മുംബൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് സ്റ്റാർ സ്പോർട്സിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്നു.
/sathyam/media/post_attachments/IfRqcFt1oVA5STlJthqA.jpg)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കഴിയുമ്പോഴാണ് അന്ത്യം. ക്രിക്കറ്റ് മത്സരങ്ങളുടെ കമന്റേറ്ററെന്ന നിലയിൽ ഇന്ത്യൻ ആരാധകർക്ക് സുപരിചിതനായ താരമാണ് ഡീൻ ജോൺസ്.
ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. 1984 ജനുവരി 30ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം.
ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.