മലബാറിലെ ആത്മീയ നേതാവിനെയും കെടി ജലീലിനെയും മുന്നില്‍ നിര്‍ത്തി പുതിയ മുസ്ലിം പാര്‍ട്ടി വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജലീലിനെ പൂര്‍ണമായി പിന്തുണച്ച് കാന്തപുരം സുന്നി വിഭാഗത്തിന്‍റെ സംഘടന രംഗത്ത് ! മതഗ്രന്ധത്തെയും മതവിശ്വാസങ്ങളെയും അവഹേളിയ്ക്കരുതെന്നും യുഎഇയെ പിണക്കരുതെന്നും സുന്നി യുവജന സംഘടന !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, September 14, 2020

കോഴിക്കോട്:  മലബാറിലെ പ്രമുഖ മുസ്ലീം ആത്മീയ നേതാവിനെ അധ്യക്ഷനും മന്ത്രി കെടി ജലീലിനെ ജനറല്‍ സെക്രട്ടറിയുമാക്കി മുസ്ലീം ലീഗിനെതിരെ ബദല്‍ പാര്‍ട്ടി രൂപീകരണത്തിന് അണിയറ നീക്കങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ വിവാദ വിഷയങ്ങളില്‍ ജലീലിനെ പിന്തുണച്ച് കാന്തപുരം വിഭാഗം രംഗത്തെത്തി.

ഖുര്‍ ആനും റംസാന്‍ കിറ്റും വിതരണം ചെയ്തതിന്‍റെ പേരിലുള്ള വിവാദം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരം സുന്നി വിഭാഗത്തിന്‍റെ യുവജന സംഘടനയായ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരിക്കുന്നത്.

കക്ഷി രാഷ്ട്രീയ വിഷയങ്ങളിലേയ്ക്ക് മതഗ്രന്ധത്തെയും മതവിശ്വാസങ്ങളെയും വലിച്ചിഴയ്ക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ജലീലിനെ ന്യായീകരിച്ച് എസ്‌വൈഎസ് രംഗത്തെത്തിയിരിക്കുന്നത്.

ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നവും തൊഴിലും നല്‍കുന്ന യുഎഇയിലെ ഭരണാധികാരികള്‍ ഇന്ത്യയോടും പ്രത്യേകിച്ച് മലയാളി സമൂഹത്തോടും പ്രകടിപ്പിക്കുന്ന സ്നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി മലയാളികള്‍ക്ക് ബോധ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുര്‍ ആന്‍ നാട്ടിലെത്തിച്ചതിനെ പരോക്ഷമായി ന്യായീകരിച്ച് സുന്നി യുവജന സംഘടനയുടെ പ്രസ്താവന.

സിപിഎമ്മിന്‍റെ ആശിര്‍വാദത്തോടെ പ്രമുഖ മത നേതാവിനെ അധ്യക്ഷനും ജലീലിനെ ജനറല്‍ സെക്രട്ടറിയുമാക്കി കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയ മുസ്ലീം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ കോട്ടയ്ക്കലില്‍ വച്ച് 5 ലക്ഷം പേരെ അണിനിരത്തി പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള നീക്കം പൊളിഞ്ഞത് കൊറോണ വ്യാപനത്തോടെയായിരുന്നു.

നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായ 4 സിപിഎം സ്വതന്ത്രരായ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാരെ പുതിയ പാര്‍ട്ടിയുടെ ഭാഗമാക്കി ഇവരെ ഇടതുമുന്നണി ഘടകകക്ഷിയാക്കാനായിരുന്നു നീക്കം.

ഇനി അടുത്ത ഡിസംബര്‍-ജനുവരി മാസത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടന്നുവരികയായിരുന്നു. അതിനിടയിലാണ് നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണക്കടത്തുകേസില്‍ മന്ത്രി ജലീല്‍ ആരോപണ വിധേയനായി മാറിയതും രാജിക്കുള്ള മുറവിളി ഉയര്‍ന്നിരിക്കുന്നതും.

കെടി ജലീലിനെ മുന്നില്‍ നിര്‍ത്തിയുള്ള വലിയൊരു രാഷ്ട്രീയ നീക്കം അണിയറയില്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി  എന്തുവിലകൊടുത്തും തടയുകയെന്ന ലക്ഷ്യത്തിലേയ്ക്ക് സിപിഎം നീങ്ങുന്നത്.

ജലീലിന്‍റെ പാര്‍ട്ടി മലബാറില്‍ ആധിപത്യം സ്ഥാപിക്കുകയോ, മുസ്ലീം ലീഗിന്‍റെ ഏകപക്ഷീയ മുന്നേറ്റത്തിനു തടയിടുകയോ ചെയ്താല്‍ അത് ഇടതുമുന്നണിയ്ക്ക് വന്‍ രാഷ്ട്രീയ നേട്ടമായി മാറുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.

അത് പാളിപ്പോകുന്നതിന്‍റെ നിരാശ സിപിഎമ്മിനു മാത്രമല്ല, ആ ഉദ്യമം പ്രതീക്ഷിച്ചിരുന്ന വിവിധ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നതിന്‍റെ തെളിവാണ് കാന്തരുപം സുന്നി വിഭാഗത്തിന്‍റെ പ്രതികരണം സൂചിപ്പിക്കുന്നത്.

×