Advertisment

കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടല്‍; പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇന്ത്യ

New Update

publive-image

Advertisment

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നഗരോടയിൽ ബുധനാഴ്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊല്ലാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി. ഭീകരർക്ക് സഹായം ചെയ്തു നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. രാജ്യാന്തര മര്യാദകളും ധാരണകളും പാലിക്കാൻ പാക്കിസ്ഥാൻ തയാറാകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഭീകരവാദത്തിനെതിരെ പാകിസ്താൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇന്ത്യ ഓർമപ്പെടുത്തി. പാകിസ്താന്റെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യക്കെതിരായി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ജമ്മു–ശ്രീനഗർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടൽ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ഒരു പൊലീസുകാരനു പരുക്കേറ്റു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പ് തകർക്കാൻ വൻ ആക്രമണമായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. സംഭവത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അമിത് ഷാ, അജിത് ഡോവൽ തുടങ്ങിയവർ യോഗം ചേർന്നു.

ഭീകരർ മുംബൈ ആക്രമണത്തിന്റെ(26/11) വാർഷികത്തിൽ രാജ്യത്ത് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് ലഭിക്കുന്ന സൂചനയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Advertisment