സോഷ്യൽ മീഡിയയിൽ വൈറലായ പച്ചപ്പ്…സിഎംഡിയുടെ നിർദ്ദേശപ്രകാരം കാടു പിടിച്ച സ്ഥലം വൃത്തിയാക്കി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, October 18, 2020

കൊച്ചി; എറണാകുളം ബസ് സ്റ്റാൻഡിന് സമീപമുള്ള കാരക്കാമുറി ​ഗ്യാരേജിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലം കാടുപിടിച്ച കിടന്നിരുന്നത് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ ബിജുപ്രഭാകറിന്റെ നിർദ്ദേശ പ്രകാരം വൃത്തിയാക്കി. ​

(എറണാകുളം ബസ് സ്റ്റാൻഡിന് സമീപമുള്ള കാരക്കാമുറി ​ഗ്യാരേജിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലം കാടുപിടിച്ച നിലയിൽ)

ഗ്യാരേജിൽ ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലം കാട് കയറി കിടന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളും വാർത്തയായത് സിഎംഡിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

(സിഎംഡിയുടെ നിർ​ദ്ദേശ പ്രകാരം കാടു പിടിച്ച സ്ഥലം വൃത്തിയാക്കിയപ്പോൾ)

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം എറണാകുളത്തേയും, തേവര, പിറവം ഡിപ്പോകളിലേയും ഉൾപ്പെടെയുള്ള 138 ഓളം ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്. അതിൽ 46 ബസുകൾ മാത്രമാണ് ഇപ്പോൾ ദിവസേന സർവ്വീസ് നടത്തുന്നത്.

ഡിപ്പോയുടെ ഏറ്റവും പിറക് വശത്ത് വൃത്തിയായി സൂക്ഷിക്കുമെങ്കിലും അടുത്ത ദിവസങ്ങളിൽ പെയ്ത മഴയിൽ വള്ളിചെടികൾ വേ​ഗത്തിൽ വളർന്നാണ് പെട്ടെന്ന് കാടു പിടിച്ച അവസ്ഥയുണ്ടായതെന്ന് ഡിറ്റിഒ അറിയിച്ചു.

ഇതിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ​ഗ്യാരേജുകളിലും ബസുകൾ പാർക്ക് ചെയ്തിരുക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുവാൻ ഡിപ്പോ അധികൃതർക്ക് സിഎംഡി നിർദ്ദേശം നൽകി. ഇത് കൂടാതെ ബസ് യഥാസമയം ചലപ്പിച്ച് അത് വർക്കിം​ഗ് കണ്ടീഷനിൽ നിർത്തണമെന്ന നിർദ്ദേശം ഉണ്ടായിട്ടും അത് പാലിക്കാത്ത ഡിപ്പോ എഞ്ചിനീയറർമാരുടെ പേരിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.

×