ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ മക്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല; കുട്ടികളുടെ പഠനത്തിനായി ടിവി വാങ്ങാന്‍ കെട്ടുതാലി പണയപ്പെടുത്തി ഒരമ്മ; സംഭവം കര്‍ണാടകയില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, August 1, 2020

ബംഗളൂരു: ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ മക്കള്‍ക്ക് കാണാന്‍ ടിവി ഇല്ലാത്തതിനെ തുടര്‍ന്ന് കെട്ടുതാലി പണയപ്പെടുത്തി അമ്മ. കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. മക്കളുടെ പഠനത്തിനു വേണ്ടി ടിവി വാങ്ങുന്നതിനായാണ് 4 മക്കളുടെ അമ്മയായ യുവതി തന്റെ മംഗല്യസൂത്രം പണയപ്പെടുത്തിയത്.

ഗഡാഗ് ജില്ലയിലെ നര്‍ഗണ്ട് താലൂക്കിലെ കസ്തൂരി ചലവാടി എന്ന വീട്ടമ്മയാണ് മക്കള്‍ക്ക് വേണ്ടി തന്റെ 12 ഗ്രാം തൂക്കമുള്ള മംഗല്യ സൂത്രം പണയപ്പെടുത്തിയത്. സംഭവം തഹസീല്‍ദാറിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ അധികൃതരെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു.

യുവതിയില്‍ നിന്നും മംഗല്യസൂത്രം പണയമായി സ്വീകരിച്ച പണമിടപാടുകാരനും പിന്നീട് സ്ഥിതിഗതികള്‍ മനസ്സിലാക്കി മംഗല്യസൂത്രം തിരികെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിന് കഴിയുന്ന സമയത്ത് പണം മടക്കിനല്‍കിയാല്‍ മതിയെന്നും ഇദ്ദേഹം വ്യക്തമാക്കി.

നിര്‍ധന കുടുംബത്തിനായി നാട്ടുകാര്‍ പണപ്പിരിവും നടത്തി. രാഷ്ട്രീയ നേതാക്കളും സംഭവന നല്‍കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് 50000 രൂപയും മന്ത്രി സിസി പാടീല്‍ 20000 രൂപയും നല്‍കി.

ഞങ്ങളുടെ വീട്ടില്‍ ഒരു ടിവി ഇല്ല. ദൂരദര്‍ശനില്‍ കുട്ടികളുടെ പാഠഭാഗങ്ങള്‍ കാണിക്കുന്നുണ്ട്. എന്റെ കുട്ടികള്‍ ടിവി കാണാനായി മറ്റ് വീടുകളില്‍ പോകുമായിരുന്നു. ടിവിയിലെ പാഠഭാഗങ്ങള്‍ കുട്ടികള്‍ കാണണമെന്ന് അധ്യാപകര്‍ പറഞ്ഞപ്പോഴാണ് മക്കളുടെ ഭാവി അപകടത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഒരു ടിവി വാങ്ങാനായി ആരും എനിക്ക് വായ്പ നല്‍കിയില്ല. അതിനാല്‍ ഞാന്‍ എന്റെ മംഗല്യസൂത്ര പണയം വച്ച് ടിവി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.-കുട്ടികളുടെ അമ്മ വ്യക്തമാക്കി.

യുവതിയുടെ ഭര്‍ത്താവിന് കൂലിപ്പണിയാണ് കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അദ്ദേഹം തൊഴിലില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ദമ്പതികളുടെ മൂത്തമകള്‍ വിവാഹിതയാണ്. ഇളയ കുട്ടികള്‍ 7,8 ക്ലാസുകളില്‍ പഠിക്കുന്നു.

×