എല്ലാവരും മറന്നുപോയ ഇർഫാൻ ഖാൻ !

പ്രകാശ് നായര്‍ മേലില
Sunday, October 4, 2020

പത്മശ്രീ ഇർഫാൻ ഖാൻ. അഭിനയമികവിന്റെ മകുടോദാഹരണം. അന്താരാഷ്ട്രവേദികളിൽ വരെ യശസ്സുയർത്തിയ പ്രതിഭ.

മികച്ച അഭിനയത്തിനുള്ള ദേശീയ പുരസ്ക്കാരം, മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, നാല് ഫിലിം ഫെയർ അവാർഡുകൾ ഒടുവിൽ പ്രശസ്തി അങ്ങ് ഹോളിവുഡ് വരെ എത്തിച്ചർന്നപ്പോൾ ഒരുപക്ഷേ അവർ കാലങ്ങ ളായി തിരഞ്ഞ ഒരു ക്യാരക്ടർ ഇർഫാനിൽ കണ്ടെത്തിയപ്പോൾ ക്യാൻസർ എന്ന രോഗം വില്ലനായി ജീവിത ത്തിലേക്ക് കടന്നുവന്നു.

ലോകമാകെ പ്രസിദ്ധനാകേണ്ടിയിരുന്ന ആ പ്രതിഭാധനൻ 2020 ഏപ്രിൽ 29 ന് തൻ്റെ 53 മത്തെ വയസ്സിൽ അഭിനയിച്ചു കൊതിതീരാതെ ഈ ലോകത്തുനിന്നും യാത്രയായി.

ചിത്രത്തിൽ മുംബൈയിലെ Versova Kabristan ൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിൻ്റെ ഖബറിടമാണ് ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ ഇപ്രകാരം അനാഥമായി കിടക്കുന്നത്. മരണസമയത്ത് കണ്ണീരൊഴുക്കിയവരും വാനോളം പുകഴ്ത്തിയവരും പ്രകീർത്തിച്ചവരും ഇന്നെവിടെപ്പോയി ? ആരുമില്ല.

സിനിമാസംഘടനകളും ഫിലിം ഫെയറും സാംസ്കാരിക വകുപ്പുകളും സർക്കാരുകളും ഒക്കെ ആ കലാ പ്രതിഭയെ മറന്നു. ഇതാണ് ലോകം.അരങ്ങൊഴിഞ്ഞവരെ അപ്പാടെ വിസ്മരിക്കുന്ന സ്വാർത്ഥമോഹികളുടെ ലോകം.

എത്ര പ്രസിദ്ധി നേടിയാലും ഈ ഏകാന്തത നിറഞ്ഞ ഖബറിടത്തിൽ ഒരിക്കൽ നാമെല്ലാം ഒറ്റയ്ക്കാകും എന്ന ശാശ്വതസത്യം എത്രപേർ ഉൾക്കൊള്ളുന്നു ?

സിനിമാക്കാരെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ആ ഖബറിടം ശിലാഫലകം ഉൾപ്പെടെയുള്ള ഒരു സ്മൃതിമണ്ഡ പമാക്കി മാറ്റാൻ കഴിയുമായിരുന്നു…

സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിനാൽ ഭാര്യ ഖബറിൽ പോയിട്ടില്ല. ഇർഫാന്റെ ചിത്രമാണ് അവർക്കും മക്കൾക്കും അഭയം. ആരും ഖബറിടം തയ്യറാക്കാൻ സഹായിച്ചില്ലെങ്കിലും മഴക്കാലത്ത് ചെടികളും പുല്ലുകളും താനേ അവിടെ മുളയ്ക്കുമെന്നും എന്നും പ്രകൃതിയെ അളവറ്റു സ്നേഹിച്ചിരുന്ന ഇർഫാന് അതാകും കൂടുതലിഷ്ടമെന്നും മനോവിഷമം ഉള്ളിലൊതുക്കി ഭാര്യ Sutapa Sikdar പറഞ്ഞു. ഹിന്ദുമത വിശ്വസിയായ Sutapa Sikdar ഉം ഇർഫാനും പ്രേമവിവാഹം കഴിച്ചവരാണ്. രണ്ടു മക്കളുണ്ട് ബബിളും അയാനും.

ഇർഫാന്റെ മകൻ ബബിൾ എഴുതുന്നു.. ” മമ്മ (അമ്മ) ബാബയുടെ ( ഇർഫാന്റെ) ഓർമ്മയ്ക്കായി വീട്ടിൽ ഒരു റാത്ത് റാണി ചെടി ( നിശാഗന്ധി) നട്ടുപിടിപ്പിച്ചിട്ടുണ്ട്. മിക്കപ്പോഴും അത് നനയ്ക്കാനും വളമിടാനും അതിനരുകിൽ സമയം ചെലഴിക്കാനും ഞങ്ങൾ പരമാവധി ചെലവഴിക്കുമ്പോൾ ബാബയുടെ അദൃശ്യസാന്നിദ്ധ്യം ഞങ്ങൾക്കനുഭവപ്പെടുന്നു…” എന്നാണ് .

×