നാലു മാസത്തേക്കുകൂടി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 24, 2020

തിരുവനന്തപുരം: സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുളള നാലു മാസത്തേക്കുകൂടി കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുളള നാലു മാസം ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ പരിപാടിയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം കുറിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങള്‍ക്കും നാലുമാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ് വിതരണം ടെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 88,42,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കോവിഡ് പ്രതിസന്ധികാലത്ത് ഒരാളും പട്ടിണികിടക്കരുതെന്ന ഉറച്ച തീരുമാനം സര്‍ക്കാര്‍ എടത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

×