Advertisment

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം മത്സരിക്കുക 'രണ്ടില'യില്‍ തന്നെ ! കോടതി വിധിയോടെ ആത്മവിശ്വാസത്തോടെ ജോസ് വിഭാഗം; കടുത്ത തിരിച്ചടിയില്‍ പകച്ച് പിജെ ജോസഫ് ! ഹൈക്കോടതി വിധിയോടെ പിജെ ജോസഫിനും മോന്‍സിനുമെതിരായ അയോഗ്യതാ പരാതിയില്‍ സ്പീക്കറുടെ തീരുമാനം ഉടന്‍ ! ഇരുവരെയും അയോഗ്യരാക്കാനും സാധ്യത ഏറുന്നു

New Update

തിരുവനന്തപുരം: നിയമപോരാട്ടം അനുകൂലമായതോടെ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാനാകും. നേരത്തെ ചിഹ്നം മരവിപ്പിച്ചപ്പോള്‍ അതു ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

നിലവിലെ വിധിക്കെതിരെ പിജെ ജോസഫ് സുപ്രീംകോടതിയെ സമീപിക്കുകയോ, അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് നിലവിലെ വിധിക്ക് സ്റ്റേ വാങ്ങുകയോ ചെയ്തില്ലെങ്കില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തടസ്സമില്ല.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വിധി ജോസ് കെ വിഭാഗത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരും എന്നു ഉറപ്പാണ്. നേരത്തെ പാര്‍ട്ടിയുടെ അഭിമാന ചിഹ്നമായ രണ്ടില നഷ്ടമായതോടെ പാലായിലടക്കം ജോസ് വിഭാഗം പരാജയം രുചിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ചിഹ്നം തിരിച്ചു കിട്ടിയതോടെ അതും ജോസ് കെ മാണിക്ക് കൂടുതല്‍ കരുത്തു പകരും.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍ രണ്ടില ചിഹ്നം തന്നെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചിഹ്നം കോടതി കൂടി ഔദ്യോഗികമായി അംഗീകരിച്ചതോടെ അതു നല്‍കാനുള്ള അപേക്ഷ ഇന്നു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ജോസ് കെ മാണി വിഭാഗം നല്‍കും.

തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചവര്‍ തങ്ങളുടെ ഔദ്യോഗിക ചിഹ്നത്തിനായുള്ള അപേക്ഷ നല്‍കേണ്ടത് 23ന് മുമ്പായിട്ടാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സമയക്രമവും ജോസ് വിഭാഗത്തിന് അനുകൂലമാണ്.

അതേസമയം കോടതി വിധി ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി തന്നെയാകും സൃഷ്ടിക്കുക. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ റിവിഷന്‍ ഹര്‍ജിയോ, സുപ്രീംകോടതിയെ സമീപിക്കുകയോ ആണ് ജോസഫ് വിഭാഗത്തിന്റെ മുന്നിലുള്ള പോംവഴി. ഇതിനു പുറമെ പിജെ ജോസഫിനെതിരെയും, മോന്‍സ് ജോസഫിനെതിരെയും ജോസ് വിഭാഗം നല്‍കിയ അയോഗ്യതാ പരാതികളില്‍ ഈയാഴ്ച നിയമസഭാ സ്പീക്കര്‍ തീരുമാനമെടുക്കാനുള്ള സാധ്യതയും ഉണ്ട്.

നിലവിലെ ഹൈക്കോടതി വിധി പ്രകാരം ഔദ്യോഗിക പാര്‍ട്ടി ജോസ് കെ മാണി വിഭാഗത്തിന് തന്നെയാണ്. ഇതോടെ റോഷി അഗസ്റ്റിന്റെ വിപ്പ് തന്നെയാകും ബാധകമെന്നാകും സ്പീക്കര്‍ വിധിക്കാനിടയുള്ളത്. ഈ വിഷയത്തില്‍ സ്പീക്കറുടെ ഓഫീസ് നേരത്തെ തന്നെ നിയമോപദേശം തോടിയിരുന്നു.

ഇതോടെ ജോസഫും മോന്‍സും അയോഗ്യരാകാനുള്ള സാധ്യതയും ഏറുകയാണ്. ഇതിനെയും യുഡിഎഫ് രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടി വരും.

jose k mani
Advertisment