ലോക സോഷ്യല്‍ മീഡിയ ദിനത്തിന്റെ തലേന്ന് തന്നെ ചൈനീസ് നിര്‍മ്മിത സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് പണി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍; ഏറ്റവും തിരിച്ചടി നേരിട്ടത് ടിക് ടോകിന്‌

ന്യൂസ് ഡെസ്ക്
Monday, June 29, 2020

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സോഷ്യല്‍മീഡിയ ആപ്പുകളില്‍ ഒന്നാണ് ടിക് ടോക്. ഈ ആപ്പിന്റെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണെന്നത് രാജ്യത്ത് ടിക് ടോക് സ്വന്തമാക്കിയ സ്വീകാര്യത വ്യക്തമാക്കുന്നു.

പ്രമുഖ സോഷ്യല്‍മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയെല്ലാം കടത്തിവെട്ടുന്ന തരത്തിലായിരുന്നു ഈ ചൈനീസ് നിര്‍മ്മിത ആപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ച. 20 കോടിയോളം പേരാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ടിക് ടോക്കാണെന്ന് നിസംശയം പറയാം.

ലോക സോഷ്യല്‍മീഡിയാ ദിനത്തിന്റെ (ജൂണ്‍ 30) തലേന്നാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം പുറത്തുവന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ആണ് ടിക് ടോകിന്റെ ഉടമസ്ഥര്‍. നിരോധിക്കപ്പെട്ട മറ്റൊരു സോഷ്യല്‍മീഡിയ ആപ്പായ ‘ഹെലോ’യുടെയും ഉടമസ്ഥരും ബൈറ്റ് ഡാന്‍സ് തന്നെ.

അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബൈറ്റ് ഡാന്‍സിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇതിനു പുറമേ യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, എക്‌സ് സെന്‍ഡര്‍ തുടങ്ങിയ ആപ്പുകളും ഇന്ത്യയില്‍ വന്‍ സ്വീകാര്യത നേടിയെടുത്തിരുന്നു.

വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം യുസി ബ്രൗസറിനെതിരെ നേരത്തെ തന്നെ പലതവണ ഉയര്‍ന്നതാണ്. 11.7 കോടി പേരാണ് ഇന്ത്യയില്‍ യുസി ബ്രൗസര്‍ ഉപയോഗിക്കുന്നത്. സംശയത്തിന്റെ നിഴലിലായിരുന്നു മറ്റ് ചൈനീസ് ആപ്പുകളും. ചൈനീസ് ഭരണകൂടത്തിന് ആപ്പ് നിര്‍മ്മാതാക്കളായ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണാധികാരമുണ്ടെന്നതും ആ സംശയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.

ഈ ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ വിവരവും കേന്ദ്രത്തിന് ലഭിച്ചിരുന്നു. ഇതും അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷവും ആപ്പുകളുടെ നിരോധനത്തിന് വേഗതയേറ്റി.

ഐടി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരമാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ രൂപീകരിച്ച ദി ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററും ആഭ്യന്തരമന്ത്രാലയവും ഈ 59 ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.

ഇതോടൊപ്പം ഡേറ്റ സുരക്ഷ സംബന്ധിച്ചും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് നിരവധി പരാതികള്‍ നേരത്തെ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ കരുതി ഈ നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Image

എന്നാല്‍ ഉത്തരവ് പുറത്തുവന്നെങ്കിലും ആപ്പുകളുടെ നിരോധനം എപ്രകാരം നടപ്പാക്കുമെന്ന് വ്യക്തമല്ല. നിരോധനത്തെ സംബന്ധിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറിനും ആപ്പിളിന്റെ ആപ് സ്റ്റോറിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമല്ല.

×