Advertisment

‘കൈതോല പായവരിച്ച്’ ഗാനത്തിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

നാടൻ പാട്ട് കലാകരൻ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടൻപാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ് കക്കിടിപ്പുറം.

Advertisment

publive-image

മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് അവിചാരിതമായി എഴുതിയ പാട്ടായിരുന്നു മലയാളികൾ ഏറ്റു പാടിയ കൈതോല പായ വിരിച്ച് എന്ന മനോഹരമായ നാടൻപാട്ട്.

മാന്ത്രിക സ്പർശമുള്ള പാട്ടുകളിലൂടെ മലയാളികളുടെ മനംകവർന്ന ജിതേഷ് സ്വന്തമായി നാടൻ പാട്ട് സംഘം നടത്തുന്നുണ്ട്. ആതിരമുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പ് ഇദ്ദേഹത്തിന്റേതാണ്.

മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്’ എന്ന ഗാനത്തിന്റെ രചയിതാവ് ജിതേഷ് ആണെന്ന് 26 വർഷങ്ങൾക്ക് ശേഷമാണ് പുറത്തറിയുന്നത്.

പെയിന്റിങ് തൊഴിലാളിയായ ജിതേഷ് പിന്നീട് ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘവുമായി ഊരുചുറ്റിയിരുന്നു. 1992-ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.

jithesh death
Advertisment