Advertisment

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 94ാം സ്ഥാനത്ത്; പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍

New Update

ഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് ജിഎച്ച്‌ഐ) ഇന്ത്യ 94ാം സ്ഥാനത്ത്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപാളിനും പിന്നിലാണ് പുതിയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. 107 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 94ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 102ാം സ്ഥാനത്തായിരുന്നു.

Advertisment

publive-image

പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണു രാജ്യത്തെ പിന്നോട്ടടിപ്പിച്ചത്. 'ഗുരുതര' വിഭാഗത്തിലാണു രാജ്യം. പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്‌കോര്‍ ഉയരുന്നത്.

ബംഗ്ലദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവയും 'ഗുരുതര' വിഭാഗത്തിലാണെങ്കിലും ഈ വര്‍ഷത്തെ സൂചികയില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ്. ബംഗ്ലദേശിന് 75ാം റാങ്കാണ്. മ്യാന്‍മറും പാകിസ്ഥാനും യഥാക്രമം 78, 88 സ്ഥാനങ്ങളിലും. 73ാം റാങ്കുള്ള നേപ്പാളും 64-ാം സ്ഥാനത്തുള്ള ശ്രീലങ്കയും 'മോഡറേറ്റ്' വിഭാഗത്തിലാണ്.

ചൈന, ബെലാറസ്, യുക്രൈന്‍, തുര്‍ക്കി, ക്യൂബ, കുവൈറ്റ് എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജിഎച്ച്‌ഐ സ്‌കോറുമായി മുന്‍നിരയില്‍ സ്ഥാനം നേടി. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 14 ശതമാനം പോഷകാഹാരക്കുറവ് ഉള്ളവരാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനം പോഷകക്കുറവ് അനുഭവിക്കുന്നുണ്ട്.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 37.4 ശതമാനം വളര്‍ച്ച മുരടിപ്പ് അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തിലെ കുട്ടികളിലെ മരണ നിരക്ക് 3.7 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്‌ഐ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

hunger india
Advertisment