കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; മൂന്നാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഇസ്രായേല്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, September 24, 2020

ടെല്‍ അവീവ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഒക്ടോബര്‍ പത്ത് വരെ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആളുകള്‍ വീടുകളുടെ ആയിരം മീറ്റര്‍ പരിധിവിട്ട് പുറത്തുപോകാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഇളവ് അനുവദിക്കും.

സെപ്റ്റംബര്‍ 18-ന് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക്ഡൗണാണ് കര്‍ശനമാക്കുന്നത്. പുതിയതായി 1642 പേര്‍ക്കാണ് ഇസ്രായേലില്‍ രോഗം സ്ഥിരീകരിച്ചത്. 206332 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 1335 പേര്‍ മരിച്ചു.

×