പാര്‍ട്ടിയില്‍ വീണ്ടും കരുത്തനായി ഒന്നേകാല്‍ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യസഭയിലേയ്ക്ക് ! ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന് കെസി വേണുഗോപാല്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 14, 2020

ഡല്‍ഹി: ഒന്നേകാല്‍ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വീണ്ടും രാജ്യസഭയിലെത്തി.

കേരളത്തില്‍നിന്നുള്ള  നേതാക്കളില്‍ രണ്ടുപേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എംവി ശ്രേയാംസ് കുമാര്‍ കേരളത്തില്‍ നിന്നാണെങ്കില്‍ കെസി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാനില്‍നിന്നാണ്.

അതുതന്നെയാണ് സമകാലിക രാഷ്ട്രീയത്തില്‍ കെസി വേണുഗോപാലിന്‍റെ പ്രസക്തി. ഏറെ കാലങ്ങള്‍ക്കുശേഷമാണ് കേരളത്തില്‍നിന്നുള്ള ഒരു നേതാവ് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയും ഭാരവാഹിത്വങ്ങളും ഉടച്ചുവാര്‍ത്തപ്പോള്‍ പല പ്രമുഖരുടെയും കസേരകള്‍ തെറിച്ചെങ്കിലും കെസി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറി.

പ്രതിസന്ധികളില്‍ തളരാതെ പാര്‍ട്ടിയെ കൈപിടിച്ചു നടത്തിയതിന്‍റെ മികവിലാണ് പുതിയ അംഗീകാരം. രണ്ടാം തവണയാണ് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി നിയമിതനായിരിക്കുന്നത്.

മുമ്പ് 10 വര്‍ഷം കെസി പാര്‍ലമെന്‍റംഗമായി ലോക്സഭയിലുണ്ടായിരുന്നു. യുപിഎ സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയുമായി. അതിലേറെ കാലം കേരളത്തില്‍ എംഎല്‍എ ആയിരുന്നു.

സംസ്ഥാന മന്ത്രിസഭയിലും തിളങ്ങി. ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളില്‍ പുലര്‍ത്തുന്ന വിശ്വാസ്യതയും മികവുമാണ് കെസി വേണുഗോപാല്‍ എന്ന നേതാവിന്‍റെ വളര്‍ച്ച.

×