കാവ്യക്കും കാര്‍ത്തികയ്ക്കും വീടൊരുങ്ങി; രാഹുല്‍ ഗാന്ധി വാക്ക് പാലിച്ചു ; നാളെ വീടിന്റെ താക്കോല്‍ കൈമാറും

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, October 18, 2020

മലപ്പുറം : കവളപ്പാറ ദുരന്തത്തില്‍ ഉറ്റവരും കിടപ്പാടവും നഷ്ടപ്പെട്ട സഹോദരങ്ങളായ കാവ്യക്കും കാര്‍ത്തികയ്ക്കും രാഹുല്‍ ഗാന്ധി നല്‍കിയ വാക്ക് പാലിച്ചു. കവളപ്പാറ ദുരന്തത്തില്‍ അമ്മയും സഹോദരങ്ങളും ഉള്‍പ്പടെ കുടുംബത്തിലെ അഞ്ചു പേരെ നഷ്ടപ്പെട്ട് അനാഥരായ ഇരുവര്‍ക്കും കോണ്‍ഗ്രസ് വീടൊരുക്കി. വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി നാളെ നിര്‍വ്വഹിക്കും.

2019 ലെ പ്രളയത്തിലാണ് നിലമ്പൂരിലെ കവളപ്പാറ പ്രദേശം പൂര്‍ണ്ണമായും മണ്ണിനടിയിലാവുന്നത്. ദുരന്തത്തില്‍ കാവ്യയ്ക്കും കാര്‍ത്തികയ്ക്കും തങ്ങളുടെ അമ്മയേയും സഹോദരങ്ങളേയുമടക്കം കുടുംബത്തിലെ അഞ്ചു പേരെയാണ് നഷ്ടമായത്. ഒപ്പം കിടപ്പാടവും. അച്ഛന്‍ നേരത്തെ മരണപ്പെട്ടു. തുടര്‍ന്ന് എടക്കരയിലെ ബന്ധു വീട്ടിലാണ് ഇരുവരും അഭയം തേടിയത്.

കാവ്യയുടേയും കാര്‍ത്തികയുടേയും ഒരു വര്‍ഷത്തെ പഠന ചെലവ് ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് നേരത്തെ ഏറ്റെടുത്തിരുന്നു. കവളപ്പാറ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഇരുവരെയും നേരിട്ട് കാണുകയും ബുദ്ധിമുട്ട് മനസിലാക്കി വീട് നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. നാളെ മലപ്പുറം കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി നേരിട്ട് കൈമാറും.

×