നിരാലംബരായ അഞ്ചു പെൺ മക്കൾക്ക് നാട്ടുകാർ നൽകിയ സ്നേഹ സമ്മാനം

സമദ് കല്ലടിക്കോട്
Saturday, August 1, 2020

കോങ്ങാട്: അനാഥരായ അഞ്ചു പെൺ കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് പെരുന്നാൾ സമ്മാനമായി കിട്ടിയത് കരുതലിന്റെ ഉറപ്പുള്ള സ്നേഹ വീട്. പുലാപ്പറ്റ നരിയംപാടം വീട്ടിൽ ഖദീജയുടെ പെണ്മക്കൾക്കാണ് പള്ളിക്കമ്മറ്റിയുടെയും , പൊതുജന കമ്മറ്റിയുടെയും , കോണിക്കഴി പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വപ്ന ഭവനം ഒരുങ്ങിയത്.

ഏഴു പെൺ മക്കളും മൂന്ന് ആൺ മക്കളും അടങ്ങുന്ന ഇവരുടെ പിതാവ് വർഷങ്ങൾക്ക് മുന്നേ മരിച്ചു . വീടുകളിൽ ജോലിചെയ്താണ് ഉമ്മ ഖദീജ ഇവരെ വളർത്തിയത്. രണ്ട് പെൺ മക്കളുടെ കല്യാണം കഴിഞ്ഞു.
രണ്ട് പേർ ഭിന്ന ശേഷിക്കാരാണ്. ഇവരെ നോക്കാൻ ഒരാള് നിൽക്കണം. മറ്റ് രണ്ട് പേർക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോയിരുന്നത്.

സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റു രണ്ട് പേർ വ്യത്യസ്തസ്ഥലങ്ങളിൽ താമസിക്കുന്നു . അടുത്തകാലത്തായി ഉണ്ടായ ഉമ്മയുടെ വിയോഗത്തോടെയാണ് പെൺ മക്കളുടെ അവസ്ഥ നാട്ടുകാരറിയുന്നത്.

അങ്ങനെ പത്ത് മാസങ്ങൾക്ക് മുമ്പ് സമൂഹം ഒന്നിച്ചപ്പോൾ ഒമ്പത് ലക്ഷത്തോളം രൂപയിൽ കരുതലിന്റെ വീടായി. ലളിതമായ ചടങ്ങിൽ കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് കെ .അംബുജാക്ഷി താക്കോൽ ദാനം നിർവ്വഹിച്ചു . അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ കിടന്നുറങ്ങാം എന്നുള്ള സന്തോഷമാണ് ഇപ്പോൾ ഈ സഹോദരിമാർക്ക്.

×