ഹർഭജൻ സിംഗിനൊപ്പം അർജ്ജുനും തകത്താടുന്ന ‘ക്വീൻ’ പുനരാവിഷ്ക്കാരമായ ” ഫ്രണ്ട് ഷിപ്പി “ന്‍റെ സ്‌നീക് പീക് വീഡിയോ കത്തിക്കയറുന്നു !

ഫിലിം ഡസ്ക്
Saturday, August 1, 2020

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയുടെ ടൈലറിനു മുന്നോടിയായി ഒരു മിനിറ്റു ദൈർഘ്യമുള്ള സ്‍നീക്ക് പീക്ക് വീഡിയോ ‘ഫ്രണ്ട്ഷിപ്പ്’ ദിനത്തോടനുബന്ധിച്ച് അണിയറക്കാർ പുറത്ത് വിട്ടു. തെന്നിന്ത്യൻ താരം റാണാ ദുഗ്ഗബട്ടയാണ് വീഡിയോ റിലീസ് ചെയ്തത് . വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. തമിഴ് വീഡിയോ മാത്രം ഇരുപത്തി നാല് മണിക്കൂർ പിന്നിടും മുമ്പേ തന്നെ യു ട്യൂബിൽ മൂന്നു ലക്ഷത്തോളം കാഴ്ചക്കാരുമായി കത്തിക്കയറി ട്രെൻഡിങ് ആയിരിക്കയാണ് .

മലയാളത്തിൽ വൻ വിജയം നേടിയ ” ക്വീൻ ” എന്ന സിനിമയുടെ പുനരാവിഷ്ക്കാരമാണ് ‘ഫ്രണ്ട്ഷിപ്പ് ‘ എങ്കിലും ഒരു ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് ഈ ലഘു ദൃശ്യങ്ങൾ തന്നെ വ്യക്തമാക്കുന്നു . അർജ്ജുന്റെ സാന്നിധ്യമാണ് ഇതിലെ ശ്രദ്ധേയ ഘടകം.ഹിന്ദി ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിൽ അർജ്ജുനാണ് നായകനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

കമലഹാസൻ നയിച്ച ‘ ബിഗ് ബോസ് 3 ‘ ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ശ്രീലങ്കക്കാരി ലോസ്‌ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്നും മൂല കഥ മാത്രം കടമെടുത്ത് ഹർഭജൻ സിംഗിനും അർജ്ജുനും യോജിക്കും വിധം തിരക്കഥയിൽ പൂർണമായ മാറ്റം വരുത്തിയതായി സംവിധായകരായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ വെളിപ്പെടുത്തി.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഫ്രണ്ട് ഷിപ്പിൽ ദക്ഷിണേന്ത്യൻ അഭിനേതാക്കളായ അർജ്ജുൻ ,സതീഷ് എന്നിവരെ കൂടാതെ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും അണി ചേർന്നിട്ടുണ്ടെന്ന് അണിയറക്കാർ പറഞ്ഞു. എൺപതു ശതമാനത്തിലേറെ ചിത്രീകണം പൂർത്തിയായ ‘ഫ്രണ്ട്ഷിപ്പ് ‘ ലോക്ക്ഡൗൺ കഴിഞ്ഞയുടൻ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ . ഡി.എം .ഉദയ കുമാറാണ് സംഗീത സംവിധായകൻ.

×