നയിക്കാന്‍ ശൈലജ ടീച്ചര്‍ – മന്ത്രിസഭ പുനസംഘടിപ്പിച്ച് പ്രതിഛായ മിനുക്കലിന് സാധ്യത ? 5 കളങ്കിത മന്ത്രിമാര്‍ തെറിച്ചേക്കും ! പകരക്കാരായി സുരേഷ് കുറുപ്പ് മുതല്‍ വികെ പ്രശാന്ത് വരെ ! പിണറായി മാറിയാല്‍ …? 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: അകപ്പെട്ട കേസുകള്‍ അധോലോകസംബന്ധമാണ്; കള്ളക്കടത്തും മയക്കുമരുന്നും ! പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ സ്വര്‍ണക്കടത്തുകേസില്‍ പങ്കാളിയായി എന്ന ആരോപണത്തിലാണ് എം ശിവശങ്കര്‍ അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ 2 ഉന്നതരും 2 മന്ത്രിമാരും അന്വേഷണ ഏജന്‍സികള്‍ക്കുമുന്‍പില്‍ സംശയത്തിന്‍റെ നിഴലിലാണ്. മുഖ്യമന്ത്രി ആരോപണങ്ങളുടെ നിഴലിലും.

മുഖ്യനും സര്‍ക്കാരും കസ്റ്റഡിയില്‍ ?

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ സര്‍ക്കാരും മുഖ്യമന്ത്രിയും ആരോപണങ്ങളുടെ കസ്റ്റഡിയില്‍ തന്നെയാണ്. സംസ്ഥാനം ഉടന്‍ 2 തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ സിപിഎം ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

ഉടന്‍ വരുന്നത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പാണ്. തൊട്ടുപിന്നാലെ നിയമസഭാ തെര‍ഞ്ഞെടുപ്പും. കേരളത്തില്‍ ഭരണത്തിനെതിരായ വികാരം അലയടിക്കുമ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൂടിയേതീരൂ എന്ന നിലപാടിലാണ് സിപിഎമ്മില്‍ ഒരു വിഭാഗം.

ഭരണം അവസാനിക്കാന്‍ ആറു മാസങ്ങള്‍ മാത്രമേയുള്ളു എന്നതാണ് സിപിഎമ്മിനു മുമ്പിലുള്ള വലിയ പ്രതിസന്ധി. മുഖ്യമന്ത്രി ഉള്‍പ്പെടെ മാറി ഭരണം പുതിയ ടീമിനെ ഏല്‍പിച്ച് പ്രതിഛായ മിനുക്കാന്‍ പ്രാപ്തമായ കാലാവധി സര്‍ക്കാരിനു മുമ്പിലില്ല.

എങ്കിലും അത്തരം സാധ്യതകള്‍പോലും ആലോചിക്കാന്‍ തയ്യാറാകണമെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്.

ശൈലജ നയിക്കുമോ ? 

മന്ത്രി കെകെ ശൈലജയെ മുഖ്യമന്ത്രിയാക്കി ആരോപണവിധേയരായ മന്ത്രിമാരെ മുഴുവന്‍ മാറ്റിനിര്‍ത്തി കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സിപിഎം ആലോചിച്ചേക്കും. അങ്ങനെയെങ്കില്‍ മികച്ച റിസള്‍ട്ട് സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ക്കും പടിയിറങ്ങേണ്ടിവരും.

മാറുന്നവരും പകരക്കാരും

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇപി ജയരാജന്‍, കെടി ജലീല്‍, തോമസ് ഐസക്, എസി മൊയ്തിന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരൊക്കെ ഒഴിവാക്കപ്പെട്ടേക്കാം. പകരം കെ സുരേഷ് കുറുപ്പ്, രാജു എബ്രാഹം, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച വികെ പ്രശാന്ത്, ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സജി ചെറിയാന്‍, എ പ്രദീപ് കുമാര്‍ എന്നിവരെ പരിഗണിച്ചേക്കും.

രാജിക്കാര്യത്തിലെ ആശങ്കകള്‍ !

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശിവശങ്കര്‍ അറസ്റ്റിലായാല്‍ അന്നുതന്നെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപാട് സ്വര്‍ണക്കടത്തിന്‍റെ ആദ്യഘട്ടത്തില്‍ സിപിഎമ്മിനുണ്ടായിരുന്നു.

എന്നാല്‍ കേസന്വേഷണം നീണ്ടുപോയതും സര്‍ക്കാരിന്‍റെ അവശേഷിക്കുന്ന കാലയളവ് വീണ്ടും കുറഞ്ഞതും നിലപാട് പുനരാലോചിക്കുന്നതിന് കാരണമാണ്. മാത്രമല്ല, ഇപ്പോള്‍ രാജിയുണ്ടായാല്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുവെന്ന പ്രചരണം ഉണ്ടാകുമോ എന്ന സംശയവും സിപിഎമ്മിനുണ്ട്.

കൊടിയേരി മാറില്ല !

മകന്‍ അറസ്റ്റിലായതിന്‍റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാകും പാര്‍ട്ടി സ്വീകരിക്കുക.

മക്കളുടെ ചെയ്തികളുടെ ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാകും പാര്‍ട്ടി സ്വീകരിക്കുക. പക്ഷേ സര്‍ക്കാരിന്‍റെ കാര്യത്തില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും. അങ്ങനെ നിന്നാല്‍ അതു നേട്ടമാണോ കോട്ടമാണോ എന്നതൊക്കെ ആലോചനയിലാണ്.

 

 

 

 

×