നുണ പറയുന്ന ഭരണാധികാരികൾ !

Sunday, October 18, 2020

ഹസ്സൻ തിക്കോടി

കുട്ടിക്കാലം മുതൽ രക്ഷിതാക്കളും അദ്ധ്യാപകന്മാരും നമ്മളെ പഠിപ്പിക്കുന്നത് “കളവ്” പറയരുതെന്നാണ്. എന്നാൽ വളർന്നു വലുതാവും തോറും നാം കേട്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും കള്ളം പറഞ്ഞില്ലെങ്കിൽ അധികാരവും നേട്ടങ്ങളും നഷ്ട്ടപ്പെടുമെന്നതാണ്. അമേരിക്കയിലധിവസിച്ച എന്റെ ആറുമാസത്തിൽ ഞാൻ കണ്ട ഓരോ ടെലിവിഷൻ സംവാദത്തിലും ഒളിഞ്ഞിരിക്കുന്നതെല്ലാം രാക്ഷ്ട്രീയമായ കള്ളം പറച്ചിലിന്റെ വൈവിധ്യവും വിദ്വേശവും ആക്ഷേപഹാസ്യത്തിലുമൂന്നിയ ചർച്ചകളായിരുന്നു. എന്നാൽ ചർച്ചകൾ പലതും നിലവാരമുള്ളതും മാന്യതയുള്ളതുമായിരുന്നു. അമേരിക്കൻ രാക്ഷ്ട്രീയത്തിൽ മാത്രമല്ല ലോക നേതാക്കന്മാരിൽ “നുണകൾ” പറയാത്തവരായി ആരുമുണ്ടായിട്ടില്ല, രാജ്യത്തിന്റെ നിലനിൽപ്പിനും അന്താരാക്ഷ്ട്ര രാക്ഷ്ട്രീയ ബന്ധങ്ങളുടെ ഊഷമളതക്കും ചില കള്ളം പറയലുകൾ അനിവാര്യമായിരിക്കുമെന്നു അവർ വിശ്വസിക്കുന്നു. പക്ഷെ റൊണാൾഡ്‌ ട്രംപിനെ പോലെ കലാപരമായി കള്ളങ്ങൾ പറഞ്ഞവരായി മറ്റാരുമില്ലെന്നാണ് അവിടത്തെ ജനസംസാരം. 2016-ലെ തെരെഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനെ തോൽപ്പിക്കാനും ട്രംപിനെ അധികാരത്തിലേറ്റാനും റഷ്യ കളിച്ചതായി എല്ലാവരും കരുതുന്നു, മാത്രമല്ല യൂറോപ്പിലെ ബ്രിക്സിറ്റ് മുതൽ ഏറ്റവും ഒടുവിലത്തെ കാത്തിലോണിയാൻ തെരഞ്ഞെടുപ്പും കഴിഞ്ഞ ആഴ്ച ആരംഭിച്ച അർമേനിയൻ-അസർബൈജാൻ യുദ്ധവും വലിയ അന്തരാക്ഷ്ട്ര കളവു പറിച്ചലിന്റെ ഭാഗമാണന്നതിൽ സംശയമില്ല. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന നവംബർ മൂന്നാം തിയ്യതി നടക്കാനിരിക്കുന്ന അമേരിക്കൻ തെരെഞ്ഞടുപ്പിലെ നുണ പ്രചാരണത്തിന്റെ മാലപ്പടക്കം അവിടത്തെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

വലിയവരുടെ നുണകൾ:

ലോക നേതാക്കളുടെ നുണ പറച്ചിലിനെ പച്ചയായി വിവരിക്കുന്ന “വൈ ലീഡേഴ്‌സ് ലൈ” (Why Leaders Lie) എന്ന പുസ്തകത്തിൽ വലിയവരുടെ നുണപറച്ചിലിനു മാന്യതയുടെ മറ്റൊരു മുഖം കൂടിയുണ്ടെന്നു സമർത്ഥിക്കുന്നു. 2011-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിൽ നിന്നിറങ്ങിയ ജോൺ മെർമെഷർ എഴുതിയ ഈ പുസ്തകത്തിൽ ലോക നേതാക്കളുടെ മാന്യമായ നുണ (Noble Lie) പറച്ചിലിന്റെ ശൈലിയും ശാസ്ത്രവും വളരെ രസകരമായി പ്രതിപാതിക്കുന്നു. ലോക രാക്ഷ്ട്രങ്ങളിലെ വേദികളിൽ മാത്രമല്ല സ്വന്തം രാജ്യത്തെ ജനങ്ങളോടും എല്ലാ ഭരണാധികാരികളും കളവു പറയുന്ന രീതികൾ വ്യത്യസ്‌തവും ചിലപ്പോൾ അതിരുകവിഞ്ഞതുമായിരിക്കും. പക്ഷെ അവരുടെ നിലനിൽപ്പിനായി സ്ഥാനമോഹത്തിനായി അവർക്കതു പറഞ്ഞെ മതിയാവൂ. മുൻ അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്കിളിൻ റൂസ്‌വെൽറ്റ് (1941 ആഗസ്റ്റിൽ) കളവു പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാക്കിയത്, അമേരിക്കയുടെ ദേശീയ താല്പര്യം അതാണെന്ന് റൂസ്‌വെൽറ്റ് ജനങ്ങളെ ധരിപ്പിച്ചു. അതേപോലെ കെന്നഡി അമേരിക്കൻ പ്രസിണ്ടായിരുന്നപ്പോൾ പറഞ്ഞ ചെറിയൊരു കള്ളം ലോകത്തെ ന്യൂക്ലിയർ യുദ്ധത്തിൽ നിന്നും രക്ഷിക്കാനിടയായി. സൂപ്പർശക്തികളോട് ഏറ്റുമുട്ടാൻ തയ്യാറായ ക്യൂബയുടെ മിസൈൽ പരിപാടി അങ്ങനെ ഇല്ലാതായി.

റഷ്യയുടെ കൈവശം നശീകരണായുധമായ മിസൈലുകൾ ഉണ്ടെന്നു ഭരണാധികാരിയായ ക്രൂഷ്ചേവ് കള്ളം പറഞ്ഞതാണു അമേരിക്കയെ പ്രലോപിപ്പിച്ചത്, അതിനാൽ 1960 -ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായ ഐസൻഹോവർ റഷ്യയുടെ ചാരവിമാന സഞ്ചാരങ്ങൾ മനസ്സിലാക്കുകയും പൊടുന്നനെ റഷ്യ-അമേരിക്ക ഉച്ചകോടിയിലേക്കെത്തിക്കാൻ പ്രേരകമാവുകയും ചെയ്തു. ഭരണാധികാരികൾ ചിലപ്പോൾ അവരുടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിറക്കുമ്പോൾ അത് അവരെ മാത്രമല്ല ലോകത്തെ തന്നെ നാശത്തിലേക്കും യുദ്ധത്തിലേക്കും എത്തിക്കുമെന്ന കാര്യത്തിൽ ജീവിക്കുന്ന ഒരുപാടു ഉദാഹരങ്ങൾ നമ്മുടെ മുമ്പിലുണ്ട് .ചില കളവുകൾ അവർക്കുതന്നെ തിരിച്ചടിയായ ചരിത്രവും കുറവല്ല

ഈ കാലഘട്ടത്തിലെ മഹാമാരിയുടെ പ്രഭവകേന്ദ്രം ചൈനയാണെന്നും ആയതിനാൽ അതിനെ ചൈനീസ് വൈറസു എന്ന് നാമകരണം ചെയ്യുകയും അത് ചൈന ഇറക്കിയ ഒരു ജൈവായുധമായിരിക്കാമെന്നും അമേരിക്കൻ പ്രസിഡണ്ട് തന്റെ കഴിവുകെടുകൾ മറച്ചു പിടിക്കാൻ ശ്രമിച്ചത് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായത് ജീവിക്കുന്ന മറ്റൊരുദാഹരണമാണ്. ഇന്നും അവസാനിച്ചിട്ടില്ലാത്ത കോവിഡ് വ്യാപനം അമേരിക്കയെ തെല്ലൊന്നുമല്ല പിടിച്ചുലച്ചതു, ഒടുവിൽ കോവിഡ് രോഗം പ്രസിഡന്റിനെയും തേടിയെത്തിയപ്പോൾ പോലും താൻ ഉരുവിട്ട നുണകൾ മാറ്റിപ്പറയാൻ അദ്ദേഹം ഇന്നും തയ്യാറായിട്ടില്ല. നേതാക്കന്മാരുടെ നുണ പറച്ചിൽ ഒരു ഭരണ തന്ത്രം കൂടിയാണ്.

(തുടരും)

×