ഇന്ന് പിണറായി വിജയൻ അക്കിത്തത്തെ കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായം സച്ചിദാനന്ദനെ പോലെയുള്ള മാർക്സിസ്റ്റ്‌ കവികൾക്കും ബുദ്ധിജീവികൾക്കും സ്വീകാര്യമാവുമോ എന്നറിയില്ല; അതോ അത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പ്രഭാ വർമ്മയുടെ മാത്രം വികാര, വിചാരങ്ങളോ? ഹരി എസ് കര്‍ത്താ എഴുതുന്നു

Thursday, September 24, 2020

ബിജെപി മാധ്യമ ഉപദേഷ്ടാവ് ഹരി എസ്. കര്‍ത്താ എഴുതിയത്

മഹാകവി അക്കിത്തത്തിന് ഇന്ന് നൽകിയ ജ്ഞാനപീഠ പുരസ്‌കാരം വളരെ വൈകി വന്ന ഒരംഗീകാരമായേ കാണാനാവൂ. എങ്കിലും better late than never എന്ന് സമാശ്വസിക്കാം. ജ്ഞാനപീഠത്തിന് അർഹനാവുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. അദ്ദേഹത്തിന് മുമ്പ് ആ ദേശീയ പുരസ്‌കാരം നൽകി ആദരിക്കപ്പെട്ട അഞ്ചു പേരെക്കാളും എന്ത് കൊണ്ടും യോഗ്യനും അർഹനുമാണ് അദ്ദേഹം. മലയാളത്തിന്റെ മഹാകവിയെ മറന്നില്ലെന്നതിൽ നമുക്ക് ആഹ്ലാദിക്കാം, അഭിമാനിക്കാം

വൈകി വന്ന ഈ അംഗീകാരത്തെക്കാൾ ശ്രദ്ധേയം ഇപ്പോൾ വൈകി ഉദിച്ചൊരു വിവേകമാണ്. പുരസ്കാരദാനവേളയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിലെ പരാമർശത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. കമ്മ്യൂണിസ്റ്റ്‌കാരോടൊപ്പം കഴിഞ്ഞ്, കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിയമവിരുദ്ധമായിരുന്ന കാലത്ത്, പല സഖാക്കൾക്ക് തന്റെ ഇല്ലത്തിൽ ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്ത അക്കിത്തം, വളരെ പെട്ടെന്നാണ് അവർക്ക് അനഭിമതനായി മാറിയത്.

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയതോടെ അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി മുദ്ര കുത്തപ്പെട്ടു, ആക്രമണവിധേയനായി. ‘ഇതിഹാസ’ത്തിൽ പറഞ്ഞു വെച്ചത് പലതും കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവികൾക്കും സഖാക്കൾക്കും സഹയാത്രികർക്കും തെല്ലും ബോധിച്ചില്ല. അവർ ഒന്നടങ്കം അക്കിത്തത്തെ തള്ളിപ്പറഞ്ഞു. അറുപിന്തിരിപ്പൻ എന്ന് മുദ്ര കുത്തി ഭ്രഷ്ട് കല്പിച്ചു.

പതിറ്റാണ്ടുകൾ പലത് കഴിഞ്ഞ്, ഇപ്പോൾ ഈ വൈകിയ വേളയിൽ ഇതാ ഒരു പുനരാലോചന. ഇന്ന് പിണറായി വിജയൻ അക്കിത്തത്തെ കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായം സച്ചിദാനന്ദനെ പോലെയുള്ള മാർക്സിസ്റ്റ്‌ കവികൾക്കും ബുദ്ധിജീവികൾക്കും സ്വീകാര്യമാവുമോ എന്നറിയില്ല. അതോ അത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പ്രഭാ വർമ്മയുടെ മാത്രം വികാര, വിചാരങ്ങളോ?

‘ന നൃഷി കവിരിത്യുക്തം
ഋഷിശ്ച കില ദർശനാത് ‘
എന്ന വരികൾ ഉദ്ധരിച്ച പിണറായി അക്കിത്തം ഭാരതീയ വിശ്വാസപ്രകാരം ഋഷി തന്നെയെന്ന് സമർത്ഥിക്കുന്നു. മനുഷ്യന്റെ ഭൗതികമായ ആധികളെ കുറിച്ച് മാത്രമല്ല, ദൈവീകമായ ആധികളെ കുറിച്ച് കൂടി അക്കിത്തം കവിതകളിലൂടെ അന്വേഷിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടികാട്ടുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ‘ ഒരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതിയിട്ടുണ്ടെന്ന് പിണറായി പറയുന്നു.

“അതൊരു ഇടതുപക്ഷ സഹയാത്രികന്റെ സൗഹൃദവിമർശനമായി എന്തു കൊണ്ട് കണ്ട് കൂടാ” എന്നാണ് പിണറായിയുടെ ശ്രദ്ധേയമായ ചോദ്യം. ഏറെ വിമർശനത്തിന് വിധേയമായ ‘വെളിച്ചം ദുഃഖകരമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന അക്കിത്തത്തിന്റെ പ്രസ്താവനയെപ്പറ്റി, “സത്യാനന്തര കാലത്തിന് ഇതിൽപ്പരം ചേരുന്ന ഒരു വിപരീതലക്ഷണ പ്രസ്താവന ഉണ്ടോ” എന്ന ചോദ്യവും പിണറായി ഉന്നയിക്കുന്നു.

എന്റേതല്ല എന്റേതല്ല മക്കളെ എന്ന് മഹാകവി നിസംഗതയോടെ ഉരുവിടുമ്പോഴും, പിണറായിയോട് ഒരു മറുചോദ്യം. ആത്‍മാർഥമായ ആത്മവിമര്ശനമോ ഇത്? അതോ അക്കിത്തത്തെ ഏറ്റെടുക്കാനുള്ള അടവ് നയമോ??

×