രാജ്യദ്രോഹത്തെ ബലാത്സംഗം കൊണ്ട് നേരിടുന്ന കേരള രാഷ്ട്രീയത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ…

സത്യം ഡെസ്ക്
Monday, November 2, 2020

ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീ ആത്മഹത്യ ചെയ്യുന്നതാണ് ഉചിതം എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിദഗ്ധാഭിപ്രായം. അതോടെ ശല്യം തീരുമല്ലോ എന്നാണ് അദ്ദേഹം കരുതുന്നത്.

ഇര ജീവിച്ചിരുന്നാൽ അല്ലെ കേസ് ഉണ്ടാകൂ. മരിച്ചാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാകില്ലല്ലോ. അതോടെ കേസും കഴിയും. ബലാത്സംഗക്കാരന് അടുത്ത ഇരയെ തേടിപ്പോകാൻ കഴിയുകയും ചെയ്യും.

വളരെ ലളിത മനസ്കനാണ് മുല്ലപ്പള്ളി. പിള്ളമനസ്സാണ്, അതിലൊട്ടും കള്ളമില്ല. അതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞത്. ഗാന്ധിയിലാണ് മുല്ലപ്പള്ളിക്ക് വിശ്വാസം. അതുകൊണ്ടു വാക്കും മനസും ഒന്നുതന്നെ ആയിരിക്കും.

ഇപ്പോൾ അദ്ദേഹത്തിന് ബലാത്സംഗ പരാതി ശല്യമായി തോന്നാനും കാരണമുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയിലെ ദേശീയ ജനറൽ സെക്രട്ടറി അടക്കം 14 പേരെ പ്രതികളാക്കിയാണ് ഏതാണ്ട് മൂന്ന് വർഷം മുൻപ് ഇരയാക്കപ്പെട്ട സ്ത്രീ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

സ്ത്രീ നീതി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ പിണറായി സർക്കാർ അതിൽ ഒരു നടപടിയുമെടുക്കാതെ മാറ്റിവച്ചു. സ്ത്രീ സ്വതന്ത്ര്യത്തിന് വേണ്ടി സമഗ്രമായ പോരാട്ടം നടത്തുന്ന ധീര വിപ്ലവകാരികൾ ഒന്നും മിണ്ടാതിരുന്നു.

ഇപ്പോൾ അതിനെ പരിചയാക്കിയെടുത്തുകൊണ്ടു സ്വർണക്കടത്തു/മയക്കുമരുന്നു കടത്തു കേസുകളിലെ പാർട്ടി സഖാക്കളെ പ്രതിരോധിക്കാം എന്നാണ് പാർട്ടി കരുതുന്നത്. കള്ളക്കടത്തു, സ്വർണക്കടത്തു, കള്ളപ്പണകടത്തു, മയക്കുമരുന്നു ഇടപാട് എന്നി രാജ്യദ്രോഹനടപടികളെ ബാലസംഗ കേസുകൊണ്ടു തടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

മുല്ലപ്പള്ളിയുടെ രോഷം ന്യായമാണ്. പാർട്ടിയുടെ 5 എംപിമാർക്കെതിരെ ബാലാത്സംഗ കുറ്റമാണ് അരോപിക്കപ്പെടുന്നത്. മുൻ മുഖ്യമന്ത്രിയടക്കം മൂന്ന് എംഎൽഎമാർക്കെതിരെ സ്ത്രീപീഡനവും ആരോപിച്ചിട്ടുണ്ട്.

പാർട്ടിയുടെ രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ ആൺമക്കൾ ഇരയെ പലവട്ടം പീഡിപ്പിച്ചു എന്നും ആരോപിച്ചിട്ടുണ്ട്. മുസ്ലിംലീഗിന്റെയും മാണി കേരള കോൺഗ്രസ്സിന്റെയും നേതാക്കൾ പ്രതികളാണ്.

ആദർശസമ്പന്നരായ നേതാക്കൾക്കെതിരെ സ്ത്രീപീഡനം ആരോപിക്കപ്പെടുമ്പോൾ അതിനെ ന്യായീകരിക്കേണ്ടിവരുന്ന പാർട്ടി അധ്യക്ഷന്റെ വേവലാതി മനസിലാക്കാവുന്നതാണ്. സ്വാഭാവികമായും അദ്ദേഹത്തിന് സമനില തെറ്റിയതിലും അത്ഭുതമില്ല.

രാജ്യദ്രോഹത്തെ ബലാത്സംഗം കൊണ്ട് നേരിടുന്ന കേരള രാഷ്ട്രീയം പ്രബുദ്ധം തന്നെ. പക്ഷെ മുല്ലപ്പള്ളി നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. മുല്ലപ്പള്ളി 1984 മുതൽ 2019 വരെയുള്ള കാലയളവിൽ 7 തവണ ലോകസഭാംഗമായിരുന്നു.

അദ്ദേഹം അംഗമായിരുന്ന ലോക്സഭയാണ് 2013 ഏപ്രിൽ ഒന്നിന് ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവകളിൽ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ട് നിയമ നിർമാണം നടത്തിയത്.

അതുപ്രകാരം ബലാത്സംഗത്തിന്റെ നിർവചനം വിപുലമാക്കി. ബലാത്സംഗത്തിനു ഇരയാക്കപ്പെടുന്ന സ്ത്രീയുടെ ഭൂതകാലം ബലാത്സംഗ കേസിൽ അപ്രസക്തമായ കാര്യമാണ്. മാത്രമല്ല, അത്തരം കാര്യങ്ങളെ കുറിച്ചുള്ള ക്രോസ് വിസ്താരം ഈ നിയമത്തിൽ വിലക്കിയിട്ടുമുണ്ട്.

ഇരയുടെ മൊഴി മുഖവിലക്കു തന്നെ അംഗീകരിക്കണം. ഈ നിയമപ്രകാരം ഒരു സ്ത്രീ ഇന്ന ആൾ എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാൽ കോടതി അത് ശരിയാണെന്നു സ്വീകരിക്കണം. മറിച്ചു തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്.

കുറ്റാരോപിതൻ തെളിവുകൾ ഹാജരാക്കുമ്പോൾ മാത്രമേ ആരോപണം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുള്ളൂ. ഈ നിയമത്തിലെ വകുപ്പ് 19 അനുസരിച്ചു അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ മേലധികാരികളുടെ സമ്മതവും ആവശ്യമില്ല.

ഒരു സ്ത്രീയെ അഭിസാരിക എന്ന് വിശേഷിപ്പിക്കുന്നത് ഈ നിയമ പ്രകാരം കുറ്റകൃത്യമാണ്. കാരണം അത്തരം വിശേഷണം സ്ത്രീയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേല്പിക്കും.

ചുരുങ്ങിയത് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെ, ഇര നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കാലതാമസം വരുത്തിയ പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.

രാഷ്ട്രീയ നേതാക്കൾ പ്രതികളാക്കപ്പെടുന്ന ക്രിമിനൽ കേസുകളിൽ നടപടി എടുക്കാൻ പോലീസ് കാലതാമസം വരുത്തുന്നത് അക്ഷന്തവ്യമാണെന്ന് സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്.

ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാതിരിക്കുകയും നടപടിയെടുക്കാൻ പോകുന്നു എന്ന കാര്യം പ്രതിഭാഗത്തെ അറിയിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് എതിരെ സർക്കാർ നടപടിയെടുക്കേണ്ടതാണ്.

സ്ത്രീപീഠന കേസുകളിൽ നടപടിയെടുക്കാൻ പോകുന്നു എന്ന കാര്യം തന്നെ അറിയിച്ചത് പൊലീസുകാരനാണ് എന്ന് മുല്ലപ്പള്ളി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

-ഡോ. കെഎസ് രാധാകൃഷ്ണൻ

×