ചില തീരുമാനങ്ങളെടുത്താല്‍ അതില്‍ നിന്നു പിന്നോട്ടു പോകുന്ന സ്വഭാവക്കാരനല്ല ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍; നല്ല മനസ്സുറപ്പുള്ളയാള്‍; പുന്നത്തുറയില്‍ നേരിട്ടതിലും വലിയ പ്രശ്‌നങ്ങള്‍ അദ്ദേഹം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നേരിട്ടിരുന്നു; അന്നൊന്നും കുലുങ്ങാത്തയാള്‍ നാട്ടിലെത്തി രണ്ടുമൂന്നു മാസം കൊണ്ട് വിഷാദ രോഗിയായി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; ഫാ.ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമേരിക്കയില്‍ നിന്ന്‌ ഇടവകാംഗത്തിന്റെ കുറിപ്പ്‌

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, June 27, 2020

കോട്ടയം: കോട്ടയത്ത് പള്ളിപരിസരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ.ജോര്‍ജ് എട്ടുപറയിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമേരിക്കയില്‍ നിന്നും ഇടവകാംഗത്തിന്റെ കുറിപ്പ്. ഫാ. ജോര്‍ജ്ജ് സേവനം ചെയ്തിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് സാജന്‍ ജോസ് എന്നയാളുടെ ശ്രദ്ധേയമായ കുറിപ്പ്.

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതയുടെ കിഴിലുള്ള പുന്നത്തുറ പള്ളിവികാരിയായിരുന്ന ഫാദർ ജോർജ്ജ് എട്ടുപറയിലിന്റെ ഇക്കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ദുരൂഹമരണവുമായി ബന്ധപ്പെട്ട ചില വസ്തുതകളും ചോദ്യങ്ങളുമാണ് ഈ കുറിപ്പിൽ. ഒരു സുഹൃത്തെന്ന് പറയാനാവില്ല എങ്കിലും ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളായി നേരിട്ടും ഫോണിലും ഇമെയിൽ വഴിയും ഫാദർ ജോർജ്ജ് എട്ടുപറയിലിനെ എനിക്ക് നല്ല പരിചയമുണ്ട്. ഈ കുറിപ്പെഴുതുന്നതിന് എന്നെ പ്രേരിപ്പിച്ചതും ഇപ്പറഞ്ഞ ഇടപെടലുകളാണ്.

നമുക്കൊക്കെ അറിയാവുന്നത്,

1. പുന്നത്തുറ പള്ളിവികാരിയായിരുന്ന ഫാദർ ജോർജ്ജ് എട്ടുപറയിലിന്റെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കിണറ്റിൽ കാണപ്പെട്ടു.

2. വെള്ളത്തിൽ മുങ്ങി ജീവൻ നഷ്ടപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് (ref 1).3. പ്രാഥമിക പരിശോധനകളിൽ ശരിരത്തിൽ മുറിവുകളൊ, ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ല.

3. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അച്ചൻ പുന്നത്തുറ ഇടവകയിൽ ചാർജ്ജെടുക്കുന്നത്.

4. മുൻപ് ഇദ്ദേഹം കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോ സിറോ മലബാർ ഇടവകയിലായിരുന്നു ജോലിചെയ്തിരുന്നത്.

5. നാട്ടിലെത്തി ചാർജ്ജെടുത്തതിന്റെ ഏതാനും ആഴ്ചകൾക്കുള്ളിൽ കേരളം കോവിഡ് ലോക്ഡൗണിൽ പോയി, ആരാധനാലയങ്ങൾ അടഞ്ഞുകിടന്നു.

6. ഏതാണ്ട് രണ്ടുകൊല്ലങ്ങൾക്ക് മുൻപ് പുന്നത്തുറ പള്ളിയിലെ കുരിശുമാറ്റത്തർക്കത്തെത്തുടർന്ന് പകുതിയോളം ഇടവകക്കാർ പള്ളിയിൽ വരാതായിരുന്നു (ref 2).

7. കുരിശുമാറ്റം നടന്ന സമയത്തെ അച്ചനും പിന്നീട് വന്ന അച്ചന്മാരും കൊല്ലപ്പെടുകയൊ ആത്മഹത്യചെയ്യുകയൊ ചെയ്തില്ല.

8. ഇടവകക്കാർ പിരിഞ്ഞുപോയതിനാൽ പുന്നത്തുറ ഇടവകയിൽ മുൻപ് കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ വലിയ ഇടിവ് നേരിട്ടിരുന്നു.

9. മുൻപിരുന്ന വികാരി ചാർജ്ജെടുത്ത് എട്ടുമാസം കഴിഞ്ഞപ്പോൾ ട്രാൻസ്ഫർ വാങ്ങിപ്പോയി.

10. ഫെബ്രുവരിയിൽ അയർക്കുന്നത്തിനടുത്തുള്ള പുന്നത്തുറ ഇടവകയിലെത്തിയ ഫാദർ ജോർജ്ജും രണ്ടുമാസങ്ങളായി ട്രാൻസ്ഫറിനായി ശ്രമിക്കുകയായിരുന്നു.

11. മരണത്തിനപ്പുറം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചങ്ങനാശേരി അതിരൂപതയുടെ പത്രക്കുറിപ്പിറങ്ങി.

12. പള്ളിവികാരിയുടെ താമസസ്ഥലത്തിന് പുറത്തുണ്ടായ തീപിടുത്തത്തിൽ നാലോളം ജോലിക്കാർക്ക് പൊള്ളലേറ്റിരുന്നു.

13. ജോലിക്കാർക്ക് പൊള്ളലേറ്റതിൽ വികാരി മന:പ്രയാസപ്പെട്ടിരുന്നുവെന്നാണ് ചങ്ങനാശേരി രൂപതയുടെ പത്രക്കുറിപ്പിൽ പറയുന്നത്.

14. നിശ്ചയിച്ചുറപ്പിച്ചപ്രകാരം ചങ്ങനാശേരി മെത്രാനെക്കാണാൻ ഞായറാഴ്ച മൂന്ന് മണിക്ക് അദ്ദേഹം മെത്രാസനമന്ദിരത്തിൽ എത്തിയിരുന്നില്ല.

എനിക്കും മറ്റു കുറച്ചു പേർക്കുമറിയാവുന്നത്,

1. ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളായി നേരിട്ടും ഫോണിലും ഇമെയിൽ വഴിയും ഫാദർ ജോർജ്ജ് എട്ടുപറയിലിനെ എനിക്ക് പരിചയമുണ്ട്.

2. മുൻപ് ഞാനും എന്റെ കുടുംബവും അംഗമായിരുന്ന സാൻ ഫ്രാൻസിസ്‌കോ ഇടവകയിലാണ് 2018-19 കാലത്ത് ഫാദർ ജോർജ്ജ് ജോലിചെയ്തിരുന്നത്.

3. മുൻവർഷങ്ങളിൽ സാൻഫ്രാൻസിസ്കോ ഇടവകയിൽ രൂപതാമെത്രാന്മാരുടെ ആശീർ വാദത്തോടെ നടത്തിയ നിരവധി നെറികേടുകൾക്കൊടുവിലാണ് ഫാദർ ജോർജ്ജ് ഇവിടെ ചാർജ്ജെടുക്കുന്നത്.

4. രൂപതാ മെത്രാന്മാർക്ക് ലോഹ്യക്കേടുണ്ടാക്കുന്ന യാതൊരുവിധ ഇടപാടുകളും ഫാദർ ജോർജ്ജ് എട്ടുപറയിൽ ചെയ്തിരുന്നില്ല. മെത്രാന്മാരുടെ വിനീതവിധേയനായിരുന്നു അച്ചൻ. അല്ലെങ്കിൽ ജോലി പോകും എന്നറിയാമായിരുന്നു. ഞാൻ പലപ്പോഴും അത് നേരിൽ പറഞ്ഞിട്ടുമുണ്ട്.

5. ചില തീരുമാനങ്ങളെടുത്താൽ അതിൽ നിന്നും പിന്നാക്കം പോകുന്ന സ്വഭാവക്കാരനല്ല ഫാദർ ജോർജ്ജ് എട്ടുപറയിൽ. നല്ല മനസ്സുറപ്പുള്ളയാൾ.

6. അനിഷ്ടമുണ്ടാക്കുന്ന തരത്തിൽ എന്തുതന്നെ പറഞ്ഞാലും അടുത്തതവണ കാണുമ്പോൾ ഒരു ചെറുചിരിയോടെ സംസാരിക്കും. ആരോടും ശണ്ഠകൂടുന്ന പ്രകൃതക്കാരനല്ല എന്ന് ചുരുക്കം.

7. ഇടവകയിൽ നിലനിൽക്കുന്ന ചില പ്രശ്നങ്ങളെയോർത്ത് മനസ്താപപ്പെട്ട് ഡിപ്രഷനിലേയ്ക്ക് പോകുന്ന ചഞ്ചലചിത്തനല്ല എനിക്കറിയാവുന്ന ഫാദർ ജോർജ്ജ്. അതായത് ചെറിയ സമ്മർദ്ദത്തിലൊന്നും വീഴില്ല എന്ന് ചുരുക്കം.

8. സാൻ ഫ്രാൻസിസ്‌കോ ഇടവകയിൽ മുൻവർഷങ്ങളിൽ നടന്നതൊക്കെ അനീതിയാണ് എന്ന ഉറച്ച ബോധ്യമുണ്ടായിട്ടും മെത്രാന്മാരെ പിണക്കുന്ന യാതൊരു നടപടികളും ഇദ്ദേഹമെടുത്തിട്ടില്ല.

9. 2018-ൽ സാന്റാ ക്ലാരയിലുള്ള കൈസർ പെർമനെന്റെ ആശുപത്രിയിൽ പ്രോസ്ട്രേറ്റ് സംബന്ധിയായ രോഗത്തിന് ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രോഗാവസ്ഥ ഒട്ടും ഗുരുതരമല്ലായിരുന്നു എന്നാണ് അറിയാനായത്.

10. ചിലർ പറയുന്നു അദ്ദേഹത്തിന് പ്രോസ്ട്രേറ്റ് ക്യാൻസറായിരുന്നുവെന്ന് എന്നാൽ മറ്റ് ചിലർ അല്ല എന്നും. വ്യക്തതയില്ല. എന്നാൽ ശസ്ത്രക്രിയക്ക് ശേഷവും ഇദ്ദേഹം സന്തോഷവാനായിരുന്നു എന്നതാണ് പച്ചപ്പരമാർ‍ത്ഥം.

11. വിദഗ്ദ ചികിത്സയ്ക്കായി നാട്ടിൽ പോകുന്നു എന്നാണ് യാത്രയയപ്പിന്റെ സമയം പള്ളിയിൽ പറഞ്ഞത് എന്ന് കേട്ടവർ പറയുന്നു. അപ്പോഴേയ്ക്കും പള്ളിയിൽ പോക്ക് നിർത്തിയിരുന്നത് കൊണ്ട് കേൾക്കാനായില്ല. സാധാരണയായി വിദഗ്‌ദ ചികിത്സക്കായി രോഗികൾ അമേരിക്കയിലേക്കാണ് വരാറുള്ളത്.

12. സാൻ ഫ്രാൻസിസ്‌കോ ഇടവകയിൽ ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങി സകല ചിലവുകളും ഇടവകക്കാരുടെ വകയാണ്.

13. ഏറ്റക്കുറച്ചിലുണ്ടാവാമെങ്കിലും അമേരിക്കയിലെ ഒരിടവകയിൽ ജോലി ചെയ്യുന്ന ഒരു സീറോ മലബാർ പുരോഹിതന് പ്രതിമാസം ഏതാണ്ടൊരു 3000-4000USD യാതൊരു ചിലവുകളുമില്ലാതെ മിച്ചമുണ്ടാക്കാനാവുന്നുണ്ട്.

14. അമേരിക്കയിലെ ഒരു സിറോ മലബാർ പള്ളിയിലെ വികാരിക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തികാവശ്യങ്ങളുണ്ടായാൽ സഹായിക്കാൻ നിരവധി വിശ്വാസികളുണ്ട്.

15. എന്നാൽ കേരളത്തിലെ അവസ്ഥ മറിച്ചാണ്. സാധാരണ അച്ചന്മാർക്ക് വീട്ടിൽ വരുമാനമുണ്ടെങ്കിൽ കയ്യിൽ കാശുണ്ട്. അല്ലെങ്കിൽ ആൾ അസാധാരണക്കാരനായിരിക്കണം.

16. ഫാദർ ജോർജ്ജിന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സിറോ മലബാർ ചിക്കാഗോ രൂപതാചാൻസലറുടെ പേരിൽ ഒരു വാട്സാപ്പ് കുറിപ്പ് വ്യാപകമായി പ്രചരിക്കപ്പെട്ടു.

17. ഫാദർ ജോർജ്ജ് സ്വന്തം തീരുമാനപ്രകാരമാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശ്ശേരിക്ക് തിരികെപ്പോയത് എന്നാണ് കുറിപ്പിലൂടെ ചിക്കാഗോ ചാൻസലർ പറയുന്നത്.

18. സാൻഫ്രാൻസിസ്‌കോയിലുള്ള അദ്ദേഹത്തിന്റെ ചില സൗഹൃദ വാട്സാപ്പ് ഗ്രുപ്പുകളിലേയ്ക്ക് ‘ചില പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ്, പ്രാർത്ഥിക്കണം’ എന്നൊരു കുറിപ്പ് മരണത്തിന് തലേന്ന് അദ്ദേഹം അയച്ചിരുന്നു എന്ന് പിന്നീടറിയാനായി.

19. അമേരിക്ക യൂറോപ്പ് ആസ്‌ട്രേലിയ പോലുള്ള സിറോ മലബാർ രൂപതകളിൽ ജോലിയെടുക്കുന്ന പുരോഹിതർ കേരളത്തിലെ മറ്റ് രൂപതകളിൽ നിന്നും ഡെപ്യൂട്ടേഷനിലാണ് എത്തുന്നത്.

20. അമേരിക്കയിലെ ഒരിടവകയിൽ ജോലിചെയ്യുന്ന ഒരു പുരോഹിതനെ തന്റെ ആരോഗ്യം സമ്മതിക്കാതെ വന്നാൽ ടിയാന്റെ ആരോഗ്യ ഇൻഷുറൻസുകളുൾപ്പെടെയുള്ള ചിലവുകൾ രൂപതതന്നെ വഹിക്കേണ്ടി വരും. കാരണം രൂപതയാണ് അയാളുടെ തൊഴിൽദാതാവ്.

21. പൊതുവിൽ സിറോ മലബാർ അച്ചന്മാരും മെത്രാന്മാരും ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നെയെറിയുന്ന മാനേജ്‌മെന്റ് വിദഗ്ദന്മാരാണ്.

ആയതിനാൽ, എനിക്ക് പറയാനും ചോദിക്കാനുമുള്ളത്;

1. പള്ളിമേടയിൽ ജോലിക്കായെത്തിയർക്ക് സംഭവിച്ച അപകടത്തിൽ ഹൃദയം നൊന്ത് ഫാദർ ജോർജ്ജ് ആത്മഹത്യയിലഭയം പ്രാപിച്ചുവെന്ന വാദം ശുദ്ധ ഭോഷ്കാണ്.

2. അച്ചന്റെ മരണത്തിലെ ദുരൂഹതകൾ മാറ്റാൻ അദ്ദേഹത്തിന്റെ ഫോൺ രേഖകൾ കേരളാ പോലീസ് അടിയന്തിരമായി പരിശോധിക്കുകയാണ് വേണ്ടത്. ശനിയും ഞായറും നടന്ന ഫോൺ സംഭാഷണങ്ങളാണ് അദ്ദേഹത്തെ മരണത്തിലേയ്ക്ക് നയിച്ചത്.

3. ജാതിമതസമവാക്യങ്ങളിലൂന്നിയ വോട്ടുബാങ്കുകളെ ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പുകളെ നേരിടുന്ന രാഷ്ട്രീയപ്പാർട്ടികൾ മെത്രാന്മാരെ സമ്മർദ്ദത്തിലാക്കുന്നതരത്തിലൊരു പോലീസന്വേഷണത്തിന് മുതിരുമൊ എന്നതാണ് കണ്ടറിയേണ്ടത്.

4. എക്കാലവും സഭാധികാരികൾക്ക് കിഴ്പ്പെട്ട് കഴിഞ്ഞിരുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ എന്തുകൊണ്ടാണ് ചങ്ങനാശ്ശേരി ബിഷപ്പിനെ കാണുവാൻ കൂട്ടാക്കാതിരുന്നത്? അല്ലെങ്കിൽ ചങ്ങനാശേരി രൂപത ഫോണിൽ വിളിച്ച് വന്നിട്ട് കാര്യമില്ല എന്ന് പറഞ്ഞോ?

5. പ്രോസ്റ്റേറ്റ് സംബന്ധിയായ അസുഖത്തിന് ചികിത്സയിലിരിക്കെ കാലാവധിതീർന്ന അമേരിക്കൻ റിലീജിയസ് വിസ (R-1 Visa) പുതുക്കിനൽകാൻ എന്തുകൊണ്ടാണ് ചിക്കാഗോ സിറോ മലബാർ രൂപത കൂട്ടാക്കാഞ്ഞത്?

6. ചിക്കാഗോ സിറോ മലബാർ രൂപതയുടെ ചാൻസലർ എന്തിനുവേണ്ടിയാണ് ഫാദർ ജോർജ്ജ് എട്ടുപറയിൽ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്വമനസ്സാലെയാണ് അദ്ദേഹം അമേരിക്കയിൽ നിന്നും കയറിപ്പോയത് എന്ന വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചത്?

7. രോഗാവസ്ഥ ഒരു തീരാവ്യാധിയായി കാലക്രമത്തിൽ മാറുമൊ എന്ന സംശയത്തിൽ ബാധ്യതയൊഴിവാക്കുക എന്ന ഉദ്ദേശത്തിലായിരുന്നോ ചിക്കാഗോ സിറോ മലബാർ രൂപത വിസ പുതുക്കിക്കൊടുക്കാതെ ഫാദർ ജോർജ്ജിനെ ചങ്ങനാശേരിക്ക് തിരികെ അയച്ചത്?

8. അങ്ങനെയാണെങ്കിൽ ചിക്കാഗോ സിറോ മലബാർ രൂപതയ്ക്കും ഫാദറിന്റെ മരണത്തിൽ പരോക്ഷ ഉത്തരവാദിത്വമുണ്ട്. പോലീസ് പിടിക്കില്ല, എന്നാൽ മനഃസാക്ഷിയുണ്ടെങ്കിൽ കുത്തലുണ്ടാവും!

9. ഫെബ്രുവരിയിൽ പുന്നത്തുറയിൽ ചാർജ്ജെടുത്ത വികാരി രണ്ടുമാസങ്ങൾള്ളിൽ സ്ഥലംമാറ്റം ചോദിക്കുന്നു. ഇക്കാലയളവിൽ ചിക്കാഗോ മെത്രാന്മാരെ തിരികെവരുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച് ഫാദർ ജോർജ്ജ് ബന്ധപ്പെട്ടിരുന്നൊ?

10. 25 വർഷത്തെ പൗരോഹിത്യ ജോലിക്കിടെ ഏതെങ്കിലും സാഹചര്യങ്ങളിൽ ഫാദർ ജോർജ്ജ് എട്ടുപറയിൽ മാനസികാസ്വാസ്ഥ്യം കാണിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏത് ഇടവകയിൽ? പ്രശ്നസങ്കിർണ്ണമായിരുന്ന സാൻഫ്രാൻസിസ്കോ ഇടവകയിൽ ഇദ്ദേഹം യാതൊരുവിധ മാനസികബുദ്ധിമുട്ടുകളും കാണിച്ചിരുന്നില്ല.

11. ഒരു ഫോൺ കോളിലോ വാട്സാപ്പ് മെസ്സേജിലോ തീരേണ്ടതേയുള്ളു ഫാദർ ജോർജ്ജ് എട്ടുപറയിലിന്റെ എത്രവലിയ സാമ്പത്തിക പ്രശ്നങ്ങളും (ഇനിയെങ്ങനെ എന്തെങ്കിലുമാണെങ്കിൽ). അമ്മാതിരി സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.

12. ഫെബ്രുവരിയിൽ പുന്നത്തുറ ഇടവകയിൽ ചാർജ്ജെടുത്ത ഫാദർ എന്തിനാണ് മാറ്റം വേണമെന്ന് ചങ്ങനാശേരി മെത്രാനോട് ആവശ്യപ്പെട്ടത്? എന്തായിരുന്നു ചങ്ങനാശേരി മെത്രാന്റെ മറുപടി?

13. എന്തുകൊണ്ടാണ് ചങ്ങനാശേരി മെത്രാൻ മുൻപ് ഇതേ പുന്നത്തറ ഇടവകയിലിരുന്ന വികാരിക്ക് എട്ടുമാസങ്ങൾക്കുള്ളിൽ ട്രാൻസ്ഫർ അനുവദിച്ചത്? എന്തുകൊണ്ടാണ് ഫാദർ ജോർജ്ജിന് ആ സൗകര്യം ലഭിക്കാതെപോയത്?

14. അച്ചന്റെ മൃതശരീരം പള്ളിക്കിണറ്റിൽ കണ്ടതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇദ്ദേഹത്തെ മനോരോഗിയായി ചിത്രീകരിച്ച് ചങ്ങനാശേരി രൂപത പത്രക്കുറിപ്പിറക്കിയത് എന്തിനാണ്?

15. ഈ കോവിഡ് കാലയളവിൽ ചങ്ങനാശ്ശേരി രൂപതയിലേയ്ക്ക് അളവിൽ കവിഞ്ഞ വിദേശഫണ്ട് പുന്നത്തുറ ഇടവകയുടെ പേരിൽ എത്തിയിരുന്നോ? എങ്കിൽ ആ പണം ഇപ്പോൾ ആരുടെ അകൗണ്ടിലാണ്?

സാൻഫ്രാൻസിസ്കോ ഇടവകയിൽ ഇപ്പോൾ വികാരിയുടെ ചാർജ്ജ് വഹിക്കുന്ന പുരോഹിതൻ പോലും (എനിക്കിദ്ദേഹത്തെ നേരിട്ട് പരിചയമില്ല) ഇന്നലെ നടത്തിയ ചരമ പ്രസംഗത്തിൽ ഫാ. ജോർജ്ജ് എട്ടുപറയിലിനെ ഒരു രോഗിയായാണ് ചിത്രികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താൽ “അച്ചനൊരു രോഗിയായിരുന്നു എന്ന യാഥാർഥ്യമാണ് നമ്മൾ അംഗീകരിക്കേണ്ടത്. രോഗം തിരിച്ചറിഞ്ഞില്ല, അച്ചന് തിരിച്ചറിയാൻ സാധിച്ചില്ല, അച്ചന്റെ പ്രിയപ്പെട്ടവർക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

നമുക്കാരീതിയിൽ ഇതിനെയൊക്കെ കാണാം” (Ref 3, timestamp 1:28:57 – youtube video link attached) എന്നാണ് പറഞ്ഞുവയ്ക്കുന്നത്. പ്രോസ്ട്രേറ്റ് സംബന്ധിയായ അസുഖത്തെക്കുറിച്ച് ഫാദർ എട്ടുപറയിലിനും അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവർക്കും മുന്നേ അറിയാമായിരുന്നു,. അപ്പോൾ ആർക്കും അറിയില്ലാതിരുന്നത് മുൻപ് ചങ്ങനാശ്ശേരി രൂപത പത്രക്കുറിപ്പിൽ പറഞ്ഞ അതേ അസുഖമാണ്, മാനസികരോഗം! മുകളിൽ നിന്നുള്ള ഉത്തരവ് അതായിരിക്കും. അത്ര ലളിതമായി കൂട്ടം തെറ്റിയ കുഞ്ഞാടിനെ ഇവർ സംഘടിതമായി ഒഴിവാക്കും. ഇന്ന് ഞാൻ നാളെ നീ എന്ന പ്രപഞ്ചസത്യമാണ് എനിക്കോർമ്മവരുന്നത്.

ആയതിനാൽ അറിയണം, അറിയാനുള്ള അവകാശമുണ്ട്. ആത്മഹത്യയൊ കൊലപാതകമൊ? ഒരു പടുമരണവും വൃഥാവിലാവരുത്! ഒരാളുടെ അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ മറ്റൊരാളെ ജീവിതമവസാനിപ്പിച്ചുകളയാൻ പ്രേരിപ്പിക്കുന്നതിനെയാണ് പ്രേരണാക്കുറ്റം എന്ന് പറയുന്നത്.

×