അധികാരത്തിൽ കടിച്ചു തൂങ്ങാനായി ഒരു സഖാവ് ഇത്രയും തരം താഴുമോ സർ! പത്രസമ്മേളങ്ങളിൽ മുഖ്യമന്ത്രിക്ക് സമനില തെറ്റുന്നുവെന്ന് ഹരി എസ്. കർത്താ

Wednesday, September 16, 2020

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി അനുഭാവിയും മാധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്താ. പത്രസമ്മേളങ്ങളിൽ അദ്ദേഹത്തിന് സമനില തെറ്റിയെന്നും മുഖ്യമന്ത്രി പാലിക്കേണ്ട അന്തസ്സും ആഭിജാത്യവുമൊക്ക കൈവിട്ട്, ഒരു മൂന്നാം കിട ഡി വൈ എഫ് ഐ നേതാവിന്റേത് പോലെ ആയിത്തീരുന്നു അദ്ദേഹത്തിന്റെ ജല്പനങ്ങളെന്നും ഹരി എസ്. കർത്താ കുറ്റപ്പെടുത്തുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ഹരി എസ്. കർത്തായുടെ ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയന് ഇതെന്ത് പറ്റി? പത്രസമ്മേളങ്ങളിൽ അദ്ദേഹത്തിന് സമനില തെറ്റുന്നു. മുഖ്യമന്ത്രി പാലിക്കേണ്ട അന്തസ്സും ആഭിജാത്യവുമൊക്ക കൈവിട്ട്, ഒരു മൂന്നാം കിട ഡി വൈ എഫ് ഐ നേതാവിന്റേത് പോലെ ആയിത്തീരുന്നു അദ്ദേഹത്തിന്റെ ജല്പനങ്ങൾ. മുഖ്യമന്ത്രിയുടെ പി ആർ ഏജൻസിയും ഉപദേഷ്ടാക്കാളുമൊക്കെ അവരുടെ പണി മതിയാക്കിയോ? അതോ അവരുടെ ഉപദേശം അദ്ദേഹം ചെവിക്കൊല്ലുന്നില്ലെന്നോ ? വികാരാധീനാവുന്നത് മനസിലാക്കാം. പക്ഷെ പരിണിതപ്രജ്ഞനായ പിണറായിയെ പോലൊരു രാഷ്ട്രീയ നേതാവിന്, അതും പ്രബുദ്ധകേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക്, ഇങ്ങനെ സമനില തെറ്റിയാലോ? മകൾക്കെതിരെ ആരോപണം ഉയരുമ്പോൾ ഇങ്ങനെ പിണറായി പൊട്ടിത്തെറിച്ചാൽ, പൊതുസമൂഹത്തിന്‌ എന്ത് സന്ദേശമാണ് അത് നല്കുക? ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു നീങ്ങി എന്ന് അവകാശപ്പെടുന്ന സഖാവിന്റെ നിർഭയത്വമൊക്കെ ഇപ്പോൾ എവിടെ പോയി?
“Oh! What a fall, my countrymen” എന്ന്‌ മാർക്ക്‌ ആന്റണിയെപ്പോലെയല്ലാതെ ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ പ്രതികരിക്കും, പിണറായി സഖാവിന്റെ ഈ പെരുമാറ്റത്തോട്?

എന്തൊക്കെയാണ് മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് പത്രസമ്മേളനത്തിൽ വിളിച്ചു പറഞ്ഞത്! കെ. സുരേന്ദ്രൻ മാനസികരോഗി എന്ന് ആവർത്തിച്ചുറപ്പിക്കുകയായിരുന്നില്ലേ മുഖ്യമന്ത്രി. സമനില തെറ്റിയ ഒരാളിനെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ച ബിജെപിയോട് അദ്ദേഹം സഹതാപവും പ്രകടിപ്പിച്ചു. ഒരു മുഖ്യമന്ത്രി, തന്റെ സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയുടെ, അതും രാജ്യം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന അധ്യക്ഷനെപറ്റിയാണ് ഇപ്പറഞ്ഞത് എന്നോർക്കുക. എത്ര ഗുരുതരം, അതിലേറെ എന്ത് മാത്രം തരം താണത് ഈ അധിക്ഷേപം. ഒപ്പം, സുരേന്ദ്രനുള്ള മറുപടി താൻ കരുതി വെച്ചിട്ടിട്ടുണ്ടെന്നും അത് പത്രസമ്മേളനത്തിൽ അല്ല ഉണ്ടാവുകയെന്നും പരസ്യമായി പറയാൻ മുഖ്യമന്ത്രി മടിച്ചില്ല. ആ പ്രസ്താവനയിൽ നിന്ന് വരികൾക്കിടയിലൂടെ ഒത്തിരി വായിച്ചെടുക്കാം. ഭീഷണിയും താക്കീതുമൊക്കെ അതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന ഘടകത്തിന്റെ മാധ്യമ ഉപദേഷ്ടാവ് എന്ന ചുമതലയിൽ നിന്ന് ഒരു മാസം മുമ്പ് ഒഴിഞ്ഞെങ്കിൽ കൂടി എനിക്ക് പ്രിയപ്പെട്ട സുരേന്ദ്രനോട് ഒരുപദേശമുണ്ട്. ലോകമാസകലമുള്ള മലയാളികൾ കണ്ടിരിക്കെ, ടീവി ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന മാധ്യമ സമ്മേളനത്തിൽ വച്ച്, ബിജെപി സംസ്ഥാന അധ്യക്ഷന് ഭ്രാന്താണ് എന്ന് അർഥശങ്കക്കിടയില്ലാതെ വിളിച്ചു പറഞ്ഞ് അധിക്ഷേപിച്ച കേരള മുഖ്യമന്ത്രിയെ രാഷ്ട്രീയമായി മാത്രമല്ല, നിയമപരമായും സുരേന്ദ്രൻ നേരിടുക തന്നെ വേണം.

അത് ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം സുരേന്ദ്രന് വിട്ട് കൊടുക്കവേ തന്നെ, ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി നടത്തിയ മറ്റൊരു പരാമർശം കൂടി ഇവിടെ എടുത്തു പറയാതെ വയ്യ. ജലീലിനെതിരെ ഉയരുന്ന ആരോപണവും അതിനെത്തുടർന്നുള്ള അന്വേഷണവും ഇപ്പോൾ വർഗീയവൽക്കരിക്കുകയാണ് മുഖ്യമന്ത്രി. വിശുദ്ധ ഖുർആനെയും ഇസ്ലാമിനെയും മറയാക്കി ജലീലിനെ സംരക്ഷിക്കാനാണ് പിണറായിയുടെ അവസാനത്തെ അടവ്. മറ്റൊരു രാഷ്ട്രത്തിൽ നിന്ന് മത പ്രചരണത്തിനായി നമ്മുടെ സ്വതന്ത്ര പരമാധികാര മതേതര റിപ്പബ്ലിക്കിലേക്ക് രഹസ്യമായി കടത്തിക്കൊണ്ട് വരുന്നത് വിശുദ്ധ ഖുർആൻ ആയാലും ബൈബിളായാലും അത് ചോദ്യം ചെയ്യപ്പെടേണ്ടതും അന്വേഷിക്കേണ്ടതും തന്നെ. ഖുർആൻ ഇറക്കുമതിയ്ക്കെതിരെയുള്ള വിവാദം എന്ന് സ്വർണക്കടത്തിനെ ചിത്രീകരിച്ച് മുസ്ലിം വികാരം പ്രതിപക്ഷത്തിനും അന്വേഷണ ഏജൻസികൾക്കും എതിരെ ഇളക്കി വിടാനുള്ള മ്ലേച്ഛമായ ശ്രമമാണ് സംസ്ഥാനം ഭരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്നത്. അധികാരത്തിൽ കടിച്ചു തൂങ്ങാനായി ഒരു സഖാവ് ഇത്രയും തരം താഴുമോ സർ.

ഹരി എസ്. കർത്താ

×