ദുബായ്-കുവൈറ്റ് ടിക്കറ്റ് നിരക്ക് ഇരുട്ടടിയാകുന്നു ! കുവൈറ്റിലേക്കുള്ള പ്രവാസികളുടെ പുതിയ ഇടത്താവളമായി എത്യോപ്യ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, October 17, 2020

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 34 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് എന്ന് നീക്കുമെന്നത് അനിശ്ചിതത്വത്തിലാണ്. അതുകൊണ്ട് തന്നെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിഞ്ഞ് കുവൈറ്റിലേക്കെത്താമെന്ന സാധ്യത ഉപയോഗിക്കുന്ന പ്രവാസികളുടെ എണ്ണവും വര്‍ധിക്കുന്നു.

ആദ്യ ഘട്ടത്തില്‍ ഭൂരിപക്ഷം പ്രവാസികളും ദുബായിയായിരുന്നു കുവൈറ്റിലേക്കുള്ള ഇടത്താവളമായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ദുബായില്‍ നിന്ന് കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചത് പ്രവാസികളെ പ്രതിസന്ധിയിലാക്കി.

14 കെ.ഡി നിരക്ക് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇത് 700 കെ.ഡി ആയാണ് വര്‍ധിച്ചത്. ടിക്കറ്റ് നിരക്ക് കൂടിയതിന് പുറമെ വിമാനത്തിലെ പരിമിതമായ സീറ്റുകളും ദുബായി വഴി കുവൈറ്റിലെത്താമെന്ന്‌ കരുതിയവര്‍ക്ക് തിരിച്ചടിയായി.

കുവൈറ്റിലേക്കുള്ള പ്രവാസികളുടെ പ്രധാന ഇടത്താവളമായി മാറുകയാണ് എത്യോപ്യ. 14 ദിവസം താമസിക്കാന്‍ താരതമ്യേന ചെലവ് കുറവാണെന്നതും എത്യോപ്യയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എയര്‍ ടിക്കറ്റ്, ഹോട്ടല്‍ താമസസൗകര്യങ്ങള്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 200 കെ.ഡി മാത്രമാണ് ഇവിടെ ചെലവ് വരുന്നത്.

×