പത്രത്തിലേക്കും ഫേസ്ബുക്കിലേക്കുമായി സ്വന്തം ചരമവാർത്ത എഴുതി വച്ചു, അവയവങ്ങൾ ദാനം ചെയ്തു; ചിരിയോടെ ജീവിച്ച് എജ്ജി മടങ്ങി

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, October 18, 2020

ചെന്നൈ : സ്വന്തം ചരമവാർത്ത എഴുതി മരണത്തിലേക്ക് നടന്നടുത്ത എജ്ജിയുടെ ആ​ഗ്രഹങ്ങൾ നിറവേറ്റി കുടുംബം. പത്രത്തിലേക്കും ഫേസ്ബുക്കിലേക്കുമായി രണ്ട് ചരമക്കുറിപ്പ് എഴുതിവച്ചാണ് അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയയെ എജ്ജി നേരിട്ടത്. അവയവങ്ങൾ സംഭാവന നൽകുന്നുവെന്നും ബാക്കി വരുന്ന ശരീരം പരീക്ഷണങ്ങൾക്കായി വിട്ടുനൽകുന്നുവെന്നും എജ്ജിയുടെ കുറിപ്പിലുണ്ട്. ഈ രണ്ട് ആ​ഗ്രഹങ്ങളും കുടുംബം നിറവേറ്റി.

“സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയെത്തുടർന്നു എജ്ജി (72) കഴിഞ്ഞ ദിവസം ജീവിതത്തോടു വിട പറഞ്ഞു”, എന്നാണ് പത്രത്തിലേക്കായി അദ്ദേഹം എഴുതിവച്ച ചരമക്കുറിപ്പ്. സ്വയമെഴുതിയ ചരമക്കുറിപ്പ് എന്ന അറിയിപ്പോടെയാണ് ഈ കുറിപ്പ് നൽകിയത്. ‘‘എന്റെ പാർട്ടി കഴിഞ്ഞു. സമയം അതിവേഗം കടന്നുപോകുകയാണ്.

അതിനാൽ, നന്നായി ജീവിക്കുക, ആസ്വദിക്കുക, ആഘോഷം തുടരുക, പ്രിയപ്പെട്ടവർക്കായി എജ്ജി കുറിച്ച വരികൾ ഇങ്ങനെയാണ്. ഭൂമി എന്ന ഗ്രാമത്തിൽ, മതമില്ലാതെ, സ്വന്തം നിയമങ്ങളോടെ മുന്നേറിയവൻ എന്നാണു അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.

നടൻ, കാർ റാലി ഡ്രൈവർ, സംഘാടകൻ, മാനവികതാവാദി, യുക്തിവാദി, മുഴുവൻ സമയ ഭർത്താവും ഹോം മേക്കറും തുടങ്ങിയ വിശേഷങ്ങളും സ്വയം നൽകി.

സ്വന്തം ശരീരത്തെ വിന്റേജ് കാറിനോട് ഉപമിച്ചാണ് ഫേസ്ബുക്കിലെ എജ്ജിയുടെ  കുറിപ്പ്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ മെക്കാനിക്കുകൾ ഏറ്റവും മികച്ച ഉപകരണങ്ങൾ കൊണ്ടു കാർ നന്നാക്കാൻ ശ്രമിച്ചട്ടും കഴിഞ്ഞില്ലെന്ന് കുറിപ്പിൽ പറയുന്നു. കൊള്ളാവുന്ന പാർട്സ് ഇതേപോലെ പഴയ കാറുള്ളവർക്ക് ഉപയോഗിക്കാനായി നൽകുകയാണെന്നും അദ്ദേഹം എഴുതി.

×