ഒളിച്ചും പതുങ്ങിയും കള്ളനേപ്പോലെ ഒരു മന്ത്രി കേന്ദ്ര ഏജന്‍സിക്കു മുമ്പില്‍. തീര്‍ത്തും അപമാനകരം ! രാജിവച്ചില്ലെങ്കില്‍ കെറ്റി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും കയ്യില്‍ പിടിച്ചിറക്കിവിടാന്‍ ഇനി വൈകരുത് / എഡിറ്റോറിയല്‍

New Update

publive-image

ആദ്യം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പിന്നെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍, ഇപ്പോള്‍ ഒരു സംസ്ഥാന മന്ത്രിയും - എന്‍ഐഎയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് / മയക്കുമരുന്നു കടത്ത് കേസുകളില്‍ സര്‍ക്കാരിന്‍റെ ഭ്രമണപഥത്തിനുള്ളില്‍ തന്നെയുള്ള പ്രധാനികള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് അതീവ ഗൗരവം തന്നെയാണ്.

Advertisment

സര്‍ക്കാരിനെ സംബന്ധിച്ച് ന്യായീകരിക്കാവുന്നതിന്‍റെയും പിടിച്ചു നില്‍ക്കാവുന്നതിന്‍റെയും അങ്ങേയറ്റവും അതിനപ്പുറവുമുള്ള അവസ്ഥയിലാണ് ഇന്നത്തെ സ്ഥിതി.

മുമ്പ് കോടതിയില്‍നിന്നുള്ള അനൗപചാരിക കമന്‍റുകളുടെയും പരാമര്‍ശങ്ങളുടെയുമൊക്കെ പേരില്‍ വന്‍ വിവാദമുണ്ടാക്കി  മന്ത്രിമാരെ രാജിവയ്പിച്ചിട്ടുള്ളതാണ് കേരളത്തിന്‍റെ ചരിത്രം.

ഒരു കേസുപോലും ഇല്ലാതെ ഉണ്ടായ അപവാദത്തിന്‍റെ പേരില്‍ രാജിവച്ച പിടി ചാക്കോമുതല്‍ കെ കരുണാകരന്‍, ആര്‍ ബാലകൃഷ്ണപിള്ള, കെഎം മാണി, ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍ വരെ നീളുന്ന ചരിത്രം കേരളത്തിനു മുമ്പിലുണ്ട്. അതിനേക്കാളൊക്കെ ഗൗരവതരമാണ് മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദം.

സംസ്ഥാനം കണ്ട ഏറ്റവും ഗൗരവതരമായ ഒരു സ്വര്‍ണക്കടത്തു കേസില്‍, അതും നയതന്ത്ര വഴികളിലൂടെ നടന്ന കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ഇനി എന്ത് ന്യായത്തിന്‍റെ പേരിലായാലും ഈ മന്ത്രിയെ പദവിയില്‍ തുടരാന്‍ അനുവദിക്കരുത്. അത് സംസ്ഥാന സര്‍ക്കാരിനെന്നല്ല, കേരള നാടിനുതന്നെ അപമാനകരമാണ്.

3 ദിവസം മുമ്പ് നോട്ടീസ് കിട്ടിയിട്ടും ആരെയും അറിയിക്കാതെ ഔദ്യോഗിക വാഹനം നഗരപരിധിയില്‍ സുഹൃത്തിന്‍റെ വിട്ടിലിട്ട് ഒരു സാധാരണ വാഹനത്തില്‍ ഇഡിയുടെ രഹസ്യ കേന്ദ്രത്തിലെത്തിയാണ് മന്ത്രി ചോദ്യം ചെയ്യലിന് വിധേയനായത്.

ഒളിച്ചും പാത്തുമാണ് മന്ത്രി ഇഡിയുടെ മുമ്പിലെത്തിയതെന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ഇനിയും ഇത്തരമൊരു മന്ത്രിയെ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം. അത് വൈകാതെ ആകുകയും വേണം.

പാത്തും പതുങ്ങിയും ഇഡിയ്ക്കു മുമ്പിലെത്തും മുന്‍പേ ആ രാജിക്കത്ത് കൊടുത്ത് മന്ത്രി കൊച്ചിയ്ക്കു പോയിരുന്നെങ്കില്‍ അത് ആ പദവിയോട് കാണിക്കുന്ന അന്തസാകുമായിരുന്നു. മന്ത്രി ജലീല്‍ ആ മര്യാദ കാണിച്ചില്ല. ഇനി മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി വൈകരുത്.

-എഡിറ്റര്‍

editorial
Advertisment