മഹത്വമേ ! നിന്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാ പറമ്പില്‍ എന്നാകുന്നു ! കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ ദഹിപ്പിച്ച് സംസ്‌കരിക്കാനുള്ള കത്തോലിക്കാ സഭയുടെ തീരുമാനം വിപ്ലവകരമെന്ന് ജി സുധാകരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 29, 2020

ആലപ്പുഴ:  ജില്ലയില്‍  കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ ദഹിപ്പിച്ച് സംസ്‌കരിക്കാന്‍ കത്തോലിക്കാ സഭയുടെ തീരുമാനം വിപ്ലവകരമെന്ന് മന്ത്രി ജി സുധാകരന്‍.

മനുഷ്യ സ്‌നേഹം എന്ന വിശുദ്ധ ബൈബിളിന്റെ ആത്മാവാണ് അലപ്പുഴ ലത്തീന്‍ കത്തോലിക്ക സഭയുടെ ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്ന് ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജി സുധാകരന്റെ കുറിപ്പ്

മഹത്വമേ ! നിന്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാ പറമ്പില്‍ എന്നാകുന്നു !

കോവിഡ് 19 എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആഗോള മഹാമാരി 2020 ന്റെ രണ്ടാം പാതിയിലും സമൂഹത്തില്‍ ബഹുമുഖമായ അനുരണനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അകാരണമായ ഭയം മനുഷ്യത്വത്തിന്റെ ഉറവ വറ്റിക്കുകയും സാമാന്യ യുക്തിയെ തമസ്‌കരിക്കുകയും മരണമടയുന്നവര്‍ക്ക് മാന്യമായ ശവസംസ്‌കാരം പോലും നിഷേധിക്കുകയും ചെയ്യുന്ന കറുത്ത ഏടുകളും സമകാലീന നൈതികതയില്‍ അര്‍ബുദ മുറിവുകള്‍ തീര്‍ക്കുന്നു.

ഈ സാഹചര്യത്തിലാണ് ആലപ്പുഴ ലത്തീന്‍ അതിരൂപതയുടെ ഇന്നത്തെ തീരുമാനം വിപ്ലവകരമാകുന്നത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ സഭാ സെമിത്തേരിയില്‍ ദഹിപ്പിക്കാനും ചിതാഭസ്മം അന്ത്യ ശുശ്രൂഷകള്‍ ചെയ്ത് കല്ലറയിലടക്കാനും സഭാ നേതൃത്വം തീരുമാനിച്ചതായി അഭിവന്ദ്യ ബിഷപ്പ് ഫാ.ജെയിംസ് ആനാ പറമ്പില്‍ അറിയിച്ചിരിക്കുന്നു.

മോര്‍ച്ചറിയില്‍ നിന്നും അനാഥ മൃതശരീരങ്ങളെ നീക്കുന്നതു സംബന്ധിച്ച് പിതാവ് കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളില്‍ അദ്ദേഹം നിരന്തരമായി ബന്ധപ്പെടാറുണ്ട്.

മനുഷ്യ സ്‌നേഹം എന്ന വിശുദ്ധ ബൈബിളിന്റെ ആത്മാവാണ് അലപ്പുഴ ലത്തീന്‍ കത്തോലിക്ക സഭയുടെ ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ അപനിര്‍മ്മാണത്തില്‍ ഒരു സംഘം അഭിരമിക്കുമ്പോഴും ഈ കാലത്തെ സത്യാന്തര കാലം എന്നും കെട്ട കാലം എന്നൊക്കെ അടച്ചാക്ഷേപിക്കാനാവില്ല. നന്മയുടെ പൊന്‍ വിളക്കുകള്‍ തിന്മയുടെ തമസ്സകറ്റിക്കൊണ്ടേയിരിക്കുന്നു.

മനുഷ്യത്വം എന്ന മഹാ വികാരത്തെ സര്‍വ്വ ആചാരങ്ങള്‍ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച ധീരനായ ബഹു. പിതാവ് ജെയിംസ് ആനാ പറമ്പിലിനും സഭാ നേതൃത്വത്തിനും ഹൃദയം നിറയെ അനുമോദനങ്ങള്‍

 

×