മരിക്കുമ്പോൾ രണ്ടാളും കൈകോർത്തു പിടിച്ചിരുന്നു പോലും, ഇതു അതു തന്നെ, ഉറപ്പിച്ചു മൂന്നു തരം”; കൊല്ലം സ്വദേശിനികളായ യുവതികളുടെ മരണത്തില്‍ അപവാദം പറയുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി യുവ അധ്യാപികയുടെ കുറിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, November 18, 2020

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിനികളായ യുവതികള്‍ മൂവാറ്റുപുഴയാറ്റില്‍ ചാടി ജീവനൊടുക്കിയത്. തീവ്രമായ സൗഹൃദത്തിലായിരുന്ന ഇരുവരും വിവാഹത്തെ തുടര്‍ന്ന് പിരിയേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരുടെയും സൗഹൃദത്തിലും അപവാദം പറയുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഡോ അനൂജ ജോസഫിന്റെ കുറിപ്പ് വായിക്കാം…

കൊല്ലം ആയൂർ സ്വദേശിനികളായ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യയും തുടർസംഭവങ്ങളുമാണ് ഈ ഒരു കുറിപ്പെഴുതുന്നതിന് നിദാനം.21വയസ്സുള്ള അമൃതയും ആര്യയും എന്തിനായിരുന്നു, അല്ലെങ്കിൽ മരിക്കാൻ മാത്രം എന്തായിരുന്നു അവരുടെ വിഷയം. ഇതാലോചിച്ചിട്ടു ഉറക്കമില്ലാത്ത പോലെ തോന്നി പലരുടെയും അഭിപ്രായപ്രകടനം കാണുമ്പോൾ!

“ഇതു മറ്റേതു തന്നെ, ലെസ്ബ്, പിന്നല്ലാതെ, ഇതിനൊക്കെ എന്തിന്റെ കേടാണോ എന്തോ,
മരിക്കുമ്പോൾ രണ്ടാളും കൈകോർത്തു പിടിച്ചിരുന്നു പോലും, ഇതു അതു തന്നെ
ഉറപ്പിച്ചു മൂന്നു തരം”,

രണ്ടു പേരുടെ ജീവൻ നഷ്‌ടപ്പെട്ടതല്ല ഇവിടെ വിഷയം, അവരുടെ സുഹൃദ് ബന്ധത്തിൽ ലെസ്ബ്, ലെസ്ബ് എന്നു മുറവിളി കൂട്ടുന്ന കപട സദാചാര വാദികളോടായിട്ടു
“നിന്റെയൊക്കെ മനസ്സിലെ കുഷ്‌ടം മറ്റുള്ളവരുടെ മേൽ എന്തിനാ അടിച്ചേല്പിക്കുന്നെ,
ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സിൽ, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു,

“കാമം”
അതിനപ്പുറത്തേക്ക് ബന്ധങ്ങൾക്ക് യാതൊരു വിലയുമില്ലേ”

ഉറ്റ സുഹൃത്തുക്കൾ, പിരിയാൻ കഴിയാത്ത വിധമുള്ള സ്നേഹം, അതിൽ ഒരു കലർപ്പില്ലാന്ന് ഉറപ്പിച്ചു പറയാം, ഉണ്ടായിരുന്നേൽ കപടതയുടെ മുഖം മൂടി ധരിച്ചു അവർ നടന്നേനെ, ഏറെ വിഷമം തോന്നിയത്

“ആരും ആരെയും പിരിയുന്നില്ല, കാലം കുറച്ചു മുന്നോട്ടാകുമ്പോൾ ഈ വേർപാടൊക്കെ സുഖമുള്ള ഓർമകളായി മാറുമെന്നും” പറഞ്ഞു കൊടുക്കാൻ ഒരാൾ ഇല്ലാതായി പോയല്ലോ അന്നേരം!

വർഷങ്ങൾക്ക് മുൻപുള്ള എന്റെ ഡിഗ്രി പഠന കാലം ഓർമ വരുന്നു, നാലു കൊല്ലം ഹോസ്റ്റലിൽ നിന്നായിരുന്നു പഠനമത്രയും, ആ കാലയളവിൽ കിട്ടിയ ഉറ്റ സുഹൃത്തുക്കളെ പിരിയാൻ കഴിയില്ലെന്ന് തോന്നിയ ദിനങ്ങൾ, അവസാന സെമെസ്റ്റർ ആ വേദനയിൽ ആയിരുന്നു ഞങ്ങൾ,
കുറച്ചു നാളുകൾക്കിപ്പുറം പലരും കുടുംബമായി തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറിയപ്പോൾ, മുൻപത്തെ, പിരിയാൻ നേരമുള്ള ഞങ്ങളുടെ ആ കരച്ചിൽ സീൻ ഒക്കെ ഓർത്തു ഇന്നും ചിരിക്കാറുണ്ട്.

അന്നത്തെ ആ മണ്ടത്തരങ്ങളും ചിന്തകളും ആലോചിച്ചിട്ട്, കാലങ്ങൾ കഴിയുമ്പോൾ ഇതൊക്കെ വെറും തമാശകളായി മാറുമെന്നതാണ് വാസ്തവം, നിർഭാഗ്യവാശാൽ, ഈ കാര്യങ്ങളൊക്ക പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഒരാളും ആ കുട്ടികൾക്കില്ലാതെ പോയി.

ചിലപ്പോഴൊക്കെ വിവേകത്തിനു പകരം ഇമോഷണൽ ആയി പലരും മാറും, ആ സമയം അവരെടുക്കുന്നത് തെറ്റായ തീരുമാനങ്ങൾ ആയിരുന്നാലും അതുമായി മുന്നോട്ടു പോകും. അത്തരത്തിൽ ഒരു അവിവേകം ആയിട്ടേ മേൽപ്പറഞ്ഞ സംഭവത്തെ കാണാൻ കഴിയു.

നമ്മുടെ കുട്ടികളുടെ സൗഹൃദങ്ങളെ എല്ലാം മോശമാണെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ നിലപാട് നല്ലതല്ല. മാറാല പിടിച്ച മനസ്സിനെ ആദ്യം ചികിൽസിക്കു, അല്ലെങ്കിൽ കാണുന്ന എല്ലാറ്റിലും മോശം പറയുന്നതായി തീരും സ്വഭാവം.ഇവിടെ രണ്ടു കുടുംബങ്ങളിൽ അവർക്കുണ്ടായ നഷ്‌ടം നികത്താൻ ആർക്കും കഴിയില്ല

×