ഇവരാണ് ആ കിടുക്കൻ ധൈര്യവാന്മാർ ; മല്ലികശ്ശേരി പൊന്നൊഴുകും തോടിനു സമീപം കൈത്തോട്ടിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകൾ തെരേസയെ രക്ഷിച്ചത് ഈ സൂപ്പർ ബോയ്സ് ആണ്.

സുനില്‍ പാലാ
Tuesday, June 23, 2020

പാലാ:  എലിക്കുളം പാമ്പോലി കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, സഹോദരൻ റെയോൺ നോബി എന്നിവരാണ് കുട്ടിയുടെ രക്ഷകരായത്. ഇതേക്കുറിച്ചു രക്ഷകർ പറയുന്നത് ഇങ്ങനെ👇👇👇

സ്കൂൾ തുറക്കാത്തതിനാൽ കുളിക്കാൻ ഇറങ്ങിയതാണ് നാൽവർ സംഘം. വീട്ടുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും ഡിയോണും റെയോണും കരഞ്ഞു സമ്മതം വാങ്ങിക്കുകയായിരുന്നു. എന്നും കുളിക്കുന്ന കടവിൽ എത്തിയപ്പോൾ വെള്ളം കൂടുതൽ കണ്ടു. ഇതേത്തുടർന്നു വെള്ളം കുറഞ്ഞ സ്ഥലം കണ്ടെത്തി അവിടെ കുളിക്കാനിറങ്ങി.

ഇവർ കുളിക്കാനിറങ്ങിയതിൻ്റെ തൊട്ടടുത്ത് കുളിക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും കുട്ടി ഒഴുകി വരുന്നതു കണ്ട് അലമുറയിട്ടു. ഇതു കേട്ട കുട്ടികൾ നോക്കുമ്പോൾ ഒരു കൈ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കുഞ്ഞ് ഒഴുകി വരുന്നു. ആദ്യം പിടിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കു കാരണം നടന്നില്ല. തുടർന്നു രണ്ടാം വട്ടം ശ്രമിച്ചപ്പോൾ കുട്ടിയെ കിട്ടി. തുടർന്ന് നാലുപേരും ചേർന്ന് കുട്ടിയെ തൊട്ടടുത്ത കോക്കാട്ട് തോമാച്ചൻ്റെ വീട്ടിൽ എത്തിച്ചു. ഇവിടെ വച്ചു തോമാച്ചൻ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തേമാച്ചനും ബന്ധുവായ എബിനും ചേർന്ന് കുട്ടിയെ പൈകയിലെ പുതിയിടം ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു.

ആനന്ദിനും കൂട്ടുകാർക്കും കുട്ടിയെ രക്ഷിക്കാനായില്ലെങ്കിൽ കുട്ടി പൊന്നൊഴുകും തോട്ടിൽ പതിക്കുമായിരുന്നു. മുന്നൂറ് മീറ്ററോളം ദൂരമാണ് വെള്ളത്തിലൂടെ കുട്ടി ഒഴുകിയത്. ഇതേത്തുടർന്നു കുട്ടിയുടെ വയറ്റിൽ വെള്ളവും ചെളിയും കയറിയിരുന്നു.

കുട്ടിയെ കണ്ടപ്പോൾ തന്നെ എടുക്കുകയും പ്രഥമശുശ്രൂഷ കൃത്യമായി നൽകുകയും ചെയ്തതു കൊണ്ടാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷിക്കാനായതെന്ന് കുട്ടിയെ ചികിത്സിക്കുന്ന മരിയൻ മെഡിക്കൽ സെൻ്ററിലെ ഡോ അലക്സ് മാണി പറഞ്ഞു. ആശുപത്രിയിൽ മാണി സി കാപ്പൻ എം എൽ എ എത്തിക്കുമ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. തുടർന്നു ചികിത്സ നൽകി ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരികയായിരുന്നുവെന്ന് അലക്സ് മാണി പറഞ്ഞു.

കുട്ടിയെ വെള്ളത്തിൽ നിന്നും എടുത്തതും തൊട്ടടുത്ത വീട്ടിൽ വച്ചും തുടർന്നും പ്രഥമ ശുശ്രൂഷ നൽകി സമീപത്തെ പുതിയിടം ആശുപത്രിയിൽ വേഗത്തിൽ എത്തിച്ചതും അവിടെ നിന്നും വേഗത്തിൽ മാണി സി കാപ്പൻ എം എൽ എ മരിയൻ സെൻ്ററിൽ എത്തിച്ചതുമെല്ലാം കൃത്യമായിരുന്നു. എല്ലാവരും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്. നിഖിൽ വിളക്കുമാടം സെൻ്റ് ജോസഫ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഡിയോണും റെയോണും ആനക്കല്ല് സെൻ്റ് ആൻ്റണീസിൽ യഥാക്രമം ആറും നാലും ക്ലാസിൽ പഠിക്കുന്നു.

ഒന്നര വയസുകാരി തെരേസയുടെ ജീവൻ രക്ഷിച്ച ആനന്ദിനെയും കൂട്ടുകാരെയും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ബ്രേവറി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. കുട്ടിയെ രക്ഷിച്ച കടവിൽ വച്ചാണ് ആദരവ് നൽകിയത്. സാബു എബ്രാഹം, അനൂപ് ചെറിയാൻ, എൻ ആർ ബാബു എന്നിവർ പങ്കെടുത്തു.

×