ഉമ്മൻ ചാണ്ടി – മനുഷ്യത്വത്തിൻറെ രാഷ്ട്രീയം: കെ സി വേണുഗോപാൽ എംപി

സത്യം ഡെസ്ക്
Wednesday, September 16, 2020

2004 ലെ ക്രിസ്മസ് പിറ്റേന്നു രാവിലെ ആലപ്പുഴ നിന്നു തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെട്ടതായിരുന്നു. പൂർണ ഗർഭിണിയായ ഭാര്യ ആശയെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ഡോക്ടറെ കാണിക്കാനായിരുന്നു ആലപ്പുഴയിൽ നിശ്ചയിച്ചിരുന്ന പരിപാടികളൊക്കെ മാറ്റി വച്ചുകൊണ്ടുള്ള യാത്ര.

അമ്പലപ്പുഴ എത്താറായപ്പോൾ ഔദ്യോഗിക കാറിലെ വയർലെസ്സിലൂടെ ആ സന്ദേശം എത്തി. ആലപ്പുഴയിലുൾപ്പെടെ സംസ്ഥാനത്തെ മിക്കതീരപ്രദേശങ്ങളിലും അസാധാരണമാം വിധം കടൽ കയറുന്നു.

തൊട്ടുപിന്നാലെ ആ വിവരവും എത്തി. അന്ധകാരനാഴിയിൽ മന്ത്രി കെ.ആർ ഗൗരിയമ്മ തിരയിൽപ്പെട്ടിരിക്കുന്നു. നിമിഷങ്ങൾക്കകം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോൺ വിളി വന്നു. സൂനാമി എന്ന അപൂർവ പ്രതിഭാസമാണ് കടലിൽ കാണുന്നത്.

ആയിരക്കണക്കിനാളുകൾ കൂറ്റൻ തിരമാലകളിൽപ്പെട്ടു അപകടത്തിലാണ്. അഴീക്കലിലും ഹരിപ്പാട് ആറാട്ടുപുഴയിലും സ്ഥിതി അതീവഗുരുതരം. വേണു ഉടൻ ആറാട്ടുപുഴയിലെത്തണം…’ യാത്ര മാറ്റിവച്ചു ഞാൻ ആറാട്ടുപുഴയിലേക്കു കുതിച്ചു.

യുദ്ധക്കുളം പോലെ ആറാട്ടുപുഴ. ആർത്തലച്ചെത്തിയ കൂറ്റൻതിരമാലകൾ ആ തീരഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികൾ മാത്രം. തിരമാലകൾ തച്ചുതകർത്ത വീടുകളുടെ അവശിഷ്ടങ്ങൾ യുദ്ധഭൂമിയെ അനുസ്മരിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷങ്ങൾ.

ദുരന്തം നക്കിത്തുടച്ച ആയിരം തെങ്ങിൽ ഒട്ടുംവൈകാതെ ഉമ്മൻചാണ്ടി എത്തി. അടിയന്തരമായി കൺട്രോൾ റൂം തുറക്കാനും സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. മണിക്കൂറുകൾക്കകം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുൾപ്പെടെ നൽകി ക്യാംപുകളിൽ സുരക്ഷിതരാക്കി.

കേരളം കണ്ട ഏറ്റവും വലിയൊരു തീരദേശ ദുരന്തം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ പാടവവമുള്ള ഉമ്മൻചാണ്ടിയിലെ ‘ക്രൈസിസ് മാനേജർ’ ഉണർന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുള്ള മുൻപരിചയമില്ല കേരളത്തിന്.

നിയമങ്ങളുമില്ല, കീഴ് വഴക്കങ്ങളുമില്ല. ഉമ്മൻചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തു തന്നെ നിന്നു. കൊല്ലം ജില്ലയിലെ ആലപ്പാടു മുതൽ അഴീക്കൽ വരെ ഏതാണ്ടു ഏഴെട്ടു കിലോമീറ്ററോളം ഉമ്മൻചാണ്ടി നടന്നു ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇടയ്ക്ക് ആ ചെരിപ്പ് പൊട്ടിപ്പോയപ്പോഴും ആ കാൽനടയാത്ര നിർത്തിയില്ല.

വില്ലേജ് ഓഫിസർമാർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു അദ്ദേഹം രാപകൽ കൂടെനിന്നു. കടലിന്റെ ഭീകരമുഖം കണ്ടു പകച്ചുപോയ തീരദേശജനതയ്ക്കു ഒരു ബുദ്ധിമുട്ടുമുണ്ടാകരുതെന്ന് അദ്ദേഹത്തിന് അത്രയേറെ നിർബന്ധമായിരുന്നു.

പരമാവധി കേന്ദ്ര സഹായം നേടിയെടുക്കാനും പുനധിവാസപ്രവർത്തനങ്ങൾക്കുള്ള നിയമതടസ്സങ്ങള്‍ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂർമ്മതയും തീരദേശ ചരിത്രത്തിന്റെ ഭാഗം കൂടിയാണിന്ന്. രണ്ടു തവണ മന്ത്രിസഭാ യോഗങ്ങൾ ചേർന്ന ദിവസങ്ങളത്രെയോ ഉണ്ടായി.

എത്രവലിയ പ്രശ്നമായാലും അതിനൊരു പ്രയോഗിക പരിഹാരം അദ്ദേഹത്തിന് മുന്നിൽ തെളിയും. ഒന്നല്ലെങ്കിൽ മറ്റൊരുവഴി, അല്ലെങ്കിൽ സാധ്യമായ എല്ലാ മാർഗങ്ങളും അതിനായി തേടും. നിയമതടസ്സങ്ങളുണ്ടെങ്കിൽ അത് മറികടക്കാൻ നിയമത്തെ പൊളിച്ചെഴുതും. അതാണ് ഉമ്മൻ ചാണ്ടിയുടെ മൗലീകമായ രീതി.

ഔപചാരികതയുടെ അളവുകോലുകൾക്കപ്പുറത്ത് മനുഷ്യത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ വൈകാരിക മനസ്സും നമ്മൾ കണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടീ…..’ എന്ന ഒരെട്ടുവയസ്സുകാരിയുടെ നീട്ടിയുള്ള വിളിയിൽ പിറന്നതൊരു വീടാണ്.

മൂന്നുവർഷം മുൻപ് നടക്കാവ് ടി ടി ഐ യുടെ ഉദ്ഘാടനത്തിനു പോയപ്പോഴാണ് 74 വയസുള്ള ഉമ്മൻ ചാണ്ടിയെ മൂന്നാം ക്ലാസ്സുകാരി ശിവാനിയെന്ന മിടുക്കി പേരു ചൊല്ലി വിളിച്ചു പിടിച്ചു നിർത്തിയത്. നിഷ്കളങ്ക മുഖത്തോടെ ആ കുരുന്നിനോടു ഉമ്മൻചാണ്ടി കാര്യം തിരക്കി.

അവളുടെ സഹപാഠി അമൽ കൃഷ്ണയ്ക്കു വീടില്ല. അവനെ സഹായിക്കണമെന്നാണു ശിവാനിയുടെ ഡിമാൻഡ്. ‘ഇല്ല എന്നൊരു വാക്കു നിഘണ്ടുവിലില്ലാത്ത ഉമ്മൻ ചാണ്ടി അമലിനൊരു വീട് വെച്ചുകൊടുത്തു..

മലയാളിക്ക് അതൊരു രൂഢമൂലമായ വിശ്വാസമാണ്. ഉമ്മൻ ചാണ്ടിയെ വിളിച്ചാൽ ഏതു അസാധ്യകാര്യവും നടക്കുമെന്ന വിശ്വാസം. ഏതൊരാൾക്കും ഏതു പാതിരാത്രിക്കും എന്ത് സഹായവും ചോദിച്ചു ധൈര്യമായി വിളിക്കാവുന്ന ഒരു നേതാവ്. ആ വിശ്വാസത്തിന് അമ്പതാണ്ട്‌ തികയുന്നു.

പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മൻചാണ്ടി അങ്ങനെയൊക്കെയാണല്ലോ കേരളത്തിന്റെ പൊതുസ്വത്തായത്. വിശ്രമമില്ലാതെ രാപകൽ അധ്വാനിക്കുന്ന ഉമ്മൻചാണ്ടിക്കു ആൾക്കൂട്ടങ്ങളില്ലെങ്കിൽ ഊർജമില്ല എന്ന ചൊല്ലിൽ അതിശയോക്തിയില്ല.

കെഎസ് യു വിന്റെ നീലക്കൊടിയും പിടിച്ചു എ.കെ ആന്റണിയുടെ പിന്‍ഗാമിയായി ഈ പ്രസ്ഥാനത്തിലേക്കു വന്ന ഉമ്മൻചാണ്ടി കേരളത്തില്‍ കോൺഗ്രസിന്റെ ശക്തി സ്രോതസ്സായി മാറിയതിനു പിന്നിൽ പതിറ്റാണ്ടുകളുടെ ത്യാഗനിർഭരമായ കഠിനാധ്വാനവും ആത്മസമർപ്പണവുമുണ്ട്.

താൻ പറയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം മറ്റുള്ളവരെ കേൾക്കാൻ തയാറാകുന്നുവെന്നതാണു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ മെറിറ്റ്. ഇടപെടലുകളിലെ ആത്മാർഥത, ഉത്തരവാദിത്തങ്ങളോടും സ്ഥാനങ്ങളോടും എക്കാലവും പുലർത്തിയ അങ്ങേയറ്റത്തെ നീതി.. രാഷ്്ട്രീയത്തിനതീതമായി ഉമ്മൻചാണ്ടിക്കു ജനകീയത നേടിക്കൊടുത്തതു ഈ ഗുണങ്ങൾ കൊണ്ടു തന്നെയാണ്.

ഔപചാരികതയുടെ മതിലുകളില്ലാതെ ജനങ്ങൾക്ക് അദ്ദേഹവുമായി നേരിട്ടു സംവദിക്കാം. മുഖവുരയില്ലാതെ, മുൻപരിചയമില്ലാതെ ആർക്കും അദ്ദേഹത്തെ എപ്പോഴും കാണാം. ആവലാതികളോ ആവശ്യങ്ങളോ എന്തും പറയാം. കുടുംബാംഗത്തോടെന്ന പോലെ ന്യായമായ എന്താവശ്യത്തിനും അദ്ദേഹം കൂടെ നിൽക്കും.

ആ സത്യസന്ധതയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതും. പുതുപ്പള്ളിക്കാർക്ക് അവരുടെ കുഞ്ഞൂഞ്ഞ് ഓരോ വീട്ടിലെയും അംഗമാണെന്നതു പോലെ തലമുറകളായി ആ വിശ്വാസവും സാഹോദര്യവും കേരളമാകെ വിശുദ്ധിയോടെ കാക്കാൻ ഉമ്മൻചാണ്ടിക്കു കഴിഞ്ഞു.

നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവർത്തനകനെന്ന നിലയിലും ജനകീയ- സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്തു ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിൻബലമാണു അര നൂറ്റാണ്ടുകാലത്തെ തുടർ വിജയങ്ങളുെട അടിത്തറ.

ഭരണാധികാരി എന്ന നിലയിൽ നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തി അദ്ദേഹം ആവിഷ്കരിച്ച പദ്ധതികളും പരിപാടികളും സമാനതകളില്ലാത്തതാണ്. ജനസമ്പർക്കപരിപാടിയിലൂടെ പത്തു ലക്ഷത്തോളം പരാതികൾക്കാണ് മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം നേരിട്ടു പരിഹാരമുണ്ടാക്കിയത് !

കേരളം അന്നുവരെ കാണാത്ത പരാതി പരിഹാര രീതിക്കു മുഖ്യമന്ത്രിക്കു കൂട്ടായി ജനതയും ഭരണയന്ത്രവും ഉറക്കമൊഴിച്ച് ഒപ്പം നിന്നു. കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും സ്മാർട്ട് സിറ്റിയും നിർമ്മാണം തുടരുന്ന വിഴിഞ്ഞം തുറമുഖവുമടക്കം നിരവധി വികസനപദ്ധതികൾ.

കാരുണ്യയും സൗജന്യ കാൻസർ ചികിത്സയും പുതിയ മെഡിക്കൽ കോളേജുകളുമടക്കം ആരോഗ്യമേഖലയിൽ കുതിച്ചുചാട്ടമുണ്ടായ ഭരണകാലം. തൊഴിൽ മന്ത്രി എന്ന നിലയിൽ, അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനം നൽകാനെടുത്ത ആ തീരുമാനവും ചരിത്രത്തിന്റെ ഭാഗമാണ് .

അടിസ്ഥാന സൗകര്യ വികസനരംഗത്തും വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ നേട്ടങ്ങൾ മാത്രമല്ല, ക്ഷേമ പെൻഷനുകൾ, കാർഷിക, കുടിവെള്ള പദ്ധതികൾ അങ്ങനെ വികസന – ക്ഷേമ പദ്ധതികളിലൂടെ അതിവേഗം ബഹുദൂരമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ കേരളത്തെ മുന്നോട്ടു കൊണ്ടുപോയത്. പക്ഷെ നിലപാടുകൾക്കു വേണ്ടി അധികാരം വലിച്ചെറിയാനും പലപ്പോഴും അദ്ദേഹം മടിച്ചില്ല എന്ന ചരിത്രവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ നെടുംതൂണാണ് ഉമ്മൻ ചാണ്ടി. ഘടകകക്ഷികളെ ആരെയും പിണക്കാതെ പ്രശ്നപരിഹാരമുണ്ടാക്കുന്നതിലുള്ള ആ സാമർഥ്യം മുന്നണി കൺവീനറായിരിക്കുമ്പോഴും അല്ലാതെയും എത്രയോ തവണ കണ്ടതാണ്. ആരുടേയും അഭിപ്രായങ്ങൾ അദ്ദേഹം കേൾക്കും. നല്ലതെങ്കിൽ സ്വീകരിക്കാനും മടിയില്ല.

കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായ ചേരികളിൽ ഒപ്പം നിൽക്കുന്നവരെ സംരക്ഷിക്കാൻ അദ്ദേഹം കാട്ടുന്ന ജാഗ്രത അനിതരസാധാരണമാണ്. തനിക്കൊപ്പം നിൽക്കുന്നവർക്കു വേണ്ടി അദ്ദേഹം ആവുന്നതൊക്കെ ചെയ്യും. എത്ര സമ്മർദ്ദങ്ങളുണ്ടായാലും നിലപാടിൽ കാർക്കശ്യത്തോടെ ഉറച്ചു നിൽക്കുകയും ചെയ്യും.

22 -ാം വയസ്സിൽ കെഎസ് യു സംസ്ഥാന സെക്രട്ടറിയായപ്പോഴും 75 -ാം വയസ്സിൽ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നപ്പോഴും കോൺഗ്രസിന്റെ അടിസ്ഥാന പ്രമാണങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അദ്ദേഹം മുറുകെപ്പിടിച്ചു.

ഞാനുൾപ്പെടെ കോൺഗ്രസ്സിൽ അണിചേർന്ന ഓരോരുത്തർക്കും ഉമ്മൻ ചാണ്ടിയുടെ സ്നേഹവും കരുതലും ലഭിച്ചിട്ടുണ്ട്. കെ എസ് യു , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കാൻ ലഭിച്ച അവസരങ്ങളിൽ സംഘടനാപരമായി ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ ഗ്രൂപ്പുകൾക്കതീതമായി സംഘടനാ താൽപര്യം മുൻനിർത്തി അദ്ദേഹം താങ്ങായി കൂടെ നിന്നു.

മന്ത്രിയായ 2004 ൽ ടൂറിസം-ദേവസ്വം വകുപ്പുകളുടെ ചുമതലയാണു പാർട്ടി എനിക്ക് നൽകിയത്. ആ വകുപ്പുകളിൽ പൂർണമായ സ്വാതന്ത്ര്യവും ഭരണപരമായ എല്ലാ പിന്തുണയും മുഖ്യമന്ത്രി എനിക്ക് നൽകി. പിന്നീട്, എം പി എന്ന നിലയിൽ ഞാൻ അഭ്യർത്ഥിച്ച, ആലപ്പുഴ ബെപാസ്സിന്റെയും തുറവൂർ-പമ്പ പാതയുടെയും കാര്യങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി കീഴ് വഴക്കങ്ങൾ നോക്കാതെ അതിവേഗം അനുകൂലതീരുമാനങ്ങളെടുത്തു എന്നതും മറക്കാവുന്നതല്ല.

കേരളത്തിലെ പൊതുസമൂഹത്തിനും ഒപ്പം കോൺഗ്രസ് പ്രസ്ഥാനത്തിനും ഏറ്റവും അനിവാര്യമായ നേതൃത്വമാണ് ഉമ്മൻ ചാണ്ടിയുടേത്. നിസ്വാർത്ഥമായ പൊതുജനസേവനത്തിനൊപ്പം, പാർട്ടി പ്രവർത്തകർക്ക് പ്രയാസങ്ങൾ ഉണ്ടാകുമ്പോഴും വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ അദ്ദേഹം ഓടിയെത്തും.

കേരള ജനത നെഞ്ചേറ്റിയ, ജനകീയനായ നേതാവ് എന്ന നിലയിൽ മാനുഷിക മൂല്യങ്ങൾക്ക് മറ്റെന്തിനേക്കാളും വിലകൽപിക്കുന്ന ഉമ്മൻ ചാണ്ടി ഒരു പ്രതീകമാണ്.

നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ചരിത്ര നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ജനസേവനത്തിന്റെ പാതകളിൽ കൂടുതൽ കരുത്തോടെ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ള ഊർജ്ജവും ആയുരാരോഗ്യ സൗഖ്യങ്ങളും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

×