ഇഡിയുടേത് ഇരട്ട പ്രഹരം ! ബിനീഷ് അകത്തായപ്പോള്‍ കൊടിയേരി പുറത്താകുമോ ? പാര്‍ട്ടി സെക്രട്ടറി പദവി ഒഴിയാനാലോചിച്ച് കൊടിയേരി !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളുരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയാകും സൃഷ്ടിക്കുക. നേരത്തെ ഈ കേസില്‍ ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തന്നെ അതിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി വലിയ പാടുപെട്ടിരുന്നു.

മയക്കുമരുന്നു കേസില്‍ പ്രതികളായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് നിസാരമായ ഒരു പ്രവര്‍ത്തിയായി കരുതാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തിപരമായി ബിനീഷ് കോടിയേരി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും അത്ര ലളിതമാകില്ല കാര്യങ്ങള്‍.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ച സേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടിക്കുണ്ടായ ഇരട്ട പ്രഹരമാണിതെന്നു നിസംശയം പറയാം.

പാര്‍ട്ടി സെക്രട്ടറിയുടെ മകന് വഴിവിട്ട ബന്ധങ്ങളുണ്ടായതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് അല്ല എങ്കിലും ഇതിന്റെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കോടിയേരിക്ക് കഴിയില്ല.

കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിടയില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ മാറി നില്‍ക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തന്നെ ബിനീഷും, ബിനോയിയും പര്‍ട്ടിക്കും സര്‍ക്കാരിനും പലവട്ടം തലവേദന സൃഷ്ടിച്ചതാണ്.

വ്യക്തിപരമായ ഉത്തരവാദിത്വം എന്നു പറഞ്ഞ് പാര്‍ട്ടി സെക്രട്ടറിക്ക് ഒരിക്കലും ബിനീഷിന്റെ വിഷയത്തില്‍ ഒഴിഞ്ഞുമാറാനാവില്ല. പാര്‍ട്ടി അംഗമല്ലെങ്കിലും എല്ലാ പരിപാടികളിലും ബിനീഷ് പങ്കെടുത്തിരുന്നു. പലപ്പോഴും പരിപാടികളുടെ മുഖ്യസംഘാടകനായും ബിനീഷിനെ കാണാന്‍ കഴിയുമായിരുന്നു.

ബിനീഷിന്റെ പല ബിസിനസ് ഇടപാടുകളും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന നിലയിലുണ്ടാക്കിയ ബന്ധത്തില്‍ തന്നെയാണ്. അത്തരമൊരു സ്വാധീനമോ, ബന്ധമോ ഇല്ലെങ്കില്‍ ബിനീഷിന് ഈ വിവാദ ഇടപാടില്‍ പങ്കാളിത്തമുണ്ടാകാന്‍ സാധ്യത കുറവാണ്.

അതുകൊണ്ടുതന്നെ തന്റെ പിതാവിന്റെ പദവിയും സ്വാധീനവും ബിനീഷ് ഉപയോഗിച്ചു എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

ഇതിന് കൃത്യമായ വിശദീകരണം നല്‍കാനാകും കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് മുന്നില്‍ ബുദ്ധിമുട്ടുക. ഒരു ഘട്ടത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാന്‍ പോലും സാധ്യതയുണ്ട്.

 

×