ബസ് യാത്രയില്‍ കളഞ്ഞുകിട്ടിയ താലിമാല വില്ലേജ് ആഫീസര്‍ക്ക് തിരികെ നല്‍കി വിദ്യാഭ്യാസ വകുപ്പു ജീവനക്കാരി നാടിന് മാതൃകയായി…

author-image
nidheesh kumar
New Update

publive-image

Advertisment

മുണ്ടക്കയം: ലക്ഷം വില വരുന്ന സ്വര്‍ണ്ണമാല ലക്‌സി തിരികെ നല്‍കി, സിന്ധുവിന്റെ പരിഭ്രാന്തി സന്തോഷമായി മാറി. ബസ് യാത്രയില്‍ കളഞ്ഞുകിട്ടിയ താലിമാല വില്ലേജ് ആഫീസര്‍ക്ക് തിരികെ നല്‍കിയ വിദ്യാഭ്യാസ വകുപ്പു ജീവനക്കാരിയാണ് നാടിന് മാതൃകയായത്.

കൊക്കയാര്‍ വില്ലേജ് ആഫീസര്‍ ചേര്‍ത്തല സ്വദേശി കെഎസ് സിന്ധുവിന്റെ മൂന്നരപവന്‍ തൂക്കം വരുന്ന മാലയാണ് മുണ്ടക്കയത്തു നിന്നും ബസ്സില്‍ കയറിയ പീരുമേട് വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ലക്‌സി ജോസഫിനു ബസ്സിന്റെ സീറ്റില്‍ നിന്നും ലഭിച്ചത്.

മാലകിട്ടിയപ്പോള്‍ തന്നെ ലക്‌സി അടുത്ത സീറ്റിലെ യാത്രക്കാരോട് വിവരം പറഞ്ഞു. പിന്നീട് ബസ്സ് കണ്ടക്ടറെയും വിവരം അറിയിച്ചു തന്റെ ഫോണ്‍നമ്പറും നല്‍കി. മാലനഷ്ടമായ ആളിന്റെ വേദന മനസ്സില്‍കണ്ട ലക്‌സി ഉടന്‍ തന്നെ റവന്യുവകുപ്പിലെ വില്ലേജ് ആഫീസറായ ഭര്‍ത്താവ് റോയി മുഖാന്തിരം മുണ്ടക്കയം ടൗണിലെ സ്വകാര്യ ബസ് അന്വേഷണകൗണ്ടറിലും സ്വകാര്യ ബുക്സ്റ്റാളിലും വിവരം അറിയിച്ചു.

ഇങ്ങനെയാണ് നഷ്ടമായ മാലതേടി നടന്ന സിന്ധുവിന് സന്തോഷ വാര്‍ത്ത ലഭിച്ചത്. കൊക്കയാര്‍ വില്ലേജ് ആഫീസറായ സിന്ധു രാവിലെ ചേര്‍ത്തലയില്‍ നിന്നും കോട്ടയം വരെയും അവിടെ നിന്നും ഹൈറേഞ്ചിലേക്കുളള സ്വകാര്യ ബസ്സില്‍ മുണ്ടക്കയത്തുമെത്തി.

പിന്നീട് ഇളങ്കാട് ബസ്സില്‍ കയറി കൂട്ടിക്കല്‍ ചപ്പാത്തിലെത്തി ആഫീസിലേക്ക് നടക്കുന്നതിനിടെയാണ് താലിമാല നഷ്ടമായത് അറിയുന്നത്. ആഫീസിലെത്തി സഹജീവനക്കാരോട് വിവരം അറിയിച്ചു ടൗണിലെത്തി അന്വേഷിച്ചതോടെയാണ് മാല സുരക്ഷിതമായി മാങ്കുളം വില്ലേജ് ആഫീസര്‍കൂടിയായ റോയിയുടെ ഭാര്യ ലക്‌സിയുടെ കൈവശമുണ്ടന്നറിയുന്നത്.

ഉടന്‍ തന്നെ ഇരുവരും ഫോണില്‍ ബന്ധപെടുകയും വൈകുന്നേരം 5.30ഓടെ മുണ്ടക്കയം ടൗണിലെത്തി നേരില്‍കണ്ടുമുട്ടുകയുമായിരുന്നു. പിന്നീട് ലക്‌സി മാല സിന്ധുവിന് കൈമാറി.

മണിക്കൂറുകളുടെ പിരിമുറുക്കത്തില്‍ നിന്നും മാറി സന്തോഷത്തോടെ സിന്ധുയാത്രയായപ്പോള്‍ താന്‍ ചെയ്ത നന്മയില്‍ അഭിമാനമായിരുന്നു ലക്‌സിജോസഫിന്. വിവരം അറിഞ്ഞ് ടൗണില്‍ നിരവധിപേര്‍ ലക്‌സിക്ക് അഭിനന്ദനവുമായിഎത്തിയിരുന്നു.

kottayam news
Advertisment