ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സെപ്റ്റംബറില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

1928ല്‍ ജുനഗഡില്‍ ജനിച്ച അദ്ദേഹം, 1945ല്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്നു.

ആറ് തവണ ഗുജറാത്ത് നിയമസഭയിലെത്തിയ പട്ടേല്‍, മൂന്നുതവണ മുഖ്യമന്ത്രിയായി. 2012ല്‍ നേതൃത്വവുമായി തെറ്റി ബിജെപി വിട്ട അദ്ദേഹം ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത തോല്‍വി ഏറ്റുവാങ്ങി.

പിന്നീട് മഹാഗുജറാത്ത് പാര്‍ട്ടിയുമായി ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയെ ലയിപ്പിച്ചു. 2014ല്‍ ബിജെപിയിലേക്ക് തിരിച്ചെത്തി.

×