ലോക ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിവാഹ, മരണ വീടുകൾ സന്ദർശിച്ച നേതാവ് ! മൃതദേഹത്തിന് മുമ്പിൽ നിൽക്കുമ്പോൾ മാണിസാർ ചിന്തിക്കുന്നത്. കെ എം മാണിയുടെ 3 വിജയ രഹസ്യങ്ങൾ ! പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും ഒപ്പം കൂട്ടിയതിന്റെ രഹസ്യങ്ങൾ ? കെ എം മാണി എന്ന സിദ്ധാന്തം ഇങ്ങനെ !!

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Thursday, April 9, 2020

എഡിറ്റോറിയല്‍ : കേരള രാഷ്ട്രീയത്തിന്‍റെ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമാണ് – കെ എം മാണി എന്ന അതികായനില്ലാതെ അര നൂറ്റാണ്ടിനിടയിലെ ആദ്യ വർഷം ! കേരള രാഷ്ട്രീയത്തിന് അത്രമേൽ പ്രിയങ്കരനായിരുന്നു – മാണിസാർ.

ഉമ്മൻചാണ്ടി മുതൽ കെ എസ് ശബരീനാഥൻ വരെയുള്ള സമകാലിക രാഷ്ട്രീയത്തിലെ വിവിധ തലമുറകൾക്കും ഇനി വരാനിരിക്കുന്ന രാഷ്ട്രീയ തലമുറകൾക്കും ഒരു പാഠപുസ്തകമായിരുന്നു അദ്ദേഹം.

മാണിസാർ രചിച്ച അധ്വാന വർഗ സിദ്ധാന്തവും ഏഷ്യൻ സാമ്പത്തിക സമൂഹവും ഉൾപ്പെടെയുള്ള സിദ്ധാന്തങ്ങളെക്കാൾ വലുതായിരുന്നു ‘മാണിസാർ എന്ന സിദ്ധാന്തം’ !.

ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്ന് മറ്റുള്ളവർക്ക് മുമ്പിൽ ജീവിച്ചു കടന്നുപോയ ഒരു യാഥാർഥ്യമായിരുന്നു മാണിസാർ.

ഏറ്റവും പ്രിയപ്പെട്ട സ്നേഹിതനെ നെഞ്ചോട് ചേർത്തുനിർത്തും പോലെ ഏറ്റവും വലിയ ശത്രുവിനോടും ഒരു കരുതലുണ്ടായിരുന്നു മാണി സാറിന്. അതിനാൽ തന്നെ ശത്രുവിനെ നിഗ്രഹിക്കുക എന്ന തത്വം മാണിയുടെ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.

അങ്ങനെയാണ് നാഴികയ്ക്ക് നാൽപ്പത് വട്ടം മാണിസാറിനെ ചീത്ത വിളിച്ചു നടന്ന പി സി ജോർജ്ജിനെയും അദ്ദേഹം ഒപ്പം കൂട്ടിയത്. ഒപ്പമിരുന്ന് പി സി ജോർജ്ജ് തന്നെപ്പറ്റി പുകഴ്ത്തി പറയുന്നത് കേട്ട് അദ്ദേഹം ആസ്വദിച്ചു. ശത്രുവിനെ ഇല്ലാതാക്കുകയല്ല, അവനെക്കൊണ്ടും തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു. അതായിരുന്നു മാണിസാര്‍ !

ജോസഫിന് നല്‍കിയ അഭയവും അനുഭവവും 

1979 ലെ മുഖ്യമന്ത്രി സാധ്യത മുതൽ തന്റെ മുമ്പിലെ പല വലിയ സാധ്യതകളും തട്ടിത്തെറിപ്പിച്ച പി ജെ ജോസഫിനെ അദ്ദേഹം തനിക്കൊപ്പം കൂട്ടുന്നത് ജോസഫ് ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു. അത് ജോസഫിനുള്ള ഒരു രാഷ്ട്രീയ അഭയം കൂടിയായിരുന്നു.

എന്നിട്ടും ഒപ്പം നിന്ന കാലഘട്ടത്തിൽ മാണി സാറിന് വന്ന ഒരു അവസരത്തിലും മറ്റൊരു ആപത്തിലും ജോസഫ് കൂടെ നില്‍ക്കാതെ മാണി സാറിനെ കയ്യൊഴിഞ്ഞു. ആ ഒരു വിഷമമാണ് ആകെപ്പാടെ ഒരു നേതാവിനെപ്പറ്റി മാണിസാർ പരാതി പറഞ്ഞതായി കേട്ടിട്ടുള്ളൂ.

ആ ജോസഫിനെയും അവസാനം വരെ സമവായത്തിൽ നിർത്താൻ മാണി സാറിന് കഴിഞ്ഞു. എല്ലാ വിരുദ്ധാഭിപ്രായക്കാർക്കും വിമർശകർക്കും മാണി സാറിനു മുന്നിൽ ഇടമുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസം പറഞ്ഞതിന്റെ പേരിൽ ആരെയും മാറ്റി നിർത്തില്ല, ശാസിക്കില്ല, ‘ശരിയാക്കാം .. പരിഗണിക്കാം ..’ എന്ന് തോളിൽ തട്ടി അവരോടും പറയും.

മാണി മാജിക് – 3 ഇനം !

ജനപ്രതിനിധികളെ മണ്ഡലം കാത്തുസൂക്ഷിക്കാൻ പഠിപ്പിച്ചത് മാണി സാർ ആണ്. മൂന്ന് കാര്യങ്ങളായിരുന്നു കെ എം മാണി എന്ന ജനപ്രതിനിധിയുടെ വിജയ രഹസ്യം – മണ്ഡല വികസനം, ചരമം, വിവാഹം !!

സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസനങ്ങളിൽ ഒരു വിഹിതം പാലായ്ക്ക് മാറ്റിവച്ചു. റോഡ് വികസനത്തിൽ പാർട്ടി – മുന്നണി വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കിയത് മാണിസാറിനെയാണ്.

പാലാ താലൂക്ക് ആശുപത്രിയുടെ അത്രയും സൗകര്യങ്ങൾ സംസ്ഥാനത്തെ പല ജില്ലാ ആശുപത്രികൾക്കും ഇല്ല. പാലായിലെ സബ് ട്രഷറി പോലും ജില്ലാ ട്രഷറിയാണ് .. അങ്ങനെ അനവധി ..

മറ്റ് രണ്ടു കാര്യങ്ങൾ, സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് അദ്ദേഹത്തിനുള്ള കരുതലായിരുന്നു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷത്തിലും അവരുടെ ഏറ്റവും വലിയ ദുഃഖത്തിലും തന്റെ സാന്നിധ്യം ഉണ്ടായാൽ അതവർ പിന്നീട് മറക്കില്ലെന്ന് മാണി സാർ പറയുമായിരുന്നു. തന്റെ പാർട്ടിയിലെ ജനപ്രതിനിധികളെ അദ്ദേഹം ഉപദേശിക്കുന്നതും ഇക്കാര്യങ്ങളായിരുന്നു .

യു ഡി എഫിന്റെ സമുന്നത നേതാവും മന്ത്രി മുഖ്യനും ആയിരുന്നിട്ടും പാലായിലെ ചരമ, വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ മാണി സാർ പിശുക്ക് കാട്ടിയില്ല. ഒരുപക്ഷേ ലോക ചരിത്രത്തിൽ തന്നെ ഇത്രയധികം മരണ വീടുകളും വിവാഹ ചടങ്ങുകളും സന്ദർശിച്ച മറ്റൊരു വ്യക്തി വേറെ കാണില്ല. 54 വർഷത്തെ ഒരേ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ ജീവിതത്തേക്കാൾ വലിയ റിക്കോർഡ് അതായിരിക്കും.

മരണവീട്ടിലെ സങ്കടത്തിന്‍റെ കഥ 

ഒരു മരണ വീട്ടിൽ ചെന്നാൽ മാണിസാർ ഓർക്കുക, ആ കുടുംബം തനിക്കും തന്റെ പാർട്ടിക്കും ചെയ്ത സേവനങ്ങളാകും ! തന്നെ ഈ നിലയിലാക്കിയതിൽ ഈ മനുഷ്യനും ഒരു പങ്കുണ്ടെന്നതാണ് അപ്പോൾ അദ്ദേഹത്തിൻറെ ചിന്ത. അതോർക്കുമ്പോൾ സങ്കടം വരും ! ആ സങ്കടങ്ങൾ പിന്നീട് മറ്റുള്ളവർക്ക് പറയാന്‍ ഒരു കൗതുകമായിട്ടുണ്ട് !!

വകുപ്പുകളില്‍ വ്യക്തിമുദ്ര 

ഒരു വകുപ്പ് കയ്യിൽ കിട്ടിയാൽ അവിടെ ചരിത്രത്തിൽ ഇടം നേടാൻ തന്റേതായി ‘ഒരു കാര്യം’ എന്നതായിരുന്നു കെ എം മാണി എന്ന ഭരണ തന്ത്രജ്ഞന്റെ വിജയം. ആറു മാസം വൈദ്യുതി വകുപ്പ് കൈയ്യിൽ കിട്ടിയപ്പോൾ വെളിച്ച വിപ്ലവം പ്രഖ്യാപിച്ച്, വൈദ്യുതിയില്ലാത്ത വീടുകളിലെല്ലാം വെളിച്ചമെത്തിച്ചു.

യഥാർത്ഥത്തിൽ കുടിയേറ്റക്കാരായ കോട്ടയംകാരെ ഉദ്ദേശിച്ചായിരുന്നു ആ പദ്ധതിയെന്നത് പരസ്യമായ രഹസ്യമാണ്. 12 കി. മീറ്റർ ദൂരം പോസ്റ്റ് ചുമന്നുകൊണ്ടുപോയാണ്‌ അന്ന് കെ എസ് ഇ ബി ജീവനക്കാർ ചില കുടിയേറ്റക്കാരുടെ വീടുകളിൽ വെളിച്ചമെത്തിച്ചതത്രെ !

‘കുടുംബ സ്നേഹം’ കേരള കോൺഗ്രസുകാരോട് !

കേരള കോൺഗ്രസുകാരോട് അവർ ഏത് ഗ്രൂപ്പിലായാലും ഏത് മുന്നണിയിലായാലും മാണി സാറിന് ഒരു പ്രത്യേക ‘കുടുംബ സ്നേഹം’ ഉണ്ടായിരുന്നു. ഏത് കേരളാ കോൺഗ്രസുകാരൻ വന്ന് എന്ത് കാര്യം പറഞ്ഞാലും ചെയ്ത് കൊടുക്കും. അതിനി അൽപ്പം വഴിവിട്ടാണെങ്കിലും.

അതുപോലെ ഏത് കേരളാ കോൺഗ്രസുകാരന് എന്ത് ആപത്ത് വന്നാലും അത് അദ്ദേഹത്തെയും വേദനിപ്പിക്കും. എന്താണെന്ന് അന്വേഷിക്കാനും തന്റെ സഹായം വല്ലതും വേണമോയെന്ന് ചോദിക്കാനും ആളെ പറഞ്ഞുവിടും.

ആദ്യം ചീത്ത പറഞ്ഞുനടക്കുകയും പിന്നെ ഒപ്പം കൂടുകയും പിന്നെയും പുറത്തുപോയി തന്നെ ചീത്ത പറഞ്ഞു നടക്കുകയും ചെയ്ത ആളാണ് പി സി ജോർജ്ജ്. എന്നാലും നിയമസഭയിൽ മുൻ ബഞ്ചിലിരുന്ന് ഇടത്തേക്ക് തലവെട്ടിച്ച് തിരയുന്നതിനിടെയിൽ ആദ്യം കാണുന്നത് ജോർജ്ജിനെ ആണെങ്കിലും കൈകാട്ടി അടുത്തേക്ക് വിളിക്കും.

ജോർജ്ജ് എഴുന്നേറ്റ് ചെല്ലുകയും ചെയ്യും. അടുത്തിരുത്തി ചെവിയിൽ രഹസ്യം പറഞ്ഞേൽപ്പിക്കും. അത് ജോർജ്ജായതുകൊണ്ടല്ല, ജോർജും  കേരളാ കോൺഗ്രസുകാരനാണെന്ന ഇഷ്ടം കൊണ്ടാണ്.

പറഞ്ഞതിനേക്കാള്‍ അധികം പറയാനുള്ളത്

കെ എം മാണി എന്ന അതികായനെക്കുറിച്ചെഴുതിയാൽ അത് തീരില്ല. കാരണം ചരിത്രം 54 വർഷത്തേതാണ്. റിക്കാർഡുകൾ തന്നെ ഒരു റിക്കാർഡാണ്‌. പ്രത്യേകതകൾ എണ്ണിയാൽ തീരാത്തതാണ്. അതിലുപരി അതൊക്കെ എഴുതുന്നവരേക്കാൾ അറിയുന്നത് അത് വായിക്കുന്ന അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവർക്കാണ്. എഴുതാതെ പോയ അനവധി കാര്യങ്ങൾ അവർ പറയും ! ഈ ലേഖനത്തിലും അതവർക്കായി ബാക്കി വയ്ക്കുന്നു..

മാണി സാറില്ലാത്ത ഒരു വർഷം, അത് അത്ര സുഖകരമല്ലാത്ത ഒരു നൊമ്പരം തന്നെയാണ്. ആ ഒരു വർഷം അദ്ദേഹത്തിൻറെ പാർട്ടിയിൽ സംഭവിച്ച കാര്യങ്ങളും നൊമ്പരം തന്നെ.

അദ്ദേഹത്തെ ഇല്ലാതാക്കാൻ നടന്നവരുടെ അനുസ്മരണ നാടകങ്ങളാണ് ഈ ദിവസത്തെ ഏറ്റവും വലിയ തമാശ. നിഴലായി ഒപ്പം നടന്നവരുടെ തനിനിറം കാണാതെ കണ്ണടച്ചു എന്നതാണ് മാണി സാറിന്റെ അവസാന ഭാഗ്യമെന്ന് പിന്നീടാരോ പാലായിൽ പറഞ്ഞത് ശരിയെന്ന് തോന്നുന്നു.

മായ്ക്കാനാകാത്ത മുദ്രകൾ നാടിനു സമ്മാനിച്ച അതികായന് പ്രണാമം..

  • എഡിറ്റര്‍ 
×