Advertisment

ഉണ്ണിക്കുട്ടൻമാരും കുഞ്ഞിക്കാന്താരികളും ഉണ്ടായിട്ട്‌ ആദ്യായിട്ടല്ലേ നമുക്കവരെ ഇത്രേം നേരം ഒന്നിച്ച്‌ അടുത്ത്‌ കിട്ടുന്നത്‌? ഓണ്‍ലൈന്‍ ക്ലാസുകള്‍ നമ്മുടെ കണ്‍വെട്ടത്തു മതി, ഗാഡ്ജറ്റിന് താക്കോലായി നമ്മുടെ വിരലടയാളവും വേണം; അമ്മമാര്‍ അറിയാന്‍ യുവ ഡോക്ടര്‍ എഴുതുന്നു

New Update

കൊറോണയെപ്പേടിച്ച് ടിവിക്കും വേറെ പല വിധ സ്‌ക്രീനുകള്‍ക്കും മുന്നില്‍ ഒതുങ്ങേണ്ടി വന്ന കുഞ്ഞുങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. ഓണ്‍ലൈന്‍ ക്ലാസില്‍ ചുരുങ്ങിപ്പോയ വിദ്യാഭ്യാസ കാലത്തെക്കുറിച്ചും കുട്ടികളുടെ ഭാവിയെക്കുറിച്ചുമെല്ലാം ഷിംന ആശങ്കയോടെ കുറിക്കുന്നു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

വീട്ടിൽ അടഞ്ഞിരുന്ന്‌ പോയ മക്കൾ വലിയൊരാധിയാകുന്നു നമ്മളിൽ പലർക്കും. കൊറോണയെപ്പേടിച്ച്‌ ടിവിക്കും വേറെ പല വിധ സ്‌ക്രീനിനും മക്കളെ ദത്ത്‌ കൊടുത്തതും സഹിക്കാം. ഓൺലൈൻ ക്ലാസെന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടടക്കം വിരൽത്തുമ്പിലുള്ള ഫോൺ മക്കൾക്ക്‌ സുലഭമായി. അവൻമാർക്കാണെങ്കിൽ സ്‌പ്ലിറ്റ്‌ സ്‌ക്രീൻ, വിപിഎൻ തുടങ്ങി ഫോണിലെ സകലമാന തരികിടകളും അറിയുകേം ചെയ്യാം. ഒരു തരം തീക്കളി.

പലയിടത്തും ശരിക്കുള്ള അവസ്‌ഥ എന്താച്ചാൽ മക്കളെ മുറീന്ന്‌ പുറത്തിറക്കാൻ പുകച്ച്‌ പുറത്ത്‌ ചാടിക്കേണ്ട സ്‌ഥിതി. നാടൊട്ടുക്ക്‌ കളിക്കാൻ വിടാൻ പറ്റില്ല, സാധനം വാങ്ങാൻ വിടണേൽ പോലും മാസ്‌കൊക്കെ നന്നായി വെച്ച്‌, പത്ത്‌ വയസ്സ്‌ തികഞ്ഞ്‌ പ്രായപൂർത്തിയായി എന്നുറപ്പ്‌ വരുത്തണം… വെരി ഡിഫിക്കൾട്ട്‌ ! ഇതിനിടേൽ വാലിൻമേൽ പിടിച്ചിട്ട്‌ വിട്ട തുമ്പീടെ സൈസ്‌ ‘ശൂ’…ന്ന്‌ തെക്കോട്ട്‌ വിളിച്ചാൽ വടക്കുകിഴക്ക്‌ ദിശയിൽ ഓടുന്ന ചെറുതുങ്ങൾ കുറേയെണ്ണം വേറെയും…

ആദ്യം മനസ്സിലാക്കേണ്ടത്‌, നിങ്ങളൊരാളല്ല ഇതനുഭവിക്കുന്നത്‌ എന്നതാണ്‌. എല്ലാ വീട്ടിലും ഇതൊക്കെത്തന്നെ സ്‌ഥിതി. എത്ര വിശ്വസ്‌തരായ മക്കൾസാണേലും സ്വന്തം ഡിവൈസിൽ നിന്ന്‌ ഇടക്കെങ്കിലും കുട്ടികളുടെ ക്ലാസിൽ നുഴഞ്ഞ്‌ കയറി അവരവിടെയൊക്കെ തന്നെയുണ്ടോന്ന്‌ നോക്കുന്നത്‌ നല്ലതാണ്‌. എല്ലായെപ്പോഴും ഈ ക്ലാസ്‌ നമ്മുടെ കാഴ്‌ചവട്ടത്താകുമെങ്കിൽ ഏറ്റവും നല്ലത്‌. ഹോംവർക്ക്‌ ചെയ്യുന്നുണ്ടോ എന്നും പാരന്റ്‌സിന്‌ മെസേജ്‌ വല്ലതും ഉണ്ടോന്നും, മീറ്റിങ്ങ്‌, പരീക്ഷ തുടങ്ങിയ പരിപാടികൾ എപ്പഴാണെന്നുമൊക്കെ നമ്മളറിയണം. പാരന്റിന്‌ ജോലിത്തിരക്കെങ്കിൽ ഗ്രാന്റ്‌ പാരന്റോ മുതിർന്ന സഹോദരങ്ങളോ ഒക്കെ ഈ കടമ നിർവ്വഹിച്ചേ മതിയാകൂ.

ഇതിന്റെയെല്ലാം മീതെ, പ്രായപൂർത്തിയാവാത്ത മക്കളുടെ (ലിംഗഭേദമന്യേ) ഗാഡ്‌ജറ്റിന്‌ താക്കോലായി പാസ്‌വേർഡും വിരലടയാളവുമൊക്കെ നമ്മുടേത്‌ കൂടി ഉണ്ടാവണം.

കൊറോണ പോവുമ്പോ പോട്ടെ. മക്കളുടെ ഭാവി ആ വഴി പോകാൻ പറ്റൂല. ഓൺലൈൻ കേറിയാൻ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാതെ മക്കൾ മുങ്ങിപ്പോയേക്കുമെന്നത്‌ നേര്‌. അത്‌ തടയാനും ലോകം മുറിക്കുള്ളിൽ മാത്രമായി ചുരുങ്ങി ഇന്റർനെറ്റ്‌ കാട്ടിൽ കേറി അവർ വഴി മാറിപ്പോകാതെ, അന്നേരങ്ങൾ കൈവശപ്പെടുത്തി അവർക്ക്‌ നൂറ്‌ നൂറ്‌ കാര്യങ്ങളുള്ള രസമുള്ള ബാല്യം പകരാനും നമ്മൾ വിചാരിച്ചാലുമാവും.

മതിലിനകത്തെ ലോകവും മനോഹരമായ പാഠശാലയാണ്‌. അടുക്കളയും പൂന്തോട്ടവും വീടുവൃത്തിയാക്കലും, ഇൻഡോർ ഗെയിംസും ചിത്രം വരയും വായനയും… പിന്നെയും വേറെ ഏതാണ്ടൊക്കെയോ പരിപാടികളും… ഒരൽപം ശ്രമം നമ്മളിൽ നിന്നുണ്ടാവണമെന്ന്‌ മാത്രം…

ഉണ്ണിക്കുട്ടൻമാരും കുഞ്ഞിക്കാന്താരികളും ഉണ്ടായിട്ട്‌ ആദ്യായിട്ടല്ലേ നമുക്കവരെ ഇത്രേം നേരം ഒന്നിച്ച്‌ അടുത്ത്‌ കിട്ടുന്നത്‌? എന്ത് ചെയ്യുമെന്ന്‌ ആലോചിച്ച്‌ ആധി പിടിക്കല്ലേ… എന്തെല്ലാം ചെയ്യാമെന്നാലോചിക്കൂ… Options are truly unlimited.

അല്ലെങ്കിലും, ബാല്യം എത്ര ഭംഗിയുള്ളതാണ്‌ !

dr.shimna aziz facebook post
Advertisment