കണ്ണൂരിലെ സ്വന്തം ഗ്രാമത്തിൽ ഒരു മണിമാളിക പണികഴിപ്പിച്ചു… ഡെക്കറേഷൻ ചെയ്യാനായി ഉപയോ​ഗിച്ചത് പല രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അലങ്കാര വസ്തുക്കൾ…പ്രവാസി മുതലാളിമാരുടെ വീട്ടിന്മേലുള്ള കണ്ണേറുകളും കരിനാക്കുകളും അസൂയാലുക്കളുടെ അഭിപ്രായങ്ങളും ഒരു മനുഷ്യന്റെ കൂടി ജീവനെടുത്തു…അജിത് തയ്യിലിന്റെ ആത്മഹത്യയിൽ ദാസനും വിജയനും പറയാനുള്ളത്

ദാസനും വിജയനും
Tuesday, June 23, 2020

മറ്റൊരു ആത്മഹത്യ കൂടി മലയാളികളിൽ സംഭവിച്ചിരിക്കുന്നു !!! അജിത് തയ്യിൽ എന്ന കണ്ണൂരുകാരൻ ഷാർജയിലെ കെട്ടിടത്തിൽ നിന്നും ചാടി സ്വയം ജീവൻ അവസാനിപ്പിച്ചിരിക്കുന്നു . കേരള പ്രീമിയർ ലീഗ് ടി 20 യുടെ ഡയറക്ടറും സ്‌പേസ് സൊല്യൂഷൻസ് ഇന്റർനാഷ്ണൽ ഗ്രൂപ്പിന്റെ ഉടമസ്ഥനുമായ അജിത് തയ്യിൽ ദുബായിയോടും ഈ ലോകത്തോടും എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു .

ഭാര്യയും രണ്ടുകുട്ടികളുമായി ദുബായിലെ ഉന്നതന്മാർ വസിക്കുന്ന മെഡോസിൽ നല്ലതുപോലെ ജീവിതം നയിച്ചിരുന്ന അജിത് തിങ്കളാഴ്ച രാവിലെ ഷാർജയിലെ ഓഫീസിലേക്ക് കാറോടിച്ചു പോകുകയും ബുഹൈറ കോർണിഷിലെ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയുമായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട് .


മലയാളികളിൽ ദൈവവിശ്വാസം കുറയുന്നതിന്റെ ഭാഗമായാണ് ഈ ആത്‌മഹത്യകൾ സൂചിപ്പിക്കുന്നത് . ദൈവത്തെ വിശ്വസിക്കുന്നവർ ആത്മഹത്യാ ചെയുവാൻ ഒരുമ്പെടാറില്ല . ഇന്നത്തെ ഈ സാഹചര്യങ്ങളിൽ സമൂഹത്തിലെ മാനക്കേടുകളും ജയിൽ വാസങ്ങളും ഒക്കെ ഓർക്കുമ്പോൾ ആളുകൾ രണ്ടും കൽപ്പിച്ചു കെട്ടിടങ്ങളിൽ നിന്നും എടുത്തുചാടുകയാണ് 


കച്ചവത്തിലെ സാമ്പത്തിക പ്രശ്നങ്ങളും പണം കൊടുക്കാനുള്ളവരുടെ ടെലഫോൺ കോളുകളും ചെക്കുകളും മടക്കവും പോലീസ് കേസുകളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒക്കെ മനസ്സിൽ കാടുകയറുമ്പോൾ മരിക്കുകയല്ലാതെ വേറെ നിർവാഹമില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .

ഒരാളും മറ്റൊരാളെ സഹായിക്കുവാൻ തയാറാകാത്ത ഈ പ്രത്യേക സാഹചര്യത്തിൽ സർക്കാരുകൾ കുറെ കാര്യങ്ങൾ വിട്ടുവീഴ്ചകൾ കാണിച്ചില്ലെങ്കിൽ ഇനിയും ജോയിമാരും അജിത് മാരും ഒക്കെ കെട്ടിടങ്ങളിൽ നിന്നും ചാടുന്നത് നാം കാണേണ്ടിവരും . സമൂഹത്തെയാണ് എല്ലാവര്ക്കും പേടി . പ്രത്യേകിച്ഛ് ബന്ധുക്കളെയും സ്വന്തക്കാരെയും അസൂയക്കാരെയും .

അവരെല്ലാം ഒരു തകർച്ചക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന പ്രത്യേക സമയമാണിത് . ഓരോരോ വിക്കറ്റുകൾ വീഴുമ്പോഴും പലരും ഉള്ളുകൊണ്ട് ചിരിക്കുകയാണ് .
സമൂഹത്തിൽ വിജയിച്ചവരുടെ തകർച്ചകൾ കാണുവാൻ പലർക്കും ഭയങ്കര സന്തോഷമാണ് . പത്തും ഇരുപതും മുപ്പതും നാൽപതും കൊല്ലങ്ങളായി ഗൾഫിൽ ജോലിചെയ്ത് ഒരു മണ്ണാങ്കട്ടയും സമ്പാദിക്കാത്ത കുറെ പേർക്കെങ്കിലും ഈ വാർത്തകൾ ആശ്വാസമായിട്ടാണ് കാണപ്പെടുന്നത് .

അതെങ്ങനെ ഈ വയസ്സിനുള്ളിൽ ഇത്രേം പണം സമ്പാദിക്കുന്നു ? അതെങ്ങനെ ഇത്രേം വലിയ വീടുകൾ ഉണ്ടാക്കുന്നു ? അതെങ്ങനെ ഇത്ര വലിയ കാറുകളിൽ യാത്ര ചെയ്യുന്നു എന്നതാണ് പലരുടെയും ചോദ്യം . ദുബായിലും ഷാർജയിലും അബുദാബിയിലും ഖത്തറിലും അജ്മാനിലും ഒക്കെയായി മുപ്പത്തിയഞ്ച് വയസ്സിനും അമ്പത്തിയഞ്ച് വയസിനും ഇടയിലായി രണ്ടായിരത്തോളം മലയാളികൾക്ക് 100 കോടിയിൽ അധികം സമ്പാദ്യം ഉണ്ടെന്ന് പറഞ്ഞാൽ ആരുംതന്നെ വിശ്വസിക്കില്ല .

അതിൽ പകുതിപേരും പ്രീഡിഗ്രി തോറ്റവരോ ഡിഗ്രി തോറ്റവരോ ഒക്കെ ആണെന്നതാണ് സത്യം . നൂറോളം പേരിൽ ആയിരം കോടിക്കുമേലെ ആസ്തിയും 500 പേരിൽ നൂറിനും ആയിരത്തിനും ഇടയിലും ആസ്തി ഉള്ളവർ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുകയേ നിർവാഹമുള്ളൂ .

ജോയ് അറക്കൽ ആ വീടുണ്ടാക്കിയതിനു ശേഷവും മരണപ്പെട്ടതിന് ശേഷവുമാണ് നാലാളുകൾ അറിഞ്ഞുതുടങ്ങിയത് . അതുപോലെ എത്രയോ ജോയിമാരും അജിത് മാരും പൂച്ചകളെ പോലെ പണം ആരെയും കാണിക്കാതെ ജീവിച്ചുപോകുമ്പോൾ അതിന്റെയൊക്കെ അഭിമാനം കേരളത്തിന് തന്നെ .


ഇന്നിപ്പോൾ പ്രവാസിക്ക് ചക്കക്കുരുവിന്റെ വിലപോലും ഇല്ലെങ്കിലും ഇവിടെ വരുന്ന രാഷ്ട്രീയക്കാർക്കൊക്കെ അത്യാവശ്യം പണച്ചാക്കുകളെ അറിയാം . ഇല്ലെങ്കിൽ അവരുടെ കിങ്കരന്മാർ അവാർഡുകൾ എന്ന പേരിലൊക്കെ ഇപ്പറഞ്ഞ കോടീശ്വരന്മാരെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമീപിച്ചിട്ടുണ്ടാകും . പക്ഷെ അവാർഡുകൾ കൊടുക്കുമ്പോൾ തന്നെ അവരുടെ പ്രശനങ്ങളും എന്താണെന്നൊക്കെ ചോദിക്കുന്നതും നന്നായിരിക്കും അജിത് ഒരു സാധാരണക്കാരനായിരുന്നു . ജോയ് അറക്കലിന്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്നേഹിതൻ ചോദിച്ചപ്പോൾ ജോയേട്ടൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് മറുപടി പറഞ്ഞത് . തനിക്കും കുറച്ചു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും എല്ലാം തരണം ചെയുവാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അജിത് പറഞ്ഞത് 


കണ്ണൂരിലെ പുരാതന തയ്യിൽ കുടുംബാംഗമായ അജിത് ക്രിക്കറ്റ് പ്രേമിയും അതുമായി ബന്ധപ്പെട്ട മത്സരങ്ങളും ഇവെന്റുകളും ദുബായിൽ സംഘടിപ്പിച്ചിരുന്നു . അൻപത്തിയഞ്ചു വയസുകാരനായ അജിത് വളരെ നല്ല ബന്ധങ്ങൾ ദുബായിൽ സമ്പാദിച്ചിരുന്നു എങ്കിലും ആരോടും മനസ് തുറക്കാതെ സ്വന്തം ഭാര്യയോട് വരെ യാത്ര പറയാതെയാണ് മെഡോസിലെ വില്ലയിൽ നിന്നും ഷാർജയിലേക്ക് യാത്ര തിരിച്ചത് . മൂത്തമകന്റെ ലണ്ടനിലെ വിദ്യാഭ്യാസം കഴിഞ്ഞു മകനെ കമ്പനിയുടെ കാര്യങ്ങൾ ഏൽപിച്ചുകൊണ്ടു കൂടുതൽ നേരം മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹങ്ങൾ .


അറക്കൽ ജോയിയുടെ അറക്കൽ കൊട്ടാരത്തിന് സമാനമായ ഒരു മണിമാളിക കണ്ണൂരിലെ സ്വന്തം ഗ്രാമത്തിൽ പണികഴിപ്പിച്ച് അതിന്റെ ഓരോരോ മുക്കും മൂലയും സ്വന്തം മേൽനോട്ടത്തിൽ ഡെക്കറേഷൻ ചെയ്യുവാനുള്ള സാധനങ്ങൾ ഓരോരോ രാജ്യത്തുപോയി സ്വന്തമായി നോക്കി എടുത്തുകൊണ്ടാണ് ചെയ്‌തത്‌ . മക്കളെ നോക്കുന്നതുപോലെയാണ് കാര്യങ്ങൾ നോക്കി നടത്തിയത് . നമ്മൾ നേരത്തെ സൂചിപ്പിച്ചതുപോലെ വീട്ടിന്മേലുള്ള കണ്ണേറുകളും കരിനാക്കുകളും അസൂയാലുക്കളുടെ അഭിപ്രായങ്ങളും ഒരു മനുഷ്യന്റെ കൂടി ജീവനെടുത്തു എന്ന് വേണം കരുതുവാൻ !!!


എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്മഹത്യകൾക്ക് മുതിരാതെ വേണ്ടപ്പെട്ടവരുമായി ചർച്ചകൾ ചെയ്തുകൊണ്ട് തക്കതായ പോംവഴി കണ്ടുപിടിക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക . എല്ലാവരും ഒരു പാസ്‌പോർട്ടുമായി വിമാനം കയറിയവരാണ് എന്നത് ഓർമ്മിപ്പിച്ചുകൊണ്ട്

മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു : സ്വന്തം ദാസൻ
കണ്ണീരോടെ സ്വന്തം വിജയൻ

×