു പ്ലാൻ. കാന്തപുരം എല്ലാം പറഞ്ഞു ഉറപ്പിച്ചിരുന്നു !!!

ഇപ്പോഴത്തെ സ്വതന്ത്ര എംഎൽഎ മാരും, ഐഎൻഎലും, പിഡിപിയിലെ ഒരു വിഭാഗവും, പഴയ ഐഎസ്എസുകാരും, പഴയ എന്ഡിഎഫിലെ ഒരു വിഭാഗവും ലീഗിലെ ചില ഉന്നതരും എല്ലാം ചേർന്നുള്ള ഒരുഗ്രൻ പാർട്ടി.

നൂറു കോടിയാണ് ഒരു വ്യക്തി പാർട്ടി പ്രഖ്യാപനത്തിന്റെ പരിപാടിക്ക് സംഭാവന ഓഫർ ചെയ്തതത്രെ! അസറുദ്ദീൻ ഓവൈസിയും അക്ബറുദ്ദീൻ ഓവൈസിയും മമ്മുട്ടിയും പ്രശാന്ത് ഭൂഷണും കമൽഹാസനും ഒക്കെ പങ്കെടുക്കുന്ന ഒരു ബ്രഹ്മാണ്ഡ പ്രഖ്യാപനം ആയിരുന്നത്രെ ലക്ഷ്യം. തുടർഭരണത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ !!!

ദൈവമേ നീ മലബാറിനെ രക്ഷിച്ചോ ?

പക്ഷെ ദൈവം മലബാറിനെ രക്ഷിച്ചു എന്നല്ലാതെ വേറെ എന്താ പറയുക. എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി പോയില്ലേ.

ആദ്യം കോവിഡും പിന്നീട് സ്വപ്നയും കോൺസുലേറ്റും ഖുർആനും ലൈഫ് മിഷനും ഇന്നിപ്പോൾ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലും എല്ലാം തകർത്തടിച്ചു. വിശുദ്ധ ഖുര്‍ ആനെ മറയാക്കി കള്ളത്തരം കാണിച്ചാല്‍ അതിനപ്പുറമായിരിക്കും അനുഭവം.

എല്ലാ പ്രതീക്ഷകളേയും അസ്തമിപ്പിച്ചപ്പോൾ ഏറെ ആശ്വസിക്കുന്നത് ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയാണ്.

മുഖ്യനും ജലീലും ചേർന്നുകൊണ്ട് കുറെ എംഎൽഎമാർക്കെതിരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇറക്കേണ്ട വിഷക്കായകൾ ഉണ്ടാക്കിവെച്ചിരുന്നു.

തൃത്താലയിലും പാലക്കാട്ടും ആലുവയിലും മണ്ണാർക്കാട്ടും മഞ്ചേശ്വരത്തും അങ്ങനെ ഇരുപതോളം യുഡിഎഫ് സിറ്റിംഗ് എംഎൽഎമാർക്കെതിരെ പ്രാദേശിക പ്രശ്‍നങ്ങൾ ഉണ്ടാക്കിവെച്ചിരുന്നു.

എല്ലാം ന്യുനപക്ഷ വർഗീയതയുടെ ചില കളികൾ. പക്ഷെ എല്ലാം ഏകദേശം അവസാനിച്ചതിൽ ഏറെ ദുഖിക്കുന്നത് പിണറായിയാണ്.

ചേരേണ്ടവര്‍ ചേര്‍ന്നു !

എന്തുകൊണ്ടാണ് ജലീലിനെ പിണറായി കൈവിടാത്തത് എന്നതിന്റെ ഉത്തരങ്ങൾ എല്ലാം ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. ജീവിതത്തിൽ നോക്കിയാൽ എന്നും ചേരേണ്ടവർ മാത്രമേ ചേരാറുള്ളൂ. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രം. ഇവർ ഈ പ്ലാനിങ്ങുകൾ ഇന്നൊന്നും തുടങ്ങിയതല്ല.

കഴിഞ്ഞ പത്തുവർഷത്തെ പ്ലാനിങ്ങാണ് ഇപ്പോഴത്തെ ഭരണം. പക്ഷെ നേരെ ചൊവ്വേ ഒരു ദിവസം ഇവർക്ക് രണ്ടാൾക്കും ഭരിക്കുവാൻ ആയോ എന്നത് രണ്ടാളും ആകാശത്തേക്ക് നോക്കിക്കിടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പടച്ചവന്‍ പണികൊടുത്തു നന്മമരത്തിന് !

ഒരു നിസ്സാര കാരണത്താൽ പാലുകൊടുത്തവന്റെ കൈക്കു കടിച്ചുകൊണ്ട് മറുകണ്ടം ചാടി കേരള യാത്രയിൽ കയറിപ്പറ്റി ലേഖനങ്ങളും പ്രസംഗങ്ങളും എഴുതിക്കൊടുത്ത് പുണ്യാളവേഷം ധരിച്ചു മതത്തെ അങ്ങാടിയിൽ തൂക്കി വിറ്റുണ്ടാക്കിയ ഇമേജിൽ സീനിയോറിറ്റികൾ മറികടന്നു

മന്ത്രിയായ ശേഷം കള്ളക്കടത്തുകാർക്കും തട്ടിപ്പുകാർക്കും സ്ഥാനമാനങ്ങൾ വാങ്ങിക്കൊടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റുകളുമിട്ട് വിലസുമ്പോൾ ഇങ്ങനെയൊരു പണി പടച്ചവൻ തിരിച്ചുകൊടുക്കുമെന്ന് ഈ നന്മമരം കരുതിയില്ല.

കഴിഞ്ഞ നാലര വർഷമായി നിരവധി വിഷയങ്ങളിൽ ജലീലിന്റെ രാജിക്കായി പികെ ഫിറോസും ലീഗും കോൺഗ്രസ്സും സമരങ്ങൾ നടത്തി എങ്കിലും ദൈവത്തിന്റെ അദൃശ്യമായ ഒരു സഹായം ജലീലിന് ലഭിച്ചിരുന്നു.

സമരം മൂർഛിക്കുന്ന സമയങ്ങളിൽ പ്രളയമായും നിപ്പായയും കോവിഡ് ആയും ജലീലിനെ രാജിയിൽ നിന്നും രക്ഷപ്പെടുത്തി. പക്ഷെ ജലീൽ അറിയാതെ തന്നെ ജനങ്ങളിൽ ആ ചീട്ടുകൊട്ടാരം ഇടിയുന്നുണ്ടായിരുന്നു എന്നത് മനസ്സിലാക്കുവാൻ നേരം വൈകി. ഇനിയിപ്പോൾ രാജിവെച്ചാലും ഇല്ലെങ്കിലും അത് തീർന്നു !!!

ആ മത്തിക്കൂടിന്‍റെ ഗതി !!

പണ്ട് ടിയാന്‍റെ പഴയ ഡ്രൈവർ പറഞ്ഞതുപോലെ കുറ്റിപ്പുറം അങ്ങാടിയിൽ പത്തുരൂപക്കു മത്തി വാങ്ങി ജനങ്ങളുടെ ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ മത്തി കുറ്റിപ്പുറം റെയിൽവേ പാലത്തിൽ നിന്നും താഴേക്കുവലിച്ചെറിയുന്ന ആ കള്ളത്തരമാണ് ജീവിതത്തിൽ ഇത്രയും വലിയ വീഴ്ചയിലേക്ക് അങ്ങയെ കൊണ്ടെത്തിച്ചത്. ഒരു കാര്യം ഉറപ്പ്.

ഇവയൊന്നുമല്ല താങ്കളുടെ ദുരൂഹതകൾ. ഇനിയും ഏറെ അന്വേഷിക്കുവാനുണ്ട്. സത്യം ജയിക്കും. സത്യമേ ജയിക്കൂ !!! അതുറപ്പ് !!! സത്യത്തിന് കള്ളത്തരം എന്നോ കള്ളക്കടത്ത് എന്നോ അര്‍ത്ഥമില്ല.

എന്തിനാണ് താങ്കൾ നുണ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന സംശയവുമായി തവനൂരിൽ നിന്നും സഖാവ് ദാസനും

എന്തിനാണ് താങ്കൾ ഭട്കലിൽ പോകാറുള്ളത് എന്ന സംശയവുമായി കുറ്റിപ്പുറത്തുനിന്നും വിജയനും

dasanum vijayanum
Advertisment