താങ്കൾ ഉൾപ്പടെ 8 ആളുകൾ സസ്പെന്റ് ചെയ്യപ്പെടുമ്പോൾ കൂടെയുളള 3 ആളുകൾ കോൺഗ്രസുകാരാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ? അവരോടൊപ്പം ആണ്‌ താങ്കളും സസ്പെഷനിലായത്‌ , അല്ലാതെ താങ്കളോടൊപ്പം അവരല്ല എന്ന് ആദ്യം അംഗീകരിക്കുക; എളമരം കരീമിനെതിരെ ഡീന്‍ കുര്യാക്കോസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 24, 2020

തിരുവനന്തപുരം : എളമരം കരീം എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി.മാതൃഭൂമി ദിനപത്രത്തില്‍ എളമരം എഴുതിയ ലേഖനത്തെ വിമര്‍ശിച്ചാണ് ഡീന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എളമരം കരീം ഉള്‍പ്പെടെ 8 എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


കുറിപ്പ് വായിക്കാം..

പാർലമെന്റ് സമ്മേളനം ഇന്നലെ സമാപിച്ചു .ഇന്നത്തെ മാതൃഭൂമി പത്രത്തിൽ രാജ്യസഭ എം.പി ശ്രീ എളമരം കരീം എഴുതിയ ലേഖനം വായിച്ചു .പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ജനവിരുദ്ധ കാർഷികബില്ലുകളും,ലേബർ കോഡും പാസാക്കിക്കിയതിനെതിരെയാണ് അദ്ദേഹം ലേഖനം എഴുതിയത് എങ്കിൽ സമ്മതിക്കാം.

അതല്ല ഇതിനിടയിലും കോൺഗ്രസിനെ പഴി പറയാനുള്ള അവസരമാക്കി മാറ്റിക്കളയാം എന്നുള്ള അങ്ങയുടെ ദുഷ്ടലാക്ക് ഒട്ടും ശരിയായില്ല.രാജ്യം മുഴുവനും ഉള്ള കർഷകർ അവരുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ശക്തമായ പ്രതിരോധം പാർലമെന്റിന്റെ ഇരുസഭകളിലും സംഘടിപ്പിച്ചുകഴിഞ്ഞു.

അദ്ദേഹം ഉൾപ്പടെ 8 MPമാർ സസ്പെൻഷനിലായ വിഷയം പരിഹരികാതെ ലോക്സഭ നടപടികളിൽ സഹകരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം അംഗീകരിച്ച് കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സഭ ബഹിഷ്ക്കരിച്ച് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.അങ്ങയുടെ ഏറ്റവും പ്രധാന ആക്ഷേപം കോൺഗ്രസ് mp മാർ എന്തു ചെയ്തു എന്നായിരുന്നു .

താങ്കൾ ഉൾപ്പടെ 8ആളുകൾ സസ്പെന്റ് ചെയ്യപ്പെടുമ്പോൾ കൂടെയുളള 3 ആളുകൾ കോൺഗ്രസുകാരാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ? അവരോടൊപ്പം ആണ്‌ താങ്കളും സസ്പെഷനിലായത്‌ അല്ലാതെ താങ്കളോടൊപ്പം അവരല്ല എന്ന് ആദ്യം അംഗീകരിക്കുക.ലോക്സഭയിൽ ഒന്നും ചെയ്തില്ല കോൺഗ്രസ് എന്ന ആക്ഷേപത്തിന് അടിസ്ഥാനമുണ്ടോ?

കഴിഞ്ഞ വ്യാഴാഴ്ച്ചആണ് ലോക്‌സഭയിൽ വിവാദമായ ബില്ലുകൾ ചർച്ചക്കെടുത്തത് .പാർലെമെന്റ് നടപടിക്രമമനുസരിച്ച്‌ ഓർഡിനൻസ് ബില്ലായി പരിഗണിക്കുമ്പോൾ Statutory പ്രമേയം അവതരിപ്പിക്കാം. ബില്ലിന്റെ ചർച്ചയും Statutory പ്രമേയവും ഒരുമിച്ചാണ് ചർച്ച ചെയ്യുക.വിവാദബില്ലുകളിൽ Farmers Produce trade and commerce(Promotion and fascilitation)billൽ Statutory പ്രമേയം അവതരിപ്പിച്ചത് ഞാനായിരുന്നു.Farmers(empowerment and protection)agreement on price assurance and farm service billൽStatutory പ്രമേയം അവതരിപ്പിച്ചത്  N K പ്രേമചന്ദ്രനായിരുന്നു.

ഈവിഷയത്തിൽ ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത് പഞ്ചാബുൾപ്പടെയുള്ള ഉത്തരേന്ത്യൻ സാംസ്ഥാനങ്ങളിലാണ് .അതു കൊണ്ട് പഞ്ചാബിൽ നിന്നുള്ളവർ ആദ്യം സംസാരിക്കണമെന്ന പാർലമെന്ററിപാർട്ടിയുടെ നിർദ്ദേശമനുസരിച്ച്‌ എനിക്ക് ലഭിച്ച ആദ്യത്തെഅവസരം പ്രസംഗിക്കാനായി പഞ്ചാബിൽ നിന്നുള്ള രവ്നീത്സിംഗ് ബിട്ടൂവിന് നൽകി.ആ നിലയിൽ ഞാൻ പ്രമേയം അവതരിപിച്ചതിനുശേഷം അദ്ദേഹം ആണ് ആദ്യപ്രസംഗം നടത്തിയത് .പിന്നീട് N K പ്രേമചന്ദ്രൻ സംസാരിച്ചു.

കേരളത്തിൽ നിന്നുമുള്ള  PK കുഞ്ഞാലിക്കുട്ടിയും  M Kരാഘവനും സംസാരിച്ചു .അവസാനം ഞാൻ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ തള്ളിയാണ് ബിൽ പാസാക്കുന്നത് .ലോക്‌സഭയിൽ മൃഗിയഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ബിൽ പാസാകുമെന്ന് ഉറപ്പാണ്.അവസാനം വോട്ടെടുപ്പ് നടക്കുന്നതിന്‌ മുമ്പ് സഭ ബഹിഷ്കരിക്കുകയായിരുന്നു.

രാജ്യസഭയിൽ വോട്ടെടുപ്പിന് നിന്നാൽ ചിലപ്പോൾ കാര്യങ്ങൾ അവരുദ്ദേശിക്കുന്നതു പോലെയാവില്ല. അതുകൊണ്ടാണ് ഉപാധ്യക്ഷൻ കളളക്കളിനടത്തിയത് .താങ്കളുൾപ്പടെ സസ്പ്പെൻഷനിലായത് അങ്ങനെയാണ് .അത് വലിയ കാര്യമായി പറയുമ്പോൾ കേരളത്തിൽനിന്നും കഴിഞ്ഞ സെക്ഷനിൽ ഡൽഹി കലാപത്തിൽ നടന്ന പ്രതിഷേധത്തിൽ ഞാനടക്കം ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, റ്റി.എൻ.പ്രതാപൻ ഉൾപ്പടെ7 കോൺഗ്രസ്സ് MPമാർ സസ്‌പെൻഷനിലായത് മറന്നിട്ടുണ്ടാവില്ല .

ഇതിനിടയിലും Cpm മാത്രമാണ്‌ വലുതെന്ന പ്രചരണം എത്രത്തോളം ശരിയാകുമെന്ന് സ്വയം ചിന്തിക്കുന്നത് നന്നാവും.പാർലമെന്റിലെ നിങ്ങളുടെ കുറഞ്ഞഎണ്ണ മൊഴിച്ചാൽ പിന്നെ എവിടെയാണ്‌ ഇന്ത്യയിൽ കേരളമൊഴിച്ച് cpm ഉള്ളത് എന്ന് ചോദിച്ച്‌ ബുദ്ധിമുട്ടിക്കുന്നില്ല.എന്നാലും ഇതൊരൽപ്പം കടന്ന കൈയ്യായി പോയി.

ഉമ്മൻചാണ്ടി സാറിന്റെ നിയമസഭാംഗത്വ സുവർണ്ണ ജൂബിലി ആഘോഷിക്കുകയായിരുന്നു ഞങ്ങൾഎന്നും,സംസ്ഥാന ഗവൺമെന്റിനെതിരെ സമരം ചെയ്യാൻ പോയി എന്നും രണ്ടാരോപണവും,രാഹുൽഗാന്ധി വിദേശത്തുപോയതും,ഗുലാംനബി ആസാദിനെ പരിഗണിച്ചില്ലെന്നും പ്രത്യേകമായിഎടുത്തു പറഞ്ഞാണ് അങ്ങയുടെ ലേഖനമവസാനിപ്പിച്ചത്.

ഇതിൽ ഉമ്മൻചാണ്ടിസാറിന്റെ നിയമസഭാഅംഗത്വ ജൂബിലി ആഘാഷം കേരളത്തിൽ നടക്കുമ്പോൾ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ പ്രാധാനപ്പെട്ട ബില്ലിന്റെ ചർച്ചുള്ളതിനാൽ ഞങ്ങളാരും നാട്ടിൽ പോയില്ല.മാത്രവുമല്ല ഡൽഹിയിലും പരിപാടിയുണ്ടായില്ല.

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷധിച്ചവരെ മൃഗീയമായി തല്ലിച്ചതച്ചപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ട്.അതിൽ ഞങ്ങൾക്ക് കുറ്റബോധമില്ല.കോൺഗ്രസ് അധ്യക്ഷ ബഹു.സോണിയ ഗാന്ധി ചികിത്സക്കായി വിദേശത്തുപോയപ്പോൾ മകനായ രാഹുൽഗാന്ധി കൂടെ സഹായത്തിനായി പോയതിനേയും,രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി ഗുലാംനബി ആസാദ് ഇപ്പോഴും തുടരുമ്പോഴും തരം താണ വിമർശനവുമായി വരുന്നത് അങ്ങയുടെ സീനിയോരിറ്റിക്ക് യോജിച്ചില്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

പിന്നെ എന്റെ അറിവിൽ രാജ്യസഭയിൽ നടക്കുന്ന കാര്യത്തിൽ ലോക്‌സഭയിലും ലോക്സഭയിൽ നടന്ന കാര്യത്തിൽ രാജ്യസഭയിലും ഇതിന് മുൻപ് ചർച്ച നടത്തുകയോ പ്രതിഷേധം നടക്കുകയോ ചെയ്ത കീഴ് വഴക്കമില്ല.

ആദ്യമായിട്ടാണ് എന്റെഅറിവിൽ രാജ്യ സഭയിലെ പ്രശ്നത്തിന്റെ പേരിൽ ലോക്സഭയിൽ 2 ദിവസം ബഹിഷ്ക്കരണമുണ്ടായത്. അത് ഈ പ്രശ്നത്തിൽ കോൺഗ്രസിനും കേരളത്തിൽ നിന്നുമുള്ള MPമാർക്കുമുള്ള ആത്മാർത്ഥതകൊണ്ടുമാണെന്ന് പ്രത്യേകം പറയുന്നില്ല.

×