സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മൂല്യവർധിത നികുതി വര്‍ധിപ്പിച്ചത്.വർധന പിൻവലിക്കാന്‍ സമയമെടുക്കും ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, November 23, 2020

റിയാദ്: സാമ്പത്തിക പ്രതിസന്ധി നേരിടാൻ അനിവാര്യ ഘടകമായിരുന്നു മൂല്യവർധിത നികുതി (വാറ്റ്)വർധനയെന്നും വർധന പിൻവലിക്കുന്നതിന് കാലതാമസമെടുക്കുമെന്നും ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി. സാമ്പത്തിക നില ഭദ്രമാകുന്നത് വരെ വാറ്റ് വർധന നയം തുടരും.

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിന് 200 ബില്യൻ റിയാലിന്റെ പത്തോളം പാക്കേജുകളാണ് സൗദി സർക്കാർ നടപ്പാക്കിയതെന്നും സൗദിയുടെ സാമ്പത്തിക സ്ഥിതി ലോക സാമ്പത്തിക മേഖലയെ നേരിട്ട് ബാധിക്കുന്നതാണെന്നും ജി 20 ഉച്ചകോടി സമാപനത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കടാശ്വാസ പദ്ധതിയിൽ പങ്കുചേരാൻ 40 ലധികം രാജ്യങ്ങൾ മുന്നോട്ട് വന്നു. ആറു മാസത്തേക്ക് കടബാധ്യതകൾ നീട്ടിനൽകിയത് വലിയൊരു കാര്യം തന്നെയായിരുന്നു. കടാശ്വാസ പദ്ധതികൾക്കൊപ്പം സാമ്പത്തിക മേഖല പരിഷ്കരിക്കാനാണ് ആ രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും ബാങ്കുകൾ അവയെ സഹായിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതിന് ആവശ്യമായ നിർദേശങ്ങൾ നൽകാൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

×