വീട് പ്രളയത്തിൽ തകർന്നു. മറ്റൊരു വീടിനായ് നിർധന കുടുംബത്തിന്‍റെ കാത്തിരിപ്പ്

സമദ് കല്ലടിക്കോട്
Saturday, August 1, 2020

പുലാപ്പറ്റ: ഒരുവീടിനായുള്ള കാത്തിരിപ്പ് രണ്ടു വർഷമായി. അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കോണിക്കഴി ചെഞ്ചുരുളി വീട്ടിൽ രാമകൃഷ്ണൻ,സത്യഭാമ എന്നിവരാണ് പൊട്ടിപൊളിഞ്ഞു നിലം പൊത്താറായ വീട്ടിൽ വർഷങ്ങളായി തള്ളി നീക്കുന്നത്.

കൂലിതൊഴിലാളിയാണ് രാമകൃഷ്ണൻ. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ സത്യഭാമാക്കും ലോക്ക് ഡൗൺ കാലത്ത് കാര്യമായ തൊഴിലില്ല. ആദ്യ പ്രളയത്തിൽ തകർന്നതാണ് വീട്. വാതിലും മേൽക്കൂരയും എല്ലാം നശിച്ചുപോയി. നാട്ടുകാരുടെ സഹായത്തോടെ ടാർപോളിൻ ഷീറ്റ് മേൽക്കൂരയിൽ കെട്ടിയാണ് വീട്ടിൽ കിടക്കുന്നത്.

ഇവർക്ക് മക്കൾ ഇല്ല.എന്തെങ്കിലും സഹായം ലഭിക്കുന്നത് നാട്ടുകാരിൽ നിന്നും മാത്രം.
പി എം ആർ വൈ പദ്ധതിയിൽ രണ്ട് ലക്ഷം പാസ്സായെങ്കിലും ആവശ്യമായ സമയത്ത് രജിസ്റ്റർ ചെയ്യാത്തതുകൊണ്ട് നടന്നില്ല എന്നും ലൈഫ് പദ്ധതിയിൽ മുൻ്ഗണന അടിസ്ഥാനത്തിൽ വീട് നൽകാനുള്ള ശ്രമം നടത്താമെന്നും വാർഡ് മെമ്പർ സി .കെ കബീർ പറഞ്ഞു.

എന്നാൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ ഇഷ്ടകാർക്ക് മുൻഗണന നൽകികൊണ്ടാണ്പദ്ധതികൾ പലപ്പോഴും മുന്നോട്ട് പോകുന്നത്.അർഹതപ്പെട്ടവർ എപ്പോഴും അവഗണിക്കപ്പെടുന്നു.മഴ പെയ്താല്‍ സുരക്ഷിതമായി കയറിക്കിടക്കാന്‍ ആവില്ല.പൊട്ടിപൊളിഞ്ഞു നിലം പൊത്താറായ വീട്ടിൽ നിന്നും എത്രയും വേഗം ഇവരെ പുനരധിവസിപ്പിക്കേണ്ടതായുണ്ട്.

×