ക്ലാവറിന് പകരം വെച്ചത് ഇസ്‌പേഡ്: തര്‍ക്കം മൂത്തപ്പോള്‍ സുഹൃത്തിനെ കോടാലിക്ക് വെട്ടിക്കൊന്നു : കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, October 22, 2020

കോട്ടയം : ചീട്ടുകളിയിലെ കള്ളക്കളിയാണ് സുഹൃത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തില്‍ രാമഭദ്രന്‍ (78) കൊല്ലപ്പെട്ടത്. രാമഭദ്രന്റെ സുഹൃത്തായ തണ്ണിപ്പാറ തെങ്ങുപള്ളി ജോര്‍ജുകുട്ടിയെ (വര്‍ഗീസ് 61) കമ്ബംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജോര്‍ജുകുട്ടിയുടെ വീട്ടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. ചീട്ടുകളികളിക്കിടെ ജോര്‍ജുകുട്ടി നടത്തിയ കള്ളക്കളി രാമഭദ്രന്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കു നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. റമ്മികളിയില്‍ ക്ലാവര്‍ ചിഹ്നത്തിനു പകരം ഇസ്‌പേഡ് വച്ചതില്‍ തര്‍ക്കം മൂത്തതോടെയാണ് കൂട്ടുകാരനെ കോടാലി കൊണ്ട് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.

രാത്രിയില്‍ ഇരുവരും വാറ്റുചാരായം കുടിച്ചശേഷം റമ്മികളി ആരംഭിച്ചു. കളിക്കിടെ ജോര്‍ജുകുട്ടി ചീട്ട് മാറ്റി. ഇതു രാമഭദ്രന്‍ ചോദ്യം ചെയ്തു. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ കോടാലി ഉപയോഗിച്ചു വെട്ടിയ ശേഷം രാമഭദ്രന്റെ വാരിയെല്ലു ചവിട്ടി ഒടിക്കുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം ജോര്‍ജുകുട്ടി സമീപത്തെ സഹോദരന്റെ വീട്ടിലെത്തി. രക്തമൊലിച്ചു നിന്ന ജോര്‍ജുകുട്ടിയെ സഹോദരന്‍ തൂക്കുപാലത്തെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. ഈ സമയത്താണ് രാമഭദ്രനെ കൊലപ്പെടുത്തിയ കാര്യം ജോര്‍ജുകുട്ടി സഹോദരനോട് പറയുന്നത്. സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാറ്റ് ചാരായവും പൊലീസ് പിടികൂടിയിരുന്നു.

×