ഗ്ലാസ് വാതില്‍ തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തിന്‍റെ മറവില്‍ ഗ്ലാസ് വാതിലുകളെല്ലാം മാറ്റി ടഫന്‍ഡ് ഗ്ലാസുകള്‍ സ്ഥാപിക്കണമെന്ന ഉത്തരവുമായി കൊല്ലം കളക്റ്റര്‍. ലോക് ഡൌണ്‍ മൂലം മാസങ്ങള്‍ കടയടച്ചിട്ട് നില്‍ക്കക്കളിയില്ലാതായ സംരംഭകരെ വട്ടം ചുറ്റിക്കാന്‍ വീണ് കിട്ടിയ മറ്റൊരവസരം ! പെരുമ്പാവൂരിലെ ഒറ്റപെട്ട സംഭവത്തിന്‍റെ മറവിലെ കൊല്ലം കളക്ടറുടെ ഉത്തരവ് നാട്ടിലെ സാഹചര്യം മനസിലാക്കാതെയുള്ളത് ?

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Thursday, June 18, 2020

എഡിറ്റോറിയല്‍ / പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ചില്ലുവാതില്‍ ശ്രദ്ധിക്കാതെ ഓടി പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ ഗ്ലാസ് വാതില്‍ തകര്‍ന്ന് ചില്ലുകള്‍ തുളച്ചുകയറി വീട്ടമ്മ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം സ്റ്റിക്കറോ, ഫ്രെയിമോ ഇല്ലാതെ പ്രവേശന കവാടങ്ങളില്‍ പതിക്കാറുള്ള ഗ്ലാസ് വര്‍ക്കുകളാണ് അപകടക്കെണി ഒരുക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍മ്മാണഘട്ടത്തില്‍ പുലര്‍ത്തേണ്ടതാണ്. ഗ്ലാസ് വാതിലുകള്‍ക്കുള്ളില്‍ സ്റ്റിക്കറോ, ഫ്രെയിം വര്‍ക്കോ അതുമല്ലെങ്കില്‍ പെട്ടെന്ന് പൊട്ടിത്തകരാത്ത ടഫന്‍ഡ്, ലാമിനേറ്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതോ ഒക്കെ സുരക്ഷ വര്‍ദ്ധിപ്പിക്കും.

അതേ സമയം പെരുമ്പാവൂരില്‍ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവവുമാണ്. ഏഴടി ഉയരമുള്ള ഒറ്റ ഗ്ലാസാണ് ഇവിടെ വാതിലിനായി ഉപയോഗിച്ചിരുന്നത്. അതില്‍ സ്റ്റിക്കറുകള്‍ പതിച്ചിരുന്നുമില്ല.

ബാങ്കിനകത്തുനിന്ന് തിടുക്കത്തില്‍ പുറത്തേയ്ക്ക് ഓടുന്നതിനിടെയാണ് അബദ്ധത്തില്‍ ചില്ലു വാതിലുകള്‍ തകര്‍ന്ന് ബിന എന്ന വീട്ടമ്മയ്ക്ക് ദാരുണ മരണം സംഭവിച്ചത്. അതിശക്തമായി ഗ്ലാസ് വാതിലില്‍ ഉണ്ടായ പ്രഹരമാണ് അപകടകാരണം. സാധാരണ ഗതിയില്‍ ഒരു ഓഫീസിനകത്തേയ്ക്കോ അകത്തുനിന്നു പുറത്തേയ്ക്കോ ഇത്ര തിടുക്കത്തില്‍ ആരും പ്രവേശിക്കാറില്ല. അതിനാലാണ് അത്തരം ഗ്ലാസ് ഡോറുകള്‍ ഇതിനു മുമ്പ് അപകടം ഉണ്ടാക്കിയതായി കേട്ടുകേള്‍വി ഇല്ലാത്തത്. പെരുമ്പാവൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്.

പക്ഷേ അതിന്‍റെ മറയില്‍ ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ചില ജില്ലകളില്‍ കളക്ടര്‍മാര്‍ വിവാദ ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത് വ്യവസായ-വ്യാപാര മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും.

കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നിലവില്‍ അനീല്‍ഡ് ഗ്ലാസ് ഉപയോഗിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ മാറ്റി 45 ദിവസത്തിനുള്ളില്‍ ടഫന്‍റ് ഗ്ലാസ് സ്ഥാപിക്കണം. ഇത് ഗ്ലാസ് കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും കൊയ്ത്തിന് ഉപകരിക്കുമെങ്കിലും മാസങ്ങളോളമായി കടയടച്ചിട്ട് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നശേഷം കടതുറന്ന് കച്ചവടമില്ലാതെ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നവര്‍ക്ക് ഇത് കൂനിന്മേല്‍ കുരുപോലെ കനത്ത ആഘാതമായിരിക്കും.

കട തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കണമോ പൂട്ടണമോ എന്നൊന്നും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് നാട്ടിലെ 80 ശതമാനത്തിലേറെ സ്ഥാപന ഉടമകളും. എവിടെയോ എന്തോ സംഭവിച്ചെന്ന മട്ടില്‍ അവര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങരുത്.

ജില്ലാ കളക്ടര്‍മാരും ഇക്കാര്യത്തില്‍ അമിതാവേശം കാണിക്കേണ്ടതില്ല. പകരം നിങ്ങളുടെ അതീവ ശ്രദ്ധ ആവശ്യമായ മറ്റ് മേഖലകള്‍ ഉണ്ട്. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍, പ്രളയത്തെ അതിജീവിക്കാന്‍, കോവിഡിനെ പ്രതിരോധിക്കാന്‍ .. ഒക്കെ നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതിലാകണം ജാഗ്രത കാണേണ്ടത്.

അതുപോലെ ഒറ്റപ്പെട്ട ഒരു സംഭവത്തിന്‍റെ മറവില്‍ നാട്ടിലെല്ലാം ടഫന്‍റ്  ഗ്ലാസുകള്‍ സ്ഥാപിക്കാനുള്ള നെട്ടോട്ടം തല്‍ക്കാലം മാറ്റി വയ്ക്കുന്നതായിരിക്കും ഉചിതം. അതേസമയം തിരിച്ചറിയാനാകാത്ത വിധം ഇത്തരം വാതിലുകളില്‍ ഗ്ലാസ് വാതിലുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് സ്റ്റിക്കറുകള്‍ പതിച്ച് സുരക്ഷിതമാക്കുകയും വേണം.

  • എഡിറ്റര്‍
×